Sorry, you need to enable JavaScript to visit this website.

വസന്തത്തിന്റെ ഇടിമുഴക്കം 

കേരളീയ സാംസ്‌കാരിക മണ്ഡലത്തിൽ പുതിയൊരു മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടോ?
മുഖ്യധാരാസിനിമയിൽ വസന്തകാലമോ? കഴിഞ്ഞ രണ്ടുമാസം പുറത്തിറങ്ങിയ ഏതാനും സിനിമകൾ പരിശോധിച്ചാൽ അതെ എന്നു പറയാനാണ് തോന്നുക. കേരളീയസമൂഹത്തിൽ ഇന്നു വളരെ പ്രസക്തമായ രാഷ്ട്രീയ ഉള്ളടക്കത്തോടെ, എന്നാൽ ഏറ്റവും ലളിതമായ ആഖ്യാനശൈലിയിൽ രൂപപ്പെടുത്തിയ ഏതാനും സിനിമകളാണ് ഇത്തരമൊരു നിലപാടിനു ഉപോൽഫലകമായി ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നത്. പ്രധാനമായും ഈ സിനിമകൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 
മെയ് മാസത്തിൽ റിലീസ് ചെയ്ത നവസംവിധായകൻ മനു അശോകൻ സംവിധാനം ചെയ്ത 'ഉയരെ' ആണ് ഈ ലിസ്റ്റിൽ ആദ്യം വരുന്നത്. വളരെ പ്രസക്തമായ ഒരു പശ്ചാത്തലത്തോടെയാണല്ലോ ആ സിനിമ പുറത്തുവന്നത്. നടിയെ ആക്രമിച്ചതും ംരര രൂപീകരണവുമായി ബന്ധപ്പെട്ടും കർക്കശ നിലപാടെടുത്ത പാർവ്വതിയടക്കമുള്ള നടികളെ ബഹിഷ്‌കരിക്കാനുള്ള നീക്കം ശക്തമായപ്പോഴാണ് എത്രയോ ഉയരെയാണ് താനെന്നു പ്രഖ്യാപിച്ച് ഈ സിനിമയുമായി അവർ രംഗത്തെത്തിയത്. രാജ്യത്തെ നൂറുകണക്കിനു സ്ത്രീകൾ നേരിട്ട, പുരുഷാധിപത്യത്തിന്റെ ഏറ്റവും ക്രൂരമായ ആസിഡ് ആക്രമണത്തിനെതിരായ യുവതിയെയാണ് പാർവ്വതി അവതരിപ്പിച്ചത്. മിക്കവാറും നടികളും നടന്മാരും ചെയ്യാൻ മടിക്കുന്ന വികൃതമായ മുഖവുമായാണവർ ചിത്രത്തിൽ നിറഞ്ഞുനിന്നത്. ആക്രമണത്തോടെ പൈലറ്റായി ഉയരത്തിൽ പറക്കുക എന്ന സ്വപ്‌നം തകർന്ന അവർ പക്ഷെ നിരാശയായിരിക്കാതെ മുന്നോട്ടുപോകുകയും തന്നെ ആക്രമിച്ച കാമുകനെതിരെ വിട്ടുവീഴ്ചയില്ലാതെ കേസ് നടത്തുകയും ചെയ്തു. എയർ ഹോസ്റ്റസായിട്ടാണെങ്കിലും ഉയരത്തിലായിരുന്നു അവരുടെ ജീവിതം. യാദൃച്ഛികമായി വിമാനം പറത്തുക എന്ന അവരുടെ സ്വപ്‌നവും സഫലമാകുന്നു. ലിംഗനീതിയെ കുറിച്ചും സ്ത്രീശാക്തീകരണത്തെ കുറിച്ചുമെല്ലാം ഏറെ ചർച്ച ചെയ്യുന്ന ഇക്കാലത്ത് സ്ത്രീശക്തിയുടെ പ്രഖ്യാപനമാണ് ഈ സിനിമ. 
