ദുബായ്- ദുബായിലെത്തുന്ന ഓണ്‍ അറൈവല്‍ വിസക്കാര്‍ക്ക് വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് മൂന്ന് സംവിധാനങ്ങള്‍. സ്മാര്‍ട് ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ്, ആമര്‍ കേന്ദ്രങ്ങള്‍ വഴിയാണ് വിസ പുതുക്കാന്‍ സാധിക്കുകയെന്ന് ദുബായ് ജനറല്‍ ഡയറക്ട റേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.
സ്മാര്‍ട് ആപ്ലിക്കേഷനായ ജിഡിആര്‍എഫ്എ ദുബായ് എന്ന ആപ്പ് ഉപയോഗിച്ച് വിസ കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാം. ഇതില്‍ വിസ എക്സ്റ്റന്‍ഷന്‍ എന്ന വിഭാഗത്തില്‍ ഓണ്‍ അറൈവല്‍ വിസക്കാര്‍ പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തിയതി, രാജ്യം, മറ്റു പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ കൂടുതല്‍ ദിവസത്തേക്ക് വിസ പുതുക്കാന്‍ സാധിക്കും. ഫീസ് മറ്റും ആപ്പിലൂടെ തന്നെ അടക്കാനുള്ള സംവിധാനമുണ്ട്.
വകുപ്പിന്റെ www.amer.ae എന്ന വെബ് സൈറ്റിലും ദുബായിലെ വിവിധ ആമര്‍ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററിലും ഇത്തരം വിസക്കാര്‍ക്ക് കാലാവധി ദീര്‍ഘിപ്പിക്കാനുള്ള സേവനങ്ങള്‍ക്ക് സമീപിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.