ജിദ്ദ - ഹജ് സീസണില്‍ ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ക്ക് ജവാസാത്ത് ഡയറക്ടറേറ്റ് അനുമതി പത്രം നല്‍കിത്തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ജവാസാത്ത് ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ മുഖീം വഴിയാണ് അനുമതി പത്രം നേടേണ്ടത്. ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് രേഖകള്‍ സമര്‍പ്പിക്കണം.
അനുമതി പത്രത്തിനു വേണ്ടി ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ടതില്ല. അനുമതി പത്രത്തിന്റെ പ്രിന്റൗട്ട് മതിയാകും.
മക്കയില്‍ കഴിയുന്ന, ഗാര്‍ഹിക തൊഴിലാളികള്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നല്‍കുന്നുണ്ട്. വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ജവാസാത്തിന്റെ പോര്‍ട്ടലായ അബ്ശിര്‍ വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി പത്രത്തിന് സ്‌പോണ്‍സര്‍മാര്‍ അപേക്ഷ നല്‍കേണ്ടത്.
മക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ ജോലി ചെയ്യുന്ന ഇഖാമയില്ലാത്ത വിദേശികള്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നല്‍കുന്നുണ്ട്. ഹജ് കാലത്ത് മക്കയില്‍ ജോലികള്‍ നിര്‍വഹിക്കുന്നതിന് കരാറുകള്‍ ഒപ്പുവെച്ച സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും, ഹജ് കാലത്ത് മക്കയില്‍ ജോലികള്‍ നിര്‍വഹിക്കുന്നതിന് കരാറുകള്‍ ഒപ്പുവെച്ച വ്യാപാര സ്ഥാപനങ്ങളില്‍ താല്‍ക്കാലിക തൊഴിലാളി കൈമാറ്റ സംവിധാനമായ അജീര്‍ വഴി ജോലി ചെയ്യുന്ന വിദേശികള്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നല്‍കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഹജ് സീസണ്‍ പ്രമാണിച്ച് മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിദേശികള്‍ക്കുള്ള വിലക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഓഗസ്റ്റ് 11 വരെ വിലക്ക് പ്രാബല്യത്തിലുണ്ടാകും. കാറുകളും ബസുകളും ട്രെയിനുകളും അടക്കം മുഴുവന്‍ വാഹനങ്ങളിലും മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിലക്ക് ബാധകമാണ്.
നിയമ വിരുദ്ധമായി മക്കയില്‍ പ്രവേശിക്കുന്ന വിദേശികളെ തടയുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ക്യാപ്.
ജിദ്ദ-മക്ക എക്‌സ്പ്രസ്‌വേയിലെ ശുമൈസി ചെക്ക് പോസ്റ്റില്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