Sorry, you need to enable JavaScript to visit this website.

ചരിത്രത്തിന്റെ അടിയന്തരം

ഇപ്പോൾ ഷഷ്ടിപൂർത്തി ആഘോഷിക്കുന്നവർക്ക് കുട്ടിക്കാലത്തെ ഒരു ഓർമ്മയേ ആവൂ അടിയന്തരാവസ്ഥ. നാൽപത്തഞ്ചു വയസ്സുകാർക്ക് നേരിട്ടുള്ള അനുഭവം പോലുമാവില്ല. നൂറ്റിരുപതു കോടിയിൽ നല്ലൊരു പങ്കും അവരാവും, അടിയന്തരാവസ്ഥയെപ്പറ്റി കേട്ടറിവു മാത്രമുള്ളവർ. അവർക്കതൊക്കെ ഉള്ളം കയ്യിലെ വരയും കുറിയും പോലെ അറിയുന്നതാണ് അടിയന്തരാവസ്ഥ എന്ന മട്ടിലാണ് ഓരോ ജൂണും വരുമ്പോഴും അതിന്റെ ആണ്ടാഘോഷം. 
ജൂൺ 25 കടന്നു പോകുമ്പോൾ കുറെ കുമ്പസാരങ്ങളും കുറ്റം പറച്ചിലുകളും നടന്നിരിക്കണം. വേർതിരിച്ചറിയാൻ വയ്യാത്ത പൂർവികന്മാർക്കു വേണ്ടി ശ്രാദ്ധം കഴിക്കുന്ന യാന്ത്രികതയോടെ ആചരിക്കപ്പെട്ടു വരുന്നു അടിയന്തരാവസ്ഥയുടെ വാർഷികവും. അതിനെ ന്യായീകരിക്കാനോ ആഘോഷിക്കാനോ
അല്ല ഇവിടത്തെ ഉദ്യമം.  പിന്നിട്ട തലമുറകൾക്ക് അനുഭവവേദ്യമായതിനെ ഓർത്തോർത്തെടുക്കുമ്പോൾ അവ്യക്തതയും അസത്യവും കടന്നു കൂടാം എന്നു സൂചിപ്പിക്കുന്നേയുള്ളു.  
ആ അർഥത്തിൽ ചരിത്രം ആകപ്പാടെ ഒരു അവ്യക്തതയാകുന്നു. ഒരേ ഒരു കാണി, ഒരേ ഒരു കാഴ്ചവട്ടം എന്ന സ്ഥിതി അസാധ്യമാകും. 'സത്യം ഒന്നേയുള്ളു, അറിവുള്ളവർ അനേകം' എന്ന ഉപനിഷദ് വചനത്തിലെ ആദ്യഭാഗം മാറ്റിയെഴുതുകയോ വ്യത്യസ്തമായി വ്യാഖ്യാനിക്കുകയോ വേണ്ടി വരും. അതോർത്താവില്ല, പക്ഷേ
അതുകൂടി മനസ്സിൽ കയറിവരുന്നു പുതിയ ചിന്തയുടെ ഭാഗമായുള്ള പ്രസ്താവം വഴി  'സത്യം എന്നൊന്നില്ല, സത്യങ്ങളേയുള്ളു.'
പൊതുവേ പറഞ്ഞാൽ അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ഓർമ്മകൾ കയ്പും പുളിയും കലർന്നതു തന്നെ. തടവും തടവിലെ മർദ്ദനവും തമസ്‌ക്കരണവുമൊക്കെ അടിയന്തരാവസ്ഥയുടെ ഓർമ്മപ്പെരുന്നാളോടുകൂടി ഓളം തല്ലി വരുന്നു. പക്ഷേ ആ സംഭവങ്ങൾക്കെല്ലാം എന്നും ചില സമാന്തരതകൾ കാണാൻ കഴിയും. ഉദാഹരണം തടവറ മരണം. ഇപ്പോഴും നമ്മുടെ ചർച്ച അതാണല്ലോ.  പിണറായി വിജയൻ തുറന്നടിച്ചതു നന്നായി. ചരിത്രത്തിന്റെ വൈവിധ്യവും ആവർത്തനവും അതു വഴി ഒന്നുകൂടി തെളിഞ്ഞു കിട്ടി.
വിജയൻ ഓർത്തെടുത്തതിങ്ങനെ: ലോക്കപ്പ് മർദ്ദനമായിരുന്നു അടിയന്തരാവസ്ഥയിലെ തമസ്‌ക്കരിക്കപ്പെട്ട ഒരു പ്രധാന ഇനം. പാതിരാവിൽ കതകിൽ മുട്ടുന്നതും പിടിച്ചുകൊണ്ടുപോകുന്നതും കാണാതാകുന്നതും വാർത്ത മൂടിവെക്കുന്നതുമെല്ലാം അതിന്റെ ഭാഗമായിരുന്നു. 
