റിയാദ് - അബഹ എയര്‍പോര്‍ട്ടിനുനേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ യു.എ.ഇയും ബഹ്‌റൈനും അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും നിരക്കാത്ത ആക്രമണത്തെ യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ കാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു.
യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഈ ആക്രമണം തുരങ്കം വെക്കുന്നു. സൗദി അറേബ്യക്കൊപ്പം യു.എ.ഇ നിലയുറപ്പിക്കും. രാജ്യരക്ഷയും ഭദ്രതയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവന്‍ നടപടികള്‍ളെയും ഹൂത്തി ഭീകരതയും തീവ്രവാദവും ചെറുക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെയും പൂര്‍ണമായും പിന്തുണക്കും.
ആക്രമണത്തെ ബഹ്‌റൈനും രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മേഖലയില്‍ സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിനും ഭീകരത ചെറുക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന മുഴുവന്‍ ശ്രമങ്ങളെയും ബഹ്‌റൈന്‍ പിന്തുണക്കുന്നു. രാജ്യരക്ഷയും ഭദ്രതയും തകര്‍ക്കുന്നതിന് ശ്രമിക്കുകയും രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമെതിരെ സൗദി അറേബ്യയോട് ബഹ്‌റൈന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഡ്രോണ്‍ ആക്രമണത്തെ സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ അബീസൈദും അപലപിച്ചു. നിരപരാധികളായ സാധാരണക്കാര്‍ക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യു.എസ് അംബാസഡര്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ നിര്‍ത്തിവെക്കണമെന്നും ജോണ്‍ അബീസൈദ് ആവശ്യപ്പെട്ടു.
അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനു നേരെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി സ്ഥിരീകരിച്ചു. എട്ടു സ്വദേശികള്‍ക്കും ഒരു ഇന്ത്യക്കാരനുമാണ് പരിക്കേറ്റത്. പുലര്‍ച്ചെ 12.35 ന് ആണ് എയര്‍പോര്‍ട്ടിനുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. കാര്‍ പാര്‍ക്കിംഗിലാണ് ഡ്രോണ്‍ പതിച്ചത്.
സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഹൂത്തികള്‍ തുടരുകയാണെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. ഇത് യുദ്ധക്കുറ്റകൃത്യമാണ്. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഹൂത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. പുതിയ ഇനം ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ യു.എന്‍ രക്ഷാസമിതി 2216, 2231 പ്രമേയങ്ങള്‍ ലംഘിച്ച് ആയുധങ്ങള്‍ നല്‍കി ഹൂത്തികള്‍ക്കുള്ള പിന്തുണ ഇറാന്‍ തുടരുന്നതിനും തെളിവാണ്. ഇത്തരം ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സംരക്ഷണം നല്‍കുന്നതിന് ഹൂത്തികള്‍ക്കെതിരെ കടുത്ത നടപടികള്‍ സഖ്യസേന സ്വീകരിക്കുമെന്നും ഈ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത ഭീകരരോട് കണക്കു ചോദിക്കുമെന്നും കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
ഒരു മാസത്തിനിടെ അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം 23 ന് രാത്രി അബഹ എയര്‍പോര്‍ട്ടിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ സിറിയക്കാരന്‍ കൊല്ലപ്പെടുകയും നാലു ഇന്ത്യക്കാര്‍ അടക്കം 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്നും വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിംഗിലായിരുന്നു ആക്രമണം. കഴിഞ്ഞ മാസം 12 ന് പുലര്‍ച്ചെ അബഹ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരി അടക്കം 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു മാസത്തിനിടെ നിരവധി തവണ അബഹയും ഖമീസ് മുശൈത്തും നജ്‌റാനും ജിസാനും ലക്ഷ്യമിട്ടും നജ്‌റാന്‍, ജിസാന്‍ എയര്‍പോര്‍ട്ടുകള്‍ ലക്ഷ്യമിട്ടും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചിരുന്നു.
കഴിഞ്ഞ മാസം മധ്യത്തില്‍ റിയാദ് പ്രവിശ്യയില്‍ പെട്ട അഫീഫിലും ദവാദ്മിയിലും എണ്ണ പൈപ്പ്‌ലൈനിലെ പമ്പിംഗ് നിലയങ്ങള്‍ക്കു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഏഴു ഡ്രോണുകള്‍ ഉപയോഗിച്ചാണ് അന്ന് ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയത്. റിയാദും മക്കയും യാമ്പുവും ഖമീസ് മുശൈത്തും തായിഫും ലക്ഷ്യമിട്ട് നിരവധി തവണ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ക്കും ഹൂത്തികള്‍ ശ്രമിച്ചിട്ടുണ്ട്.