മട്ടന്നൂര്‍- ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട യുവതി തമിഴ്നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉരുവച്ചാല്‍ കുഴിക്കലിലെ ജാനകി നിവാസില്‍ സുരേഷിന്റെ ഭാര്യ റീനയുടെ (38) ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് അയല്‍വാസി ഷാനവാസിനെ മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്നു മാസം മുമ്പാണ് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് റീന കാമുകനായ ഷാനവാസിനൊപ്പം നാടു വിട്ടത്. ഇവര്‍ കോയമ്പത്തൂരിനടുത്ത് മേട്ടുപ്പാളയത്ത് താമസച്ചിരുന്നതായാണ് നാട്ടില്‍ ലഭിച്ച വിവരം. യുവതിയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവതി ദുരൂഹ സാഹചര്യത്തില്‍ താമസ സ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് മട്ടന്നൂര്‍ സി.ഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഷാനവാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഷാനവാസിനു നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്. റീന, അയല്‍വാസിയായ ഷാനവാസുമായി അടുപ്പത്തിലാവുകയായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും പാര്‍വതിയുടെയും മകളാണ് റീന. അഭിന, അശ്വിന് എന്നിവര്‍ മക്കളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മട്ടന്നൂര്‍ പരിയാരത്തെ തറവാട്ടു വീട്ടിലെത്തിച്ച ശേഷം സംസ്കരിച്ചു. ഷാനവാസിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.