ഇന്നും അതൊക്കെ ഏറിയോ കുറഞ്ഞോ നടക്കുന്നുവെന്നതും അടിയന്തരാവസ്ഥയുടെ ആണ്ടാചരണത്തിനിടെ ഓർക്കേണ്ടി വരുന്നതും വിചിത്രമായ ഒരു വൈപരീത്യമാണെന്ന് വിജയൻ പറഞ്ഞു. അങ്ങനെ അടിയന്തരാവസ്ഥപ്പുസ്തകത്തിന് ഒരു രണ്ടാം വായന ഒരുക്കിയാൽ രസമാവും. അടിയന്തരാവസ്ഥ തികഞ്ഞ തിന്മയായിരുന്നു എന്ന സിദ്ധാന്തം അർഥം കൊഴിഞ്ഞുപോയ മന്ത്രം പോലെ ആവർത്തിക്കുന്ന ശീലം അതോടെ നിലക്കുകയൊന്നുമില്ലെന്നത് വേറെ കാര്യം. 
നമ്മുടെ അര നൂറ്റാണ്ടത്തെ ഓർമ്മയിലെ നാഴികക്കല്ലായി നാട്ടിയിരിക്കുന്നതാണല്ലോ അടിയന്തരാവസ്ഥ. അതിനെ എന്നും എതിർത്തുപോന്നിട്ടുള്ളവരും ചിലപ്പോൾ എതിർക്കുകയും ചിലപ്പോൾ ചുമക്കുകയും ചെയ്തവരും അടിയന്തരാവസ്ഥ നിലവിലുള്ളപ്പോൾ അതിനെ വാഴ്ത്തുകയും തീർന്നപ്പോൾ തള്ളിപ്പറയുകയും ചെയ്യുന്നവരും അപ്പപ്പോൾ അനുവർത്തിച്ച നിലപാട് അപഗ്രഥിക്കേണ്ടതാണ്.  
എ. കെ ആന്റണിയുടെ കാര്യം എടുക്കുക. അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തിൽ തെരഞ്ഞെടുപ്പിനു സമയമായി എന്ന് ഗുവാഹത്തിയിൽ ഒരു പാർടി യോഗത്തിൽ പറഞ്ഞതിന് ശ്ലാഘിക്കപ്പെടുന്നയാളാണ് അദ്ദേഹം. അന്നേ വരെ അടിയന്തരാവസ്ഥയുടെ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം പിന്നെ പക തീർക്കാനെന്നോണം എതിരാളിയായി. ഇന്ദിരാ ഗാന്ധിയെ തള്ളിയെന്നു മാത്രമല്ല വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിശ്ചയിച്ച ഇന്ദിരയെ തുണക്കണമോ തള്ളണമോ എന്നു നിശ്ചയിക്കാൻ മടിച്ച തന്റെ പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിപദം അദ്ദേഹം വെച്ചൊഴിഞ്ഞു. പിന്നെ അതേ ഇന്ദിരയുടെ പാർട്ടിയിലൂടെ അവഭൃതസ്‌നാനവും കഴിച്ചു. 
കോൺഗ്രസിനെ എന്നും ദേശീയബൂർഷ്വാസിയുടെ മാധ്യമമായി കരുതിയ സി.പി.ഐ മാറി മാറി സ്വീകരിച്ച നിലപാട് അതുമായി താരതമ്യപ്പെടുത്താം. വലതു പിന്തിരിപ്പൻ രാഷ്ട്രീയത്തിനെതിരെ പ്രയോഗിച്ച അടിയന്തരാവസ്ഥക്ക് അനുകൂലമായിരുന്നു സി പി ഐ. സി പി ഐ മാത്രമല്ല സോവിയറ്റ് യൂണിയനും അതിനു പിൻബലമേകി. രണ്ടു റഷ്യൻ ചിന്തകർ എല്ലാ വൈരുധ്യാധിഷ്ഠിതചിന്തകളും സമാഹരിച്ചുകൊണ്ട് അടിയന്തരാവസ്ഥയുടെ നന്മയും ആവശ്യവും ഊന്നിപ്പറയുന്ന ഒരു പുസ്തകവും ഇറക്കുകയുണ്ടായി.
അടിയന്തരാവസ്ഥ അവസാനിക്കുകയും ഇന്ദിര തോൽക്കുകയും ചെയ്തപ്പോൾ, പലരെയും പോലെ, സി പി ഐയുടെയും മട്ടുമാറി. ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ സി പി ഐ അടിയന്തരാവസ്ഥയെ തള്ളിപ്പറയുകയും ഇന്ദിരക്കെതിരെ നിലകൊള്ളുകയും ചെയ്ത, അങ്ങനെ കമ്യൂണിസ്റ്റ് ഐക്യത്തിലേക്ക് ഒരടി മുന്നോട്ടു വെച്ചു. വിരുദ്ധവാദത്തിനു കേളി കേട്ട സോവിയറ്റ് യൂണിയൻ എഴുതിപ്പോയ അടിയന്തരാവസ്ഥയുടെ അപദാനത്തിൽ തെല്ലിട ഇളിഭ്യമായി. പിന്നെ സി പി ഐ നേതൃത്വത്തോട് കണ്ണു കാണിച്ചു കാണും, പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് ആ പുസ്തകം വിപണിയിൽനിന്നു പിൻവലിച്ചു. 
വലതു പിന്തിരിപ്പൻ ശക്തികളെ ഒതുക്കാൻ ഉദ്ദേശിച്ച അടിയന്തരാവസ്ഥയുടെ പ്രഥമലക്ഷ്യം നേടിക്കഴിഞ്ഞ സ്ഥിതിക്ക് അതു പിൻവലിക്കാൻ നേരമായി എന്നൊരു ചിന്ത സി പി എമ്മിലും കൊടി നീട്ടിയിരുന്നു. ഇ എം എസ്സും എ കെ ജിയും ജ്യോതി ബസുവും മാത്രമേ പുറത്തുണ്ടായിരുന്നുള്ളു. മറ്റുള്ള ഇടതു
സഖാക്കളെയും വിടുതലാക്കണമെന്ന അപേക്ഷ പ്രധാനമന്ത്രിക്ക് എത്തിച്ചിരുന്നു എന്ന കിംവദന്തി ഇന്നും ആരോ പറഞ്ഞതായി ഒഴുകി നടക്കുന്നു. ഏതായാലും, അതുകൊണ്ടൊക്കെയാവാം, അടിയന്തരാവസ്ഥയെ എതിർത്തതിന്റെ ഖ്യാതി മുഴുവൻ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ബി ജെ പി ആചാര്യന്മാർ അവകാശപ്പെടുന്നു. 
ഇരുവശവും കണ്ണടച്ചിരിക്കുന്ന കുതിര കണക്കെയാണ് പലപ്പോഴും ബി ജെ പിയുടെ പെരുമാറ്റം.  അടിയന്തരാവസ്ഥ തികഞ്ഞ തിന്മയാണെന്ന വാദം മതിയാക്കാനോ അതിനെ എതിർക്കാൻ ബി ജെ പിയേ ഉണ്ടായുള്ളു എന്ന നിലപാട് തിരുത്താനോ അവർക്കാവില്ല. 
(ബി.ജെ.പി എന്ന പേരിലുള്ള പാർട്ടി പിന്നീടുണ്ടായതാണെന്ന കാര്യം അവിടെ നിൽക്കട്ടെ.) 
വാസ്തവത്തിൽ, എല്ലാവരും കൂടി ഇന്ദിരയെ അടിയന്തരാവസ്ഥയിലേക്കു തള്ളി വിടുകയായിരുന്നുവെന്ന തിയറിയും കെട്ടടങ്ങിയിട്ടില്ല. പട്ടാളത്തോടും പോലീസിനോടും കലഹത്തിനാഹ്വാനം ചെയ്യുന്ന ജയപ്രകാശ് നാരായണന്റെ പ്രസംഗമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ ഇരുപത്തഞ്ചിന്റെ തലേന്നാളത്തെ പ്രധാനസംഭവം. പട്ടാളം അതു ചെവിക്കൊള്ളുകയാണെങ്കിൽ, പ്രധാനമന്ത്രിയുടെ ആപ്പീസ് പൂട്ടി, ഫീൽഡ് മാർഷലിനെ താക്കോൽ  ഏൽപിച്ച് സല്യൂട്ട് 
ചെയ്ത് നിൽക്കുകയായിരുന്നോ ഇന്ദിരാഗാന്ധിക്ക് കരണീയം? രാമ ലീലാ മൈതാനത്തെ ജെ പിയുടെ പ്രസംഗം കേട്ട കേമന്മാരിൽ പലരും അന്ധാളിച്ചു. മൊറാർജി ദേശായി പൊട്ടിത്തെറിച്ചു എന്നാണ് കേൾവി.
പട്ടാളത്തോടുള്ള കലഹാഹ്വാനവും മറ്റുമായി മുന്നോട്ടു പോകാതെ, സംഭവങ്ങളെ അവയുടെ വഴിക്കു വിട്ടിരുന്നെങ്കിൽ, ഇന്ദിര എല്ലാം ഇട്ടൊഴിഞ്ഞു പോകുമായിരുന്നു എന്നുപോലും വിചാരിക്കുന്നവരുണ്ട്, പ്രൊഫസർ പി. എൻ ധർ പോലുള്ളവർ ഉൾപ്പടെ. പ്രൊഫസർ ധർ ഇന്ദിരാഗാന്ധിയുടെ സെക്രട്ടറി ആയിരുന്നുവെന്ന കാര്യം വിടുക. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലും ഇന്ത്യയുടെ തെക്കേ പാതി ഇന്ദിരയെ ആശ്ലേഷിക്കുകയായിരുന്നുവെന്നും ഓർക്കുക.  

Latest News