കണ്ണൂർ - വോട്ടർപട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികളിൽ പരിശോധന നടത്തി വസ്തുതാപരമായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണ നിർദേശിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടെടുപ്പിന് മുമ്പ് തന്നെ പട്ടികയയിൽനിന്ന് പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുകയുണ്ടായി. ഇതിൽ രാഷ്ട്രീയമുണ്ടായിരിക്കാം. എന്നാൽ ചിലതെങ്കിലും ന്യായമായ പരാതികളുമാകാം. കൃത്യമായ പരിശോധന നടത്തി നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ പട്ടികയിൽനിന്ന് ഒരാളെ ഒഴിവാക്കാവൂ. ഒഴിവാക്കപ്പെടുന്നവർക്ക് നോട്ടീസ് നൽകി തന്റെ ഭാഗം പറയാനുള്ള അവസരം നൽകണം. കാരണം വോട്ട് പൗരന്റെ മൗലികാവകാശമാണ്. ഒരു വോട്ടർപോലും ഒഴിവാകരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുദ്രാവാക്യം.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് ഇപ്പോൾ ഓൺലൈനായാണ്. എന്നാൽ പലർക്കും ഇതിൽ വേണ്ടത്ര അറിവില്ലാത്ത പ്രശ്‌നവുമുണ്ട്. അവരെ സഹായിക്കാൻ അക്ഷയ കേന്ദ്രങ്ങളിലൂടെ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കണം. പട്ടികയിൽ പേര് ചേർക്കുന്നതിന് സഹായിക്കുന്നതിനായി ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കാൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കൃത്യമായി എല്ലായിടത്തും പ്രാവർത്തികമായില്ല. കണ്ണൂർ ജില്ലയിൽ അർഹരായ മുഴുവൻ പേരെയും വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് ഉറപ്പാക്കാനുള്ള ആത്മാർഥമായ പരിശ്രമം തഹസിൽദാർമാരും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പരാതി രഹിതമായി 100 ശതമാനം പേരെയും പട്ടികയിൽ ചേർത്തുവെന്ന ഖ്യാതി കണ്ണൂരിന് നേടാനാകണമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിൽ ഉൾപ്പെടെ മികച്ച പ്രവർത്തനമാണ് ചെറിയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയത്. അതിൽ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനത്ത് 18 ലക്ഷത്തോളം പേരാണ് ഒരു വർഷം കൊണ്ട് പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത്. ഈ അപേക്ഷകളെല്ലാം പരിശോധിച്ച് നടപടി സ്വീകരിക്കാൻ കഴിഞ്ഞത് ഉദ്യോഗസ്ഥരുടെ ശ്രമകരമായ പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളുടെ പൊതുവായ വിലയിരുത്തൽ അദ്ദേഹം നടത്തി. യോഗത്തിൽ ജില്ലാ കലക്ടർ ടി വി സുഭാഷ്, ഡെപ്യൂട്ടി കലക്ടർ ( ഇലക്ഷൻ) എ കെ രമേന്ദ്രൻ, തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ തുടങ്ങിയവർ സംബന്ധിച്ചു.