കേരളീയ സമൂഹത്തിൽ ഇന്നും അതിശക്തമായി നിലനിൽക്കുന്ന കപടസദാചാരബോധത്തോടും ആണത്തത്തോടുമുള്ള കലഹമാണ് അനുരാജ് മനോഹർ എന്ന നവാഗതസംവിധായകന്റെ 'ഇഷ്‌ക്' എന്ന ചെറിയ, വലിയ ചിത്രം. പുരുഷന്റെ നെഞ്ചിലേക്കാണ് ഈ സിനിമ തുളച്ചുകയറുന്നത്.  കൊച്ചിക്കാരനായ സച്ചിദാനന്ദനും കാമുകി കോട്ടയം സ്വദേശിനിയും കോളേജ് വിദ്യാർത്ഥിനിയുമായ  വസുധയും തമ്മിലുള്ള പ്രണയത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവരുടെ ഒരു  പ്രണയ ദിനത്തിലെ നൈറ്റ് ഡ്രൈവും ഒരു ആശുപത്രി പാർക്കിങ് ഏരിയയിൽ വെച്ചുണ്ടാകുന്ന മോറൽ പൊലീസിങ് അനുഭവവുമാണ് ഇഷ്‌ക് പറയുന്നത്. അതത്ര പുതിയ കാര്യമല്ലായിരിക്കാം. എന്നാൽ തന്റെ കാമുകിയുടെ ശരീരത്തിൽ ഒരാൾ സ്പർശിച്ചു എന്ന തോന്നലിൽ അയാളുടെ കുടുംബത്തിനു നേരെ അതേ നാണയത്തിൽ തിരിച്ചടി നൽകുകയും കാമുകിയെ ഉപേക്ഷിക്കുകയും ചെയ്ത നായകൻ രാവണന്റെ തടവിൽ നിന്നു വന്ന സീതയെ ഉപേക്ഷിച്ച രാമനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇവിടെ വസുധ, സീതയാകുകയല്ല ചെയ്തത്. അതിഗംഭീരമായ ക്ലൈമാക്‌സിലൂടെ നവകാലത്തെ പെണ്ണത്തത്തിന്റെ പ്രഖ്യാപനമാണ് അവർ നടത്തിയത്. മലയാളിയുടെ ആണത്തത്തിനെതിരെ ഇന്നോളം ഒരു സിനിമയിലും ഉണ്ടാകാത്ത പ്രഹരം.
'തമാശ'യിലെത്തുമ്പോൾ മലയാള നവസിനിമ ഔന്നത്യത്തിന്റെ ഉന്നതിയിലെത്തുന്നു. ഇഷ്‌കിനെപോലെ വളരെ ചെറിയ ഒരു വലിയ സിനിമയാണ് നവാഗതൻ തന്നെയായ അഷ്റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമാശ.  'ബോഡി ഷെയിം' ആക്രമണത്തിനെതിരേയുള്ള ശക്തമായ സന്ദേശമാണ് തമാശയിലൂടെ കഥ പറയുന്ന തമാശ. പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ ഇക്കാലത്ത്. അമിതമായ തടിയും കഷണ്ടിയുമെല്ലാം വ്യത്യസ്തതകൾ മാത്രമാണെന്നും ഈ സ്‌പെയ്‌സിൽ - അത് വെർച്യുലായാലും റിയലായാലും - എല്ലാ വൈവിധ്യങ്ങൾക്കും തുല്യസ്ഥാനമൊണെന്നും തമാശ പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനവും ഉറക്കെ നടത്തുന്നത് പെണ്ണുതന്നെ. അതിനുള്ള ഊർജ്ജമായി സി അയ്യപ്പനെന്ന ദളിത് എഴുത്തുകാരന്റെ വരികളും സിനിമയെ ഉജ്വല നിലവാരത്തിലെത്തിക്കുന്നു. 
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആഷിക് അബുവിന്റെ  'വൈറസ്' നിപയെന്ന മഹാരോഗത്തിനെതിരായി, നായകനോ നായികയോ ഇല്ലാതെ ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ കഥ തന്നെയാണ് പറയുന്നത്. ഇത്തരമൊരു വിഷയം അഭ്രപാളിയിലെത്തിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന ഡോക്യുമെന്ററിയാകാനുള്ള സാധ്യതയെ, പൂർണ്ണമായല്ലെങ്കിലും പരമാവധി മറികടക്കാൻ സംവിധായകനായി. മലയാളസിനിമയിലെ യുവതലമുറയെ, പ്രത്യേകിച്ച് ംരരയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നടികൾ വൈറസിൽ അണിനിരക്കുന്നു. ഒരു ഫീച്ചർ ഫിലം എന്ന നിലയിൽ നിപകാലത്തെ വരുംതലമുറക്കായി രേഖപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിച്ചു. അതേസമയം കേരളീയസമൂഹത്തിൽ വലിയൊരു ഭാഗം ഇപ്പോഴും എത്ര സങ്കുചിതമാണെന്ന് ഈ സിനിമയോടുള്ള ചില പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കോഴിക്കോട് പശ്ചാത്തലമായി ഒരു സിനിമയിൽ സ്വാഭാവികമായും കാണുന്ന മുസ്ലിം പശ്ചാത്തലവും ക്രിമിനലായ ഒരാൾക്ക് ഹിന്ദുനാമം നൽകിയതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചെങ്കിൽ തങ്ങളുടെ നേതാക്കൾക്ക് അർഹമായ പ്രാധാന്യം നൽകാത്തതാണ് മറ്റൊരു വിഭാഗത്തിനു പ്രശ്‌നമായത്. രണ്ടും തള്ളിക്കളയേണ്ടവ.
വിനായകൻ മുഴുനീള നായക കഥാപാത്രമായി ആദ്യമായി വരുന്ന,  ഫ്രാൻസിസ് നൊറോണയുടെ ശ്രദ്ധേയ കഥയെ ആസ്പദമാക്കി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പനാണ് മറ്റൊരു ശ്രദ്ധേയമായ സിനിമ. കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തിന്റെ തുടർച്ചയായി തൊട്ടപ്പനെ കാണുന്നത് സ്വാഭാവികമാണ്. സമീപകാലത്ത് നിരവധി മലയാളസിനിമകളിലെ പശ്ചാത്തലമായ പശ്ചിമ കൊച്ചിയിലെ, ബഹിഷ്‌കൃത ജീവിതം തന്നെയാണ് ഈ സിനിമയിലും കടന്നുവരുന്നത്. മോഷണം തൊഴിലാക്കിയിരുന്ന തൊട്ടപ്പന്, ആത്മസുഹൃത്തിന്റെ തിരോധാനത്തോടെ അയാളുടെ മകളുടെ സംരക്ഷകനാകേണ്ടിവന്നതും തുടർന്നു നടത്തുന്ന അതിജീവന പോരാട്ടവുമാണ്  കായലും ചെമ്മീൻകെട്ടും കള്ള് ഷാപ്പുകളുമൊക്കെയുള്ള പശ്ചിമകൊച്ചി പശ്ചാത്തലത്തിൽ നാം കാണുന്നത്. ആശയത്തിൽ പുതുമയില്ലായിരിക്കാം. എന്നാൽ കാഴ്ചാനുഭവത്തിൽ തൊട്ടപ്പൻ പുതുമ സമ്മാനിക്കുന്നു. 
ഈ ധാരയിൽ വരുന്ന വ്യത്യസ്തമായ ചിത്രമാണ് ഖാലിദ് റഹ്മാന്റെ 'ഉണ്ട'. മമ്മുട്ടിയാണ് നായകനെന്നതാണ് വ്യത്യസ്തമാണെന്നു പറയാനുള്ള പ്രധാന കാരണം. പക്ഷെ മെഗാസ്റ്റാർ മമ്മുട്ടിയല്ല, നടൻ മമ്മുട്ടിയാണ് സിനിമയിലുള്ളത്. മാവോയിസ്റ്റ് മേഖലയായ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോകുന്ന, ആവശ്യത്തിനുള്ള വെടിയുണ്ടകൾ പോലുമില്ലാത്ത കേരള പൊലീസിലെ ഒരു സംഘത്തിന്റെ ഏതാനും ദിവസത്തെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ചിത്രത്തിന്റെ അടിയൊഴുക്കായി വർത്തിക്കുന്നു. ഭരണകൂടത്തിനും മാവോയിസ്റ്റുകൾക്കുമിടയിൽ ദുരിതജീവിതം നയിക്കുന്ന ആദിവാസികളെ സിനിമയിൽ കാണാം. പോലീസിനെ അമിതമായി ഉദാത്തവൽക്കരിക്കുന്നു എന്ന വിമർശനം സ്വാഭാവികമായും ഉയർന്നുവന്നിട്ടുണ്ട്. അതേസമയം കേരളത്തിൽ പോലും സംഭവിച്ച വ്യാജഏറ്റുമുട്ടൽ കൊലയും സിനിമയിലുണ്ട്. അതോടൊപ്പം പോലീസിൽ പോലും ആദിവാസികളടക്കമുള്ളവർ നേരിടുന്ന ജാതി വിവേചനവും ഉണ്ടയിൽ കടന്നുവരുന്നു. ജാതീയ അവഹേളനത്തിന്റെ പേരിൽ താൻ പോലീസ് ജോലി വിടുകയാണെന്ന സിനിമയിലെ ആദിവാസിയായ ഒരു പോലീസുകാരൻ പറയുന്നു. ഈ സിനിമ തിയേറ്ററിൽ കളിക്കുമ്പോൾ തന്നെ അത്തരമൊരു സംഭവം കേരളത്തിലുണ്ടായി എന്നതാണ് കൗതുകകരം. 
ഈ ലിസ്റ്റിൽ വരാവുന്ന മറ്റൊരു സിനിമയാണ് മഹരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന, എതിരാളികളാൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന 'നാൻ പെറ്റ മകൻ'.  സജി എസ്.ലാൽ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അഭിമന്യുവിനെ പ്രേക്ഷകരിൽ നൊമ്പരമുണ്ടാക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു. പക്ഷെ നമ്മുടെ കലാലയങ്ങളിലടക്കം നിലനിൽക്കുന്ന ക്രൂരമായ അക്രമരാഷ്ട്രീയത്തേയോ കേരളത്തിലെ ദയനീയമായ ആദിവാസി ജീവിതത്തേയോ അതർഹിക്കുന്ന രീതിയിൽ പരിഗണിക്കുന്നില്ല എന്നു പറയാതെ വയ്യ.
 

Latest News