തിരുവനന്തപുരം- കേരളത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പ സ്വീകരിക്കാന്‍ കേന്ദ്രധനമന്ത്രാലയം അനുമതി നല്‍കി. 1,400 കോടി രൂപയുടെ വായ്പാ കരാറിന് ഉടന്‍ ഒപ്പുവെക്കും.
വായ്പയ്ക്ക് തുല്യമായ തുക സര്‍ക്കാരും പദ്ധതിക്ക് ചെലവിടണമെന്നാണ് കെ.എഫ്.ഡബ്ല്യു.വിന്റെ നിബന്ധന. ഇതംഗീകരിച്ചാണ് ചര്‍ച്ചകള്‍ തുടങ്ങിയതും ധാരണയായതും. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ മികച്ച നിലവാരത്തില്‍ പുനര്‍നിര്‍മിക്കാനാണ് ജര്‍മന്‍ ബാങ്ക് താത്പര്യം പ്രകടിപ്പിച്ചത്. വായ്പയായ 1400 കോടി രൂപയ്‌ക്കൊപ്പം സംസ്ഥാന വിഹിതമായ 1400 കോടി കൂടി ചേര്‍ത്ത് വിപുലമായ റോഡ് പുനര്‍നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കുമെന്ന് റീ ബില്‍ഡ് കേരള സി.ഇ.ഒ.യും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വി. വേണു പറഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും.
ലോകബാങ്കില്‍നിന്ന് 1,725 കോടി രൂപ അനുവദിച്ചതിനുപിന്നാലെയാണ് ജര്‍മന്‍ ബാങ്കില്‍നിന്ന് കേരളത്തിന് വായ്പ ലഭിക്കുന്നത്.