Sorry, you need to enable JavaScript to visit this website.

ബഹ്‌റൈന്‍ എംബസി കൈയേറ്റം; ഇറാഖ് ഖേദം പ്രകടിപ്പിച്ചു

റിയാദ്- ഇറാഖിലെ ബഹ്‌റൈൻ എംബസി ആക്രമണത്തെ ബഹ്‌റൈൻ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബഗ്ദാദിലെ തങ്ങളുടെ അംബാസഡർ സ്വലാഹ് അലി അൽ മാലികിയെ കൂടിയാലോചനകൾക്കായി ബഹ്‌റൈൻ തിരിച്ചുവിളിച്ചു. നയതന്ത്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട 1961 വിയന്ന കരാർ പ്രകാരം ഇറാഖിലെ ബഹ്‌റൈൻ എംബസിക്കും കോൺസുലേറ്റിനും എംബസി, കോൺസുലേറ്റ് ജീവനക്കാർക്കും സംരക്ഷണം നൽകുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഇറാഖ് ഗവൺമെന്റ് വഹിക്കണമെന്ന് ബഹ്‌റൈൻ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. അങ്ങേയറ്റം ഖേദകരമായ സംഭവമാണ് ബഹ്‌റൈൻ എംബസിക്കു നേരെയുണ്ടായതെന്ന് ഇറാഖിലെ മുൻ സൗദി അംബാസഡർ ഥാമിർ അൽ സബ്ഹാൻ പറഞ്ഞു. 
ബഗ്ദാദിലെ ബഹ്‌റൈൻ എംബസി ആക്രമണം അംഗീകരിക്കാൻ കഴിയാത്തതും അപലപനീയവുമാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാശ് പറഞ്ഞു. ഇറാഖ് നഗരങ്ങളിലെ നയതന്ത്ര കാര്യാലങ്ങൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ നിയമപരമായ ഉത്തരവാദിത്തങ്ങളും പ്രതിജ്ഞാബദ്ധതകളും ഇറാഖ് ഗവൺമെന്റ് പാലിക്കണമെന്നും ഡോ.അൻവർ ഗർഗാശ് ആവശ്യപ്പെട്ടു. ബഹ്‌റൈൻ എംബസി ആക്രമണത്തെ യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയവും അപലപിച്ചു. രാജ്യരക്ഷക്കും നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷക്കും എതിരായ ഭീഷണികൾ നേരിടുന്നതിന് യു.എ.ഇ ബഹ്‌റൈനൊപ്പം നിലയുറപ്പിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ ഇറാഖ് ഖേദപ്രകടനം നടത്തി ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയുടെ ഓഫീസ് പ്രസ്താവനയിറക്കി. എംബസി ആക്രമണത്തിൽ പങ്കെടുത്തവരിൽ പെട്ട 54 പേരെ ഇറാഖ് അറസ്റ്റ് ചെയ്തു. 
പ്രകടനക്കാരെ എംബസി കോംപൗണ്ടിൽ നിന്ന് പുറത്താക്കുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും എംബസിക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനും കാരണക്കാരായവരെ അറസ്റ്റ് ചെയ്യുന്നതിനും സുരക്ഷാ വകുപ്പുകൾ സത്വര നടപടികൾ സ്വീകരിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഇറാഖ് ഗവൺമെന്റ് ഒരിക്കലും അനുവദിക്കില്ല. നയതന്ത്ര കാര്യാലയങ്ങൾക്കും അവയിലെ ജീവനക്കാർക്കും ഭീഷണി സൃഷ്ടിക്കുന്ന ഒരു പ്രവർത്തനവും ഒരിക്കലും അംഗീകരിക്കില്ലെന്നും പ്രസ്താവന പറഞ്ഞു. 
ഇസ്രായിലി-ഫലസ്തീൻ സംഘർഷത്തിന് പരിഹാരം കാണുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക പദ്ധതിയിലുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് പ്രതിഷേധക്കാർ ബഹ്‌റൈൻ എംബസിയിൽ ഫലസ്തീൻ പതാക ഉയർത്തിയത്. അമേരിക്കൻ പദ്ധതി വിശകലനം ചെയ്യുന്നതിന് ഈയാഴ്ച മനാമയിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചിരുന്നു. 
ട്രംപിന്റെ ഉപദേഷ്ടാവ് ജരേദ് കുഷ്‌നർ ശിൽപശാലയിൽ പങ്കെടുത്തു. പശ്ചിമേഷ്യൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന പോംവഴി അവലംബിക്കാത്ത ട്രംപിന്റെ പദ്ധതി തള്ളിക്കളഞ്ഞ ഫലസ്തീൻ അതോറിറ്റി ശിൽപശാലയിൽ പങ്കെടുത്തിരുന്നില്ല. 
അമേരിക്കൻ സമാധാന പദ്ധതിയിൽ അറബ് ലോകം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഫലസ്തീൻ പ്രശ്‌നത്തിൽ അറബ് ലോകത്തുള്ള ജനവികാരം തങ്ങളുടെ വിഭാഗീയ അജണ്ടകൾക്കും മേഖലയിൽ സ്വാധീനം വ്യാപിപ്പിക്കുന്നതിനും ഇറാൻ ചൂഷണം ചെയ്യുകയാണെന്ന് നിരവധി പേർ കുറ്റപ്പെടുത്തി. ഇറാൻ അനുകൂല ശിയാ മിലീഷ്യയായ കതായിബ് ഹിസ്ബുല്ലയാണ് എംബസി ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

 

Latest News