തിരുവനന്തപുരം- കമ്യൂണിസ്റ്റ്കാരെ കണ്ട് പഠിക്കണം എന്ന് പണ്ടെപ്പോഴോ, സോണിയാഗാന്ധി കോൺഗ്രസുകാരോട് പറഞ്ഞിട്ടുണ്ടെന്നാണ് സി.പി.എമ്മിലെ സജിചെറിയാൻ ധനകാര്യബിൽ ചർച്ചയിൽ ഉറപ്പിച്ച് പറഞ്ഞത്. അതെപ്പോഴായിരുന്നു എന്നറിയില്ല, പക്ഷെ ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ ജയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ മാർഗത്തിന് ഉശിര് പകർന്ന ചെറിയാൻ ആദ്യ ദിനം മുതൽ ഒരേ ആവേശത്തിലാണ്. പാർട്ടിയെയും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെയും നേരിടാൻ വരുന്നവരുടെ മുന്നിൽ ഈ ആലപ്പുഴക്കാരൻ 'ആരെടാ വീരാ പോരിന് വാടാ ' എന്ന ശരീരഭാഷ സ്വീകരിക്കുന്നു. ഇന്നലെ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് ഫലസൂചന വന്നു തുടങ്ങിയതു മുതൽ സജിചെറിയാന്റെ പാർട്ടി ആവേശ ഗ്രാഫുയരുകയായിരുന്നു. '' കണ്ടോ , കണ്ടോ 44 ൽ 22 ൽ ഞങ്ങൾ ജയിച്ചിരിക്കുന്നു. നിങ്ങളുടെ കാര്യം പോക്കാണ്. നിങ്ങൾ അന്ത്യയാത്രയിലാണ്.. അന്ത്യയാത്രയിൽ....'' സജി ചെറിയാന് സമാനം കോൺഗ്രസ് ആവേശം കൊക്കിൽ കൊണ്ടുനടക്കുന്ന കോൺഗ്രസ് യുവനിരയിൽപെട്ട വി.ടി.ബൽറാം, കെ.എസ്.ശബരീനാഥ്, ഷാഫി പറമ്പിൽ നിരയെ നോക്കി ധനകാര്യബിൽ ചർച്ചയിൽ ചെറിയാന്റെ പ്രകോപനം.
യു.ഡി.എഫ് കേരളത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയതൊന്നും സി.പി.എം അംഗത്തിന് ഒരു പ്രശ്‌നമേ അല്ല. അതൊക്കെ താൽക്കാലികം. കാരണം ഇങ്ങിനെ ജയിച്ചവർക്ക് ചെഗുവേരയെ അറിയില്ല. കമ്യൂണിസം അറിയില്ല. നേതാവില്ലാതായ കോൺഗ്രസിന് നിതീഷ് കുമാറിനെ നേതാവാക്കി രക്ഷപ്പെടാമെന്ന് രാമചന്ദ്രഗുഹ എഴുതിയത് അംഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോൺഗ്രസിലെ പി.ടി.തോമസ് നടത്തിയ പ്രസംഗത്തിലെ കമ്യൂണിസ്റ്റ് വിമർശം പുന്നപ്രയുടെ മണ്ണിൽ നിന്ന് വന്ന സജിയെ പിടിച്ചുലച്ചിരിക്കുന്നു. പി.ടി.തോമസിനെ ഒരു ജീവിയുടെ പേര് പറഞ്ഞാണ് വിശേഷിപ്പിച്ചത്. ക്രമ പ്രശ്‌നമുന്നയിക്കാനൊന്നും ആരെയും കണ്ടില്ല. പി.ടി.തോമസിന്റെ നേതാവ് ജവഹർലാൽ നെഹ്‌റു കമ്യൂണിസത്തെപ്പറ്റി പറഞ്ഞതൊന്നും പി.ടി.തോമസിനറിയില്ലെന്ന് ചെറിയാന് ഉറപ്പ്. എന്റെ കാഴ്ചപ്പാടുകൾക്ക് പ്രകാശം പകർന്ന പ്രത്യയ ശാസ്ത്രമാണ് കമ്യൂണിസം എന്നെഴുതിയ ജവഹർലാൽ നെഹ്‌റു എവിടെ ഈ പി.ടി.തോമസ് എവിടെ? സജി ചെറിയാൻ പി.ടി.തോമസിനെ ഓർത്ത് പല്ലിറുമ്മി. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതുപോലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ഇടതു പക്ഷം ജയിക്കും-നോക്കിക്കോ, നോക്കിക്കോ പ്രതിപക്ഷ നിരയെ നോക്കി സജി ചെറിയാന്റെ ആവേശ പ്രകടനം. സി.പി.എമ്മിലെ ജെയിംസ് മാത്യു പ്രസംഗിച്ചു നിൽക്കവെ മന്ത്രി ജി.സുധാകരനും , തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കണ്ട് അടങ്ങിയിരിക്കാനായില്ല. വേനലിൽ വരണ്ട ഭൂമിയിലേക്ക് മഴതുള്ളി വീഴുന്ന അനുഭൂതിയായിരുന്നു അവർക്ക്- ശബരിമല ഉൾപ്പെടുന്ന റാന്നിയിൽ ബി.ജെ.പി സ്ഥാനാർഥിക്ക് കേവലം 9 വോട്ടാണെന്നറിയാമോ എന്ന് സുധാകരന്റെ ചോദ്യം. ഇടതുപക്ഷ ബഞ്ചിലെ ആവേശകമ്മറ്റിക്കാരെ നോക്കി കോൺഗ്രസ് അംഗം ഷാഫി പറമ്പിലിന്റെ മറു ചോദ്യം ഇങ്ങിനെ? തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം കോട്ടയായ മലമ്പുഴയിലെ കടുക്കാംകുന്ന് ഏഴാംവാർഡിൽ ബി.ജെ.പി സ്ഥാനാർഥി സൗമ്യ സതീഷ് നേടിയ വിജയം ശ്രദ്ധയിൽപ്പെട്ടോ ? ഇപ്പറഞ്ഞ കുത്തിനും ആരും പ്രതികരിച്ചു കണ്ടില്ല.
ലോക കേരള സഭയിൽ നിന്ന് രാജിവെച്ചത് കൊണ്ടൊന്നും ഇടതു പക്ഷത്തിന് ഒരു പോറലുമേൽക്കില്ലെന്ന് സി.പി.എമ്മിലെ ജെയിംസ് മാത്യുവിന് ഉറപ്പ്. ആന്തൂർ, ആന്തൂർ എന്ന് പ്രതിപക്ഷ ബഞ്ച് പ്രകോപിപ്പിച്ചെങ്കിലും ജെയിംസ് മാത്യു ഉറച്ച പാർട്ടിക്കാരനായി.
രാജു എബ്രഹാം, കെ.എസ്.ശബരീനാഥൻ, ഇ.കെ.വിജയൻ, ടി.വി.ഇബ്രാഹിം,ആർ.രാജേഷ്, ഡോ.എൻ. ജയരാജ്, സി.കെ.നാണു,വീണാജോർജ്,സി.കെ.ഹരീന്ദ്രൻ,ഇ.എസ്.ബിജമോൾ എന്നിവരും പ്രസംഗിച്ചു.
കോൺഗ്രസിലെ വി.ടി.ബൽറാം ആലപ്പുഴയിൽ നിന്നുള്ള സി.പി.എം അംഗത്തെ 'കനൽതരി 'എന്നാണ് വിശേഷിപ്പിച്ചത്. ട്രോളുകളുടെ കാലത്തെ ഈ വാക്കിന് ചെറുതല്ലാത്ത മൂർച്ച.
ബൽറാമിനെപോലെ സോഷ്യൽ മീഡിയയിൽ സജീവമായ ഇടതു സഹയാത്രികൻ കൂടിയായ എസ്. ഗോപാലകൃഷ്ണന്റെ ഇനി പറയുന്ന പോസ്റ്റ് ഇതിനോടകം വൻ പ്രചാരം നേടിയ സാഹചര്യത്തിൽ 'കനൽ തരി 'പ്രയോഗത്തിന് പ്രസക്തിയേറി. ഗോപാലകൃഷ്ണന്റെ ഫേസ് ബുക്ക് വരികൾ ഇങ്ങിനെ '' കേരളത്തിൽ നിന്നുള്ള ഒരു എം പി എഴുതിത്തയ്യാറാക്കിയ ഇംഗ്ലീഷിലുള്ള കന്നിപ്രസംഗത്തിൽ ഇീിേെശൗേശേീി എന്നത് രീിരലിേൃമശേീി എന്ന് വായിച്ചു കേട്ടു. ഇീിേെശുമശേീി എന്നായിരുന്നു യഥാർത്ഥത്തിൽ വായിക്കേണ്ടിയിരുന്നത്. കക്ഷി രാഷട്രീയ ഭേദമില്ലാതെ മലയാളി എം.പി മാർക്കുള്ള ഒരു പ്രശ്‌നമാണ് അറിയാത്ത ഭാഷയിൽ നിയമനിർമ്മാണ സഭയിൽ തട്ടി വീഴുക എന്നത്. ഇംഗ്ലീഷിൽ സംസാരിച്ച് കേരളത്തിലെ വോട്ടർമാരെ വിസ്മയിപ്പിക്കേണ്ട ആവശ്യമില്ല. രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയിൽ മലയാളമെന്ന ഉന്നത ഭാഷ പറയാമെന്നിരിക്കെ എന്തിനാണ് ഈ ദഹനക്കേടിന്റെ ഏമ്പക്കങ്ങൾ? ഉത്തരേന്ത്യക്കാർ തെളിവെള്ളം പോലെ അവരുടെ ഹിന്ദിയും തമിഴന്മാർ അഴകാന തമിഴും പറയുമ്പോൾ നാമെന്തിനാണ്, ആരെ കാണിക്കാനാണ്, ഈ ഇംഗ്ലീഷ് പ്രേമം ഉയർത്തുന്നത്? മലയാളി എം പിമാരുടെ രാഷ്ട്രീയ സാമൂഹ്യ ബോധ്യങ്ങൾ പ്രതിഫലിക്കണമെങ്കിൽ ഇംഗ്ലീഷ് അറിയാമെന്ന് കാണിക്കാനുള്ള വ്യഗ്രത അവർ ഒഴിവാക്കണം. അറിയാവുന്നതേ പറയാവൂ...എഴുത്തച്ഛനും കുമാരനാശാനും ഉണ്ടായ ഭാഷയാണ്.. നാണക്കേടല്ല, അഭിമാനമാണത്..''
തന്റെ ഫേസ് ബുക്ക് പോസ്റ്റിനെക്കുറിച്ച് പറയുന്നവരോട് ബലറാമിന് ഒന്നെ പറയാനുള്ളൂ- എന്റെ ഫേസ്ബുക്ക് പോസ്റ്റ് വെച്ചാണ് നിങ്ങൾ പല വിഷയത്തിലും കേസെടുക്കാനും എടുക്കാതിരിക്കാനും തുനിയുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല. തെറ്റുകളുടെ കാര്യമെടുത്താൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കണം എന്നതാണ് നിലപാട്. അത് ആന്തൂരിനും ബാധകമാണ്.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിനായി ഇല്ലാത്ത കാശെടുത്ത് ഒന്നരക്കോടി ധൂർത്തടിച്ചെന്ന് ബൽറാം പറഞ്ഞപ്പോൾ ഭരണ നിര ശക്തിയായി പ്രതിഷേധിച്ചു. എം.സ്വരാജ്, ടി.വി.രാജേഷ്, എ.എൻ.ഷംസീർ , രാജഗോപാൽ സംഘമായിരുന്നു മുന്നിൽ. ജെയിംസ് മാത്യുവും ഒപ്പം ചേർന്നു. ന്യായീകരിക്കേണ്ടത് നിങ്ങളുടെ ജോലിയായിരിക്കും. എതിർക്കേണ്ടത് എന്റെ ജോലിയും. 19 ലോക് സഭാ സീറ്റിൽ തോറ്റവർ 22 പഞ്ചായത്ത് മെമ്പർമാർ ജയിച്ചപ്പോൾ ആവേശം കൊള്ളുന്നത് കാണുമ്പോൾ ബൽറാമിന് ആ പഴയ ചന്ദനിത്തിരി പരസ്യമാണ് ഓർമ്മ വരുന്നത്- ആഹ്ലാദിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.
ചർച്ചക്ക് മറുപടി പറഞ്ഞ മന്ത്രി തോമസ് ഐസക്കിനും അക്കാര്യം ഉറപ്പായിരുന്നു- ലോക സഭാ ഫലമായിരിക്കില്ല നിയമ സഭയിൽ. അവിടെ ഞങ്ങൾ തന്നെ ജയിക്കും ഉറപ്പ്.