തലശ്ശേരി- സി.പി.എം വിമതനും വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍,എയെ ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ തെളിവെടുപ്പ് പൂര്‍ത്തിയായതോടെയാണ് എം.എല്‍.എയെ വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ഒരുങ്ങുന്നത്.
അതിനിടെ, ശക്തമായ തെളിവുകളുണ്ടായിട്ടും അന്വേഷണ സംഘം മെല്ലെപ്പോക്ക് നടത്തിലാണെന്ന് ആക്ഷേപമുയരുന്നുണ്ട്. സംഭവസമയത്ത് ആക്രമിക്കപ്പെട്ട സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണ സംഘത്തിനുമേല്‍ ഇടപെടല്‍ ഉണ്ടായതെന്നാണ് ആരോപണം.
ഇതോടെ കേസ് മുന്നോട്ട് പോകാത്ത അവസ്ഥയിലായെന്നും പറയുന്നു. അറിയപ്പെടുന്ന ഒരു നേതാവിന്റെ കാറാണ് ഇതെന്നാണ് സൂചന. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നിര്‍ദേശം പോലീസിന് ലഭിച്ചുവെന്നും പറയുന്നു. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ തുടരുന്ന കാവുംഭാഗം ചെറിയാണ്ടി വീട്ടില്‍ മൊയ്തു എന്ന സി. മിഥുന്‍ കൂടി പിടിയിലായാല്‍ അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന.
മിഥുന്‍ ചെന്നൈ കോയമ്പത്തൂര്‍ ഹൈവേയില്‍ വാഹനം തടഞ്ഞു നിര്‍ത്തി പണം അടിച്ച് മാറ്റുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. കീഴടങ്ങിയാല്‍ വേറെയും കേസുകളില്‍ കുടുങ്ങുമെന്നാണ് ഇയാളുടെ ഭയം. മുന്‍ സി.പി.എം പ്രവര്‍ത്തകനായ നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ചില്ലറക്കാരല്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി.
പൊന്ന്യം കുണ്ടുചിറയിലെ പൊട്ടി സന്തോഷ്, സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി കതിരൂര്‍ പുല്യോട്ടെ എന്‍.കെ. നിവാസില്‍ എന്‍.കെ.രാഗേഷ്, കൊളശ്ശേരിയിലെ കുന്നി നേരിമീത്തല്‍ വിപിന്‍ എന്ന ബ്രിട്ടോ, കൊളശ്ശേരിയിലെ മുക്കാളി മീത്തല്‍ വീട്ടില്‍ ജിതേഷ് എന്ന ജിത്തു, കാവുംഭാഗത്തെ മൊയ്തു എന്ന മിഥുന്‍ എന്നിവരാണ് പങ്കു വഹിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ രാഗേഷ് എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ സന്തത സഹചാരിയാണ്.
തന്നെ ആക്രമിച്ചതില്‍ എം.എല്‍.എക്ക് പങ്കുണ്ടെന്നായിരുന്നു നസീറിന്റെ ആരോപണം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബ്രിട്ടോവിനെയും ജിത്തുവിനെയും ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങള്‍ ഉറപ്പിക്കാന്‍ ഇരുവരെയും കൂട്ടി കൊളശ്ശേരിയിലെ വീട്ടിലും കോഴിക്കടയിലും കുണ്ടുചിറ അണക്കെട്ടിനടുത്തും എത്തിച്ചുവെങ്കിലും തെളിവുകള്‍ കണ്ടെടുക്കാനായില്ല. നസീറിനെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചെറിഞ്ഞത് കുണ്ടു ചിറയിലെ അണക്കെട്ടിലാണെന്ന് ബ്രിട്ടോയും ജിത്തുവും വെളിപ്പെടുത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബ്രിട്ടോവിന് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കിടയില്‍ കോഴിക്കോട് കൊടുവള്ളിക്കാരുടെ കടത്ത് സ്വര്‍ണ്ണം തട്ടിപ്പറിച്ച സംഭവത്തില്‍ ബ്രിട്ടോയുണ്ടെന്ന് പറയപ്പെടുന്നു. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്നാണ് തലശ്ശേരി പോലീസിന് ലഭിച്ച വിവരം. ഈ ഇടപാടില്‍ ഇയാള്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചതായും സൂചനയുണ്ട്.
ബ്രിട്ടോയുടെ ഉറ്റ ചങ്ങാതിയാണ് പോലീസ് തിരയുന്ന മൊയ്തു എന്ന മിഥുന്‍. നസീറിനെ മര്‍ദിച്ച് ഭയപ്പെടുത്താന്‍ മാത്രമാണ് ഗൂഢാലോചനക്കാര്‍ നിര്‍ദ്ദേശിച്ചതത്രെ. എന്നാല്‍ ഉപകരാര്‍ ഏറ്റെടുത്തവര്‍ ആയുധങ്ങളോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മെയ് 18ന് രാത്രി ഏഴേ മുക്കാല്‍ മണിയോടെയാണ് നസീറിനെ തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ച് അക്രമിച്ചത.് കേസില്‍ ഇതുവരെ ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.