അബുദാബി- ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിക്ക് അബുദാബിയില്‍ തുടക്കം. 1177 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റാണ് എമിറേറ്റ്‌സ് വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി കമ്പനി ഉദ്ഘാടനം ചെയ്തത്. നൂര്‍ അബുദാബി എന്ന് പേരിട്ട പദ്ധതി അബുദാബിയില്‍ പുനരുപയോഗ ഊര്‍ജ പദ്ധതിക്ക് പുതിയ ഉണര്‍വ് പകരുകയും പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉല്‍പാദനം കുറക്കാന്‍ സഹായിക്കുകയും ചെയ്യും.
സുസ്ഥിരവും കാര്യക്ഷമവുമായ ഊര്‍ജ ഉപഭോഗം ഉറപ്പുവരുത്താന്‍ പുതിയ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതിക്ഷ. എമിറേറ്റിന്റെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ കുറക്കാനും ഇത് സഹായിക്കും.
3.2 ബില്യന്‍ ദിര്‍ഹമാണ് പദ്ധതിയുടെ ചെലവ്. അബുദാബിയിലെ സ്വീഹാനില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റ് അബുദാബി സര്‍ക്കാരും ജപ്പാനിലെ മറുബെനി കോര്‍പറേഷനും ചൈനയിലെ ജിന്‍കോ സോളാര്‍ ഹോള്‍ഡിംഗും അംഗങ്ങളായ കണ്‍സോര്‍ഷ്യത്തിന്റെ സംയുക്ത സംരംഭമാണ്.
90,000 പേരുടെ വൈദ്യുതി ആവശ്യം നിറവേറ്റാന്‍ പുതിയ പ്ലാന്റ് വഴി സാധ്യമാകുമെന്നാണ് കണക്ക്. 32 ലക്ഷം സോളാര്‍ പാനലുകളാണ് പദ്ധതിയില്‍ ഉപയോഗിച്ചിരിക്കുന്നത്. എട്ട് ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് വ്യാപിച്ചുകിടക്കുകയാണ് പ്ലാന്റ്. കുറഞ്ഞ ചെലവിലാണ് ഇവിടെനിന്നുള്ള വൈദ്യുതി ഉല്‍പാദനമെന്നതും നൂര്‍ അബുദാബി പദ്ധതിയെ വേറിട്ടതാക്കുന്നു.