അബഹ- വാഹനാപകടത്തിൽ യെമനി പൗരൻ മരിച്ച കേസിൽ മഹായിൽ അസീർ നഗരസഭ നൽകാനുള്ള ദിയാധനം ഉടന്‍ കൊടുത്തു തീർക്കണമെന്ന് അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ മഹായിൽ അസീർ ബലദിയക്ക് കർശന നിർദേശം നൽകി. വർഷങ്ങൾക്കു മുമ്പ് യെമനി പൗരൻ അപകടത്തിൽ മരിച്ച കേസിൽ മഹായിൽ അസീർ നഗരസഭ 2,25,000 റിയാൽ ദിയാധനം നൽകണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ ഈ വിധി ഇതുവരെയും നഗരസഭ പാലിച്ചിട്ടില്ല.
ഇക്കാര്യം ശ്രദ്ധയിൽപെട്ടാണ് യെമനിയുടെ ആശ്രിതർക്ക് എത്രയും വേഗം ദിയാധനം കൈമാറുന്നതിന് അസീർ ഗവർണർ ബലദിയക്ക് കർശന നിർദേശം നൽകിയത്. അവകാശങ്ങൾ കൊടുത്തു വീട്ടുന്നതിന് വികസന പദ്ധതികൾ നടപ്പാക്കുന്നതിനേക്കാൾ മുൻഗണന കൽപിക്കണമെന്നും ഗവർണർ നിർദേശിച്ചു. മഹായിൽ അസീർ ബലദിയക്കു കീഴിലെ ലോറിയുണ്ടാക്കിയ അപകടത്തിലാണ് യെമനി മരണപ്പെട്ടത്.
ഈ കേസിൽ യെമനിയുടെ ആശ്രിതർക്ക് നഗരസഭ രണ്ടേകാൽ ലക്ഷം റിയാൽ ദിയാധനം കൈമാറണമെന്ന് കോടതി വിധിക്കുകയായിരുന്നു.