Sorry, you need to enable JavaScript to visit this website.

സൗദിയയുടെ നിയോം സർവീസിന് തുടക്കം

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹാദി അൽമൻസൂരി, സൗദിയ ഡയറക്ടർ  ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിർ, നിയോം കമ്പനി സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ർ എന്നിവർ ചേർന്ന് സൗദിയയുടെ പ്രഥമ നിയോം ബേ സർവീസ് ഉദ്ഘാടനം ചെയ്യുന്നു. വലത്ത്: നിയോം ബേ സർവീസിലെ യാത്രക്കാർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു.

റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ഉത്തര, പശ്ചിമ സൗദിയിലെ ശർമായിലെ നിയോം ബേ എയർപോർട്ടിലേക്കുള്ള റെഗുലർ സർവീസുകൾക്ക് തുടക്കമിട്ടു. സൗദിയ ആഭ്യന്തര സർവീസ് ആരംഭിക്കുന്ന ഏറ്റവും ഒടുവിലത്തെ സെക്ടറാണിത്. ഇന്നലെ രാവിലെയാണ് സൗദിയയുടെ പ്രഥമ സർവീസ് റിയാദിൽ നിന്ന് നിയോം ബേ എയർപോർട്ടിലേക്ക് പുറപ്പെട്ടത്. സൗദിയിലെ ഇരുപത്തിയെട്ടാമത്തെ എയർപോർട്ടാണ് നിയോം ബേ വിമാനത്താവളം. രാജ്യത്തെ ഏറ്റവും പുതിയ എയർപോർട്ടായ നിയോം ബേയുടെ ആദ്യ ഘട്ട നിർമാണ ജോലികൾ പൂർത്തിയായിട്ടുണ്ട്. 
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നുള്ള പ്രഥമ സർവീസിന്റെ ഉദ്ഘാടന ചടങ്ങിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹാദി അൽമൻസൂരി, സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിർ, നിയോം കമ്പനി സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ർ എന്നിവരും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെയും സൗദിയയിലെയും നിയോം കമ്പനിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 
രാവിലെ 6.30 ന് പുറപ്പെട്ട പ്രഥമ സർവീസിലെ യാത്രക്കാരിൽ ഭൂരിഭാഗവും നിയോം കമ്പനി ജീവനക്കാരായിരുന്നു. പദ്ധതി പ്രദേശത്ത് ജോലിയിൽ പ്രവേശിക്കുന്നതിനാണ് ഇവർ റിയാദിൽ നിന്ന് യാത്ര തിരിച്ചത്. 
വിഷൻ 2030 പദ്ധതിയുടെ ഭാഗമായ തന്ത്രപ്രധാന പദ്ധതികളിൽ ഒന്നാണ് നിയോം. ഇക്കാര്യം കണക്കിലെടുത്ത് 'എസ്.വി 2030' എന്ന വിശിഷ്ടമായ ഫ്‌ളൈറ്റ് നമ്പറാണ് പ്രഥമ നിയോം സർവീസിന് സൗദിയ നൽകിയത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ വൻകിട പദ്ധതിക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആദ്യത്തെ എയർപോർട്ടാണ് നിയോം ബേ. സൗദിയിൽ 5-ജി സാങ്കേതിക വിദ്യയിലുള്ള ടെലികോം സേവനം ലഭ്യമായ ആദ്യത്തെ വിമനത്താവളമാണിത്.സെയ്ൻ ടെലികോം കമ്പനിയാണ് നിയോം ബേ എയർപോർട്ടിൽ 5-ജി സാങ്കേതികവിദ്യ ലഭ്യമാക്കിയിരിക്കുന്നത്. ലോക ജനസംഖ്യയിലെ 70 ശതമാനം പേർക്കും എട്ടു മണിക്കൂറിനകം വിമാന മാർഗം എത്താൻ കഴിയുമെന്നത് നിയോം ബേ എയർപോർട്ടിന്റെ പ്രത്യേകതയാണ്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും നവീനവും പ്രാധാന്യമേറിയതുമായ നിയോം എയർപോർട്ട് സൗദി, ജോർദാൻ, ഈജിപ്ത് എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കടൽ തീരത്താണ്. 
സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം പദ്ധതിക്ക് ഗതിവേഗം പകരുന്നതിനും സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ, വ്യവസായ കേന്ദ്രമെന്നോണം നിയോം പദ്ധതിക്ക് പിന്തുണ നൽകുന്നതിനും നിയോം ബേ എയർപോർട്ടിലൂടെ ലക്ഷ്യമിടുന്നു. 
3643 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച എയർപോർട്ടിൽ ആറു വിമാനങ്ങൾ നിർത്തിയിടുന്നതിന് വിശാലമായ ടാർമാകും 3757 മീറ്റർ നീളമുള്ള റൺവേയുമുണ്ട്. 
യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് നാലു ജവാസാത്ത് കൗണ്ടറുകളും വിമാന കമ്പനികൾക്കുള്ള ആറു കൗണ്ടറുകളും 100 കാറുകൾ നിർത്തിയിടുന്നതിന് വിശാലമായ പാർക്കിംഗുമുണ്ട്. നിയോം പദ്ധതി പ്രദേശത്ത് 50,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്.
 

Latest News