Sorry, you need to enable JavaScript to visit this website.

ബി.ജെ.പി അംഗത്വം മുജ്ജന്മ സുകൃതമെന്ന് അബ്ദുല്ലക്കുട്ടി

കണ്ണൂര്‍- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കാന്‍ സാധിച്ചത് തന്റെ മുജ്ജന്മ സുകൃതമാണെന്ന് എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. അംഗത്വം സ്വീകരിച്ച ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അബ്ദുല്ലക്കുട്ടിക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ഇടതു-വലതു മുന്നണികള്‍ തന്നെ പുറത്താക്കി പടിയടച്ച് പിണ്ഡം വെച്ചത്. പ്രധാനമന്ത്രിയുടെ വികസന നയത്തെ പ്രകീര്‍ത്തിച്ചതിന് ഒന്നിലധികം പ്രാവശ്യം പുറത്താക്കപ്പെടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായിരിക്കും താന്‍. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍, നിങ്ങളുടേത് ഇന്‍വെസ്റ്റ്‌മെന്റ് സോഷ്യല്‍ വര്‍ക്കും, വിഷന്‍ ഡവലപ്‌മെന്റും ആണെന്നും അതിനാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തരുതെന്നുമാണ് പറഞ്ഞത്. പിന്നീട് അമിത് ഷായെ കണ്ടു.
ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് എന്നു പറയുന്നത് തെറ്റാണ്. ബി.ജെ.പി ഗാന്ധിജിക്ക് എതിരാണെന്നാണ് പലരും വിശ്വസിക്കുന്നത്. ഇതും തെറ്റാണ്. ബി.ജെ.പിയുടെ അംഗത്വ റസീറ്റിനു പിറകില്‍ ഗാന്ധിജിയുടെ തത്വങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തനിക്ക് ബി.ജെ.പിയോടുള്ള ബഹുമാനം വര്‍ധിച്ചു.
കേരളത്തിലെ മുസ്‌ലിം യുവജനങ്ങളും ബി.ജെ.പിയെ തെറ്റിദ്ധരിച്ചിരിക്കയാണ്. ചരിത്രവും വര്‍ത്തമാനവും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് താന്‍ ഉദ്ദേശിക്കുന്നത് -അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ വികസന സങ്കല്‍പ്പത്തെയാണ് 10 വര്‍ഷം മുമ്പ് താന്‍ പ്രകീര്‍ത്തിച്ചത്. അത് ഇന്നും പ്രസക്തമാണ്. കാരണം കേരളത്തിലടക്കം നിക്ഷേപകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. എന്നാല്‍ മോഡി ഭരിച്ച ഗുജറാത്തില്‍ ഒരൊറ്റ നിക്ഷേപകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ് -അബ്ദുല്ലക്കുട്ടി പറഞ്ഞു.
ചരിത്ര ബോധമില്ലാത്ത ട്രോളര്‍മാരാണ് തന്നെ പരിഹസിക്കുന്നത്. ദേശീയ മുസ്‌ലിം എന്ന പ്രയോഗം താന്‍ ബോധപൂര്‍വം നടത്തിയതാണ്. ഇന്ത്യാ വിഭജന കാലത്ത് ദേശീയ നേതാക്കളായ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, മൗലാനാ അബുല്‍ കലാം ആസാദ്, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് എന്നിവരാണ് രാജ്യത്തെ വെട്ടിമുറിക്കരുതെന്ന് ആവശ്യപ്പെട്ടത്. തന്നെ പരിഹസിക്കുന്ന ട്രോളര്‍മാര്‍ക്ക് ദേശീയ പുഷ്പത്തെക്കുറിച്ച് ഒന്നും പറയാനില്ല. രാഷ്ട്രീയത്തില്‍ തനിക്ക് പുതിയ ഉദയം നല്‍കിയ ബി.ജെ.പിക്ക് നന്ദി പറയുന്നതായും അബ്ദുല്ലക്കുട്ടി പറഞ്ഞു.
മാരാര്‍ജി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷമാണ് സ്വീകരണ യോഗം ആരംഭിച്ചത്. നേതാക്കളായ കെ.പി.ശ്രീശന്‍, കെ.രഞ്ജിത്ത്, പി.സത്യപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest News