റിയാദ്- ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയുടെ (ജി-20) അടുത്ത ഉച്ചകോടിക്ക് റിയാദ് സാക്ഷ്യം വഹിക്കും. റിയാദ് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ 2020 നവംബർ 21, 22 തീയതികളിലാണ് ഉച്ചകോടി നടക്കുക. ഒസാക ഉച്ചകോടിക്കിടെ അടുത്ത വർഷത്തെ ഉച്ചകോടിയുടെ അധ്യക്ഷ പദവി സൗദി അറേബ്യ ഏറ്റെടുക്കും.
പതിനഞ്ചാമത് ജി-20 ഉച്ചകോടിക്ക് തലസ്ഥാന നഗരിയായ റിയാദ് ആതിഥ്യം നൽകുന്നതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സൗദി അറേബ്യക്കുള്ള കേന്ദ്ര സ്ഥാനമാണ് അടിവരയിട്ടു വ്യക്തമാക്കുന്നത്.
ആദ്യമായല്ല സൗദി അറേബ്യ ലോക ഉച്ചകോടികൾക്ക് ആതിഥ്യം വഹിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി വിദേശ സന്ദർശനത്തിന് തെരഞ്ഞെടുത്തത് സൗദി അറേബ്യയെ ആയിരുന്നു. ട്രംപിന്റെ സന്ദർശനത്തിനിടെ മൂന്നു ഉച്ചകോടികൾ വിജയകരമായി സംഘടിപ്പിച്ച് സൗദി അറേബ്യ ആഗോള തലത്തിൽ ലോക കേന്ദ്രമായി മാറി.
സൗദി-അമേരിക്കൻ ഉച്ചകോടി, ഗൾഫ്-അമേരിക്കൻ ഉച്ചകോടി, ഇസ്‌ലാമിക്-അമേരിക്കൻ ഉച്ചകോടി എന്നീ മൂന്നു