Sorry, you need to enable JavaScript to visit this website.

പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ സ്ഥലത്തെ തടയണ പൊളിച്ചു; വെള്ളം തുറന്നുവിട്ടു

ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ കോടതി ഉത്തരവിനെ തുടര്‍ന്നു തുറന്നുവിട്ടപ്പോള്‍.

നിലമ്പൂര്‍- പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചു കെട്ടിനിര്‍ത്തിയിരുന്ന വെള്ളം തുറന്നുവിട്ടു. നാലുമീറ്റര്‍ വീതിയില്‍ ഉണ്ടാക്കിയ തോടിലൂടെയാണ് കെട്ടി നിര്‍ത്തിയ വെള്ളം തുറന്നുവിട്ടത്.

 

തടയണ പൊളിക്കുന്ന പ്രവൃത്തി സംബന്ധിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 മുതലാണ് ഏറനാട് തഹസില്‍ദാര്‍ പി.ശുഭന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഇവിടെ തടയണ പൊളിക്കാന്‍ തുടങ്ങിയത്. ആദ്യ ദിവസം രണ്ടു മണ്ണുമാന്ത്രി യന്ത്രമാണുപയോഗയിച്ചിരുന്നത്. പിന്നീടത് മൂന്നു യന്ത്രമാക്കി പ്രവൃത്തിയുടെ വേഗത വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ചില ദിവസങ്ങളില്‍ മഴയെത്തിയത്  വേഗത കുറച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ നാലു മീറ്റര്‍ വീതിയില്‍ നിര്‍മിച്ച തോടിലൂടെ കെട്ടി നിര്‍ത്തിയിരുന്ന വെള്ളം തുറന്നു വിട്ടുതുടങ്ങി.

ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ വീതിയിലുള്ള ഒരു ചെറിയ തോടാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതിന്റെ ആഴവും വീതിയും കൂട്ടിയാണ് ഇപ്പോള്‍ നാലുമീറ്റര്‍ ആക്കിയത്. ചില സ്ഥലങ്ങളില്‍ നാലര മീറ്റര്‍ വരെ വീതിയുണ്ട്. സ്ഥലത്തെ ചെളിയും മറ്റും നീക്കിയാല്‍ എത്ര വെള്ളം കെട്ടി നില്‍ക്കുന്നുവെന്നത് കൃത്യമായി അറിയാനാകും. കോടതി ഉത്തരവ് വന്നതിനു ശേഷമുള്ള ഇത്ര ദിവസം കൊണ്ടു എത്ര ജോലി ചെയ്തു തീര്‍ത്തുവെന്നും ഇനി ജോലി തീര്‍ക്കാന്‍ എത്ര ദിവസം വേണ്ടി വരുമെന്നും കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ടാകും. ജോലി പൂര്‍ത്തിയാക്കാന്‍ പരമാവധി ഒരാഴ്ച കൂടി സമയം കോടതിയോട് ചോദിക്കാനും സാധ്യതയുണ്ട്. അതിനു മുമ്പു  തന്നെ പ്രവൃത്തി തീര്‍ക്കാനാകുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

 

 

 

Latest News