തിരുവനന്തപുരം- കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ വനിത ലിസയെ കാണാതായ സംഭവത്തില്‍ പോലിസ് ഇന്റര്‍പോളിന്റെ സഹായം തേടി. ലിസയുടെ മതാവുമായി വിഡിയോ കോണ്‍ഫറന്‍സിങ് നടത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പോലിസ് അന്വേഷണം നടത്തി വരികയാണ്. കൊല്ലം അമൃതപുരിയിലേക്ക് പോകാനാണ് എത്തിയതെന്നാണ് വിമാനത്താവളത്തിലെ രേഖകളിലുള്ളതെങ്കിലും അമൃതപുരിയില്‍ എത്തിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് ദിവസം മുന്‍പാണ് ലിസ വെയ്‌സിനെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ലിസയുടെ മാതാവ് കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജര്‍മന്‍ കോണ്‍സുലേറ്റ് ഡി.ജി.പിയെ അറിയിക്കുകയായിരുന്നു. മാര്‍ച്ച് ഏഴ്‌ന് ലിസ വെയ്‌സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന യു.എസ് പൗരന്‍ മുഹമ്മദലി നാട്ടിലേക്ക് മടങ്ങയതായും കണ്ടെത്തി.
അതിനിടെ, കാണാതായ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സ് കോവളത്തെത്തിയതായി സൂചനയുണ്ട്. മൂന്ന് മാസംമുമ്പ് ചിത്രത്തിലുള്ള വിദേശ സ്ത്രീ കോവളത്ത് കടല്‍തീരത്തോട് ചേര്‍ന്നുള്ള ഹോട്ടലില്‍ എത്തിയതാണ് ഉടമയും ജീവനക്കാരും മൊഴിനല്‍കിയത്. നാലുമണിക്കൂറോളം ഹോട്ടലിലെ റെസ്റ്റോറന്റില്‍ ചെലവഴിച്ച ഇവര്‍ മുറിയെടുക്കാതെ മടങ്ങി. ഒരാള്‍കൂടി ഒപ്പമുണ്ടായിരുന്നതായി ഉടമയും ജീവനക്കാരും പറഞ്ഞു.
കോവളം മുതല്‍ പൂവാര്‍ വരെയുള്ള തീരദേശ വിനോദസഞ്ചാര മേഖലയിലും പരിശോധന നടത്തും. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധിക്കും. വര്‍ക്കല, ഗുരുവായൂര്‍, കൊല്ലം എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലും പോലീസ് എത്തിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഇളങ്കോവന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിനാണ് ചുമതല.