കോഴിക്കോട്- പട്ടാപ്പകല്‍ അഞ്ചു വയസ്സായ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറമ്പത്ത് അങ്ങാടിക്ക് പടിഞ്ഞാറു ഭാഗത്ത് തനിയാടത്ത് പള്ളിക്കു സമീപത്തു വെച്ചാണ് മിഠായി കാണിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപകോകാന്‍ ശ്രമം നടന്നത്.
രാവിലെ 11.45 ഓടെ റോഡിലൂടെ നടന്നുവരികയായിരുന്ന കുട്ടികള്‍ക്കു സമീപം മഹീന്ദ്ര എസ്‌യുവി വാഹനം നിര്‍ത്തുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഒരാള്‍ കുട്ടികളെ മിഠായി കാണിച്ച് കാറിലേക്ക് വിളിക്കുകയായിരുന്നു. കുട്ടികള്‍ അതു വാങ്ങാതെ തിരിഞ്ഞോടി. ഇത് ശ്രദ്ധയില്‍പെട്ട സമീപത്തുള്ളയാള്‍ വാഹനത്തിനടുത്തേക്ക് വരുന്നതിനിടെ വാഹനം പെട്ടെന്ന് തിരിച്ചുപോകുകയായിരുന്നു. രജിസ്‌ട്രേഷനില്ലാത്ത വാഹനവുമായാണ് എത്തിയത്.
സമീപത്തെ പാലോറമല ജംഗ്ഷനിലെ കാര്‍ വര്‍ക്ക് ഷോപ്പിന്റെ സിസിടിവിയിലും വാഹനം കടന്നുപോകുന്നതായി പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. അതേ സമയം നമ്പറില്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എലത്തൂര്‍ പോലീസിന്റെ വിശദീകരണം.
കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതായും ജാഗ്രത പാലിക്കണമെന്നും പ്രദേശത്തുള്ളവര്‍ വാട്‌സ്ആപ് വഴിയും മറ്റു സമൂഹമാധ്യമങ്ങള്‍ വഴിയും വ്യാപകമായ മുന്നറിയിപ്പ് പ്രചാരണം നല്‍കുന്നുണ്ട്.