കണ്ണൂർ - വിവരാവകാശ അപേക്ഷയിൽ യഥാർഥ വിവരം നൽകാതിരിക്കുകയും അപേക്ഷകനെ അപഹസിക്കും വിധമുള്ള മറുപടി നൽകുകയും ചെയ്തുവെന്ന പരാതിയിൽ കൂത്തുപറമ്പ് സബ് ട്രഷറിയിലെ ഉദ്യോഗസ്ഥനോട് സംസ്ഥാന വിവരാവകാശ കമ്മീഷൻ വിശദീകരണം ചോദിക്കും.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ പിഴയും വകുപ്പുതല നടപടിക്കുള്ള ശുപാർശയുമടക്കമുള്ള നടപടിയിലേക്ക് നീങ്ങുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരൻ അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിലാണ് കമ്മീഷണറുടെ പ്രതികരണം. വിവരാവകാശ അപേക്ഷയിന്മേൽ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവരാവകാശ അപേക്ഷയിൽ മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങൾ പൊതുതാൽപര്യത്തെ ബാധിക്കുന്നതാണെങ്കിൽ അപേക്ഷകന് മറുപടി നൽകാൻ വിവരാവകാശ ഓഫീസർ ബാധ്യസ്ഥരാണെന്ന് കമ്മീഷൻ വ്യക്തമാക്കി. കൂത്തുപറമ്പ് സബ് ട്രഷറിയിൽ ട്രഷറി സേവിംഗ്സ് സംബന്ധിച്ച നൽകിയ വിവരാവകാശ അപേക്ഷയിൽ മരണപ്പെട്ട നിക്ഷേപകൻ നേരിട്ട് ഹാജരായാൽ വിവരം നൽകാമെന്നായിരുന്നു മറുപടി നൽകിയത്. ഇത് അങ്ങേയറ്റം ക്രൂരവും അപഹാസ്യവുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
അപേക്ഷകന് യഥാർഥ വിവരം നൽകാതിരിക്കുകയും നിയമത്തെ തന്നെ അവഹേളിക്കുകയും ചെയ്യുന്ന തരത്തിൽ മറുപടി നൽകിയ ട്രഷറിയിലെ അന്നത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് വിശദീകരണം തേടാൻ കമ്മീഷൻ തീരുമാനിച്ചു. മരണപ്പെട്ട തന്റെ അമ്മയുടെ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ അവകാശിയായി രേഖപ്പെടുത്തിയ ആളുടെ വിവരമാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നത്.
കണ്ണൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന മറുപടി തൃപ്തികരമല്ലെന്നും രേഖകൾ കണ്ടെത്തി വിവരം നൽകാൻ ആവശ്യപ്പെടുമെന്നും കമ്മീഷൻ അറിയിച്ചു. 2018 ഡിസംബർ അഞ്ചിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം സൂക്ഷിച്ചിരിക്കേണ്ട രേഖകളിൽ വിവരങ്ങൾ ലഭ്യമല്ലെന്ന് മറുപടി നൽകാൻ വിവരാവകാശ ഉദ്യോഗസ്ഥന് അധികാരമില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. മറ്റ് ഓഫീസുകളിലേക്ക് കൈമാറേണ്ട വിവരാവകാശ അപേക്ഷകൾ ഉദ്യോഗസ്ഥർ യഥാസമയം കൈമാറാത്ത സാഹചര്യം ഉണ്ടെന്നും വിവരാവകാശ നിയമത്തിന്റെ 6(3) വകുപ്പ് പ്രകാരം മറ്റൊരു ഓഫീസിൽ ലഭിക്കുന്ന വിവരങ്ങളാണെങ്കിൽ അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസിലേക്ക് കൈമാറണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഡി.ഡി.ഇ ഓഫീസിൽനിന്ന് എ.ഇ.ഒ ഓഫീസിലേക്ക് കൈമാറേണ്ട അപേക്ഷ ബന്ധപ്പെട്ട ഓഫീസിന് കൈമാറിയിട്ടില്ലെന്ന പരാതിയിൽ വിശദീകരണം തേടാനും ഒരു മാസത്തിനുള്ളിൽ ഉത്തരവ് കണ്ടെത്തി അപേക്ഷകന് ലഭ്യമാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. 15 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. ശനിയാഴ്ചയും കമ്മീഷൻ സിറ്റിംഗ് നടത്തും.