Sorry, you need to enable JavaScript to visit this website.

കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ഒരു വര്‍ഷംമുമ്പ് കാണാതായ യുവാവിന്റേത്

കണ്ണൂര്‍ - നഗരമധ്യത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം താഴെ ചൊവ്വ ജയ നവാസില്‍ ജിതിന്റെ(24)താണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ഒരു വര്‍ഷമായി യുവാവിനെ കാണാനില്ലായിരുന്നു. ശിരസ്സില്ലാത്ത മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ കണ്ടെത്തിയത്. എട്ടു മണിക്കൂറോളം വെള്ളം പമ്പു ചെയ്തിട്ടും തല കണ്ടെത്താനായില്ല. പിന്നീട് കിണറ്റില്‍ മുങ്ങിത്തപ്പിയപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. അവിടെത്തിയാണ് ബന്ധുക്കള്‍ വസ്ത്രങ്ങളും പഴ്‌സും അടക്കമുള്ളവ വെച്ച് ആളെ തിരിച്ചരിഞ്ഞത്.
പള്ളിക്കുന്നില്‍ താമസിച്ചിരുന്ന ജിതിന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ ഒമ്പതിനാണ് വീട്ടില്‍ നിന്ന് ബൈക്കില്‍ പുറത്തേക്കു പോയത്. തിരിച്ചെത്താന്‍ വൈകുമെന്ന് ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവരമെ#ാന്നും ലഭിച്ചില്ല.
ജിതിന്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിലും ആളെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ജിതിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ താക്കേല്‍ ഉണ്ടായിരുന്നില്ല. ഈ താക്കോല്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. ഇതും ആളെ തിരിച്ചറിയാന്‍ സഹായകമായി.
മൃതദേഹത്തില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പോലീസ് വിശദ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ ഇത്  ജിതിന്റെതാണെന്ന് തിരിച്ചറിഞ്ഞു. തലയോട്ടിയുടെ പരിശോധനയില്‍ മുന്‍ വരിയിലെ പല്ലിന്റെ ആകൃതിയും ആളെ തിരിച്ചറിയാന്‍ സഹായകമായി. മൃതദേഹം കാണപ്പെട്ട കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സാമൂഹ്യ വിരുദ്ധരുടെയും ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെയും താവളമാണ്. യുവാവ് അബദ്ധത്തില്‍ കിണറ്റില്‍ വീണതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവൂ.

 

 

Latest News