കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകർക്കായി ഹജ് ഹൗസും കരിപ്പൂർ വിമാനത്താവളവും ഒരുങ്ങി. ഹജ് ഹൗസിന് മുമ്പിൽ 1500 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് ഒരുക്കിയത്. ഹജ് ക്യാമ്പിന്റെയും വനിതാ ഹജ് ടെർമിനൽ ബ്ലോക്കിന്റെയും പ്രവൃത്തി ഉദ്ഘാടനം ഈ മാസം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 50 പേർക്ക് ഇരിക്കാവുന്ന വലിയ വേദിയും, തീർഥാടകർക്കും പൊതുജനങ്ങളും ഇരിക്കാൻ വ്യത്യസ്ത സ്ഥലവും പന്തലിലുണ്ട്. ജൂലൈ ഏഴിനുള്ള ആദ്യ വിമാനത്തിലെ തീർഥാടകർ രാവിലെ ഒമ്പതിനും 11 മണിക്കും ഇടയിൽ ഹജ് ക്യാമ്പിൽ രജിസ്റ്റർ ചെയ്യണം. രണ്ടാമത്തെ വിമാനത്തിൽ പോകേണ്ടവർ രാവിലെ 11നും ഉച്ചക്ക് ഒരു മണിക്കും ഇടയിൽ പേര് രജിസ്റ്റർ ചെയ്യണം. ശേഷിക്കുന്ന ദിവസങ്ങളിലെ തീർഥാടകർക്ക് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ റിപ്പോർട്ട് ചെയ്യാൻ സമയമുണ്ട്.
ഹജ് സെല്ല് അഞ്ചിന് തുടങ്ങും
കൊണ്ടോട്ടി- സംസ്ഥാന ഹജ് ക്യാമ്പിൽ ഹജ് സെല്ല് അഞ്ച് മുതൽ തുടങ്ങും. ഹജ് ക്യാമ്പിൽ ആദ്യം പ്രവർത്തിക്കുന്നത് ഹജ് സെല്ല് വിഭാഗമാണ്. വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന 55 സർക്കാർ ഉദ്യോഗസ്ഥരെയാണ് ഇവിടെ ഡെപ്യൂട്ടേഷനിൽ നിയമിച്ചത്. ഇവർ തീർഥാടകരുടെ പാസ്‌പോർട്ടുകളും രേഖകളും വേർതിരിച്ചെടുക്കും.
നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന തീർഥാടകരുടെ പാസ്‌പോർട്ടുകളും കരിപ്പൂരിൽ നിന്നാണ് വേർതിരിച്ചെടുത്ത് ക്യാമ്പിലെത്തിക്കുക. ജൂലൈ 14 മുതലാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ് സർവീസുകൾ.
ഹജ് ഹൗസിൽ തീർഥാടകർക്ക് വിശ്രമിക്കാനും പ്രാർഥിക്കാനും, ഭക്ഷണത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ആംബുലൻസ് ഉൾപ്പെടെയുള്ള ആരോഗ്യ സേവകരും രംഗത്തുണ്ടാവും. പോലീസും അഗ്നിശമന സേനയും ക്യാമ്പ് കഴിയും വരെ പ്രവർത്തിക്കും. വനിതകൾ ഉൾപ്പെടെ തീർഥാടകരെ സഹായിക്കാൻ സേവന സജ്ജരായ 300 വളണ്ടിയർമാരാണ് ഹജ് ക്യാമ്പിലുണ്ടാവുക. ഇവരിൽ 70 പേർ വനിതകളാണ്. ഹജ് ക്യാമ്പിന് പുറമെ വിമാനത്താവളത്തിലും ഇവരുടെ സേവനം ലഭ്യമാകും.
കരിപ്പൂർ വിമാനത്താവളത്തിൽ പഴയ അന്താരാഷ്ട്ര ആഗമന ഹാളാണ് ഹജ് ടെർമിനലായി മാറ്റിയിരിക്കുന്നത്. ഇരിക്കാനും വിശ്രമിക്കാനും പ്രാർഥിക്കാനും പ്രത്യേകം ഇടം ടെർമിനലിലുണ്ട്. തീർഥാടർക്കുള്ള സംസം ജലം നേരത്തെ എത്തുന്നതിനാൽ ഇവ സൂക്ഷിക്കാൻ പ്രത്യേക സ്ഥലം എയർപോർട്ട് അനുവദിച്ചിട്ടുണ്ട്.
ഹജ് വിമാനങ്ങൾ നിർത്തിയിടാൻ പാർക്കിംഗ് ഏരിയയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് വലിയ വിമാനങ്ങൾ നിർത്തിയിടാനുളള സൗകര്യമാണ് ഒരുക്കിയത്. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവുവുമായി ചർച്ച നടത്തി. ഹജ് ക്യാമ്പ് കൺവീനർ പി.അബ്ദുറഹ്മാൻ, ഹജ് അസി. സെക്രട്ടറി ടി.കെ അബ്ദുറഹ്മാൻ തുടങ്ങിയവരും സംബന്ധിച്ചു. കേരളത്തിൽ നിന്ന് ഇതുവരെയായി 13,472 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ 2730 പേർ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയും ശേഷിക്കുന്നവർ മുഴുവൻ കരിപ്പൂരിൽ നിന്നുമാണ് പോവുക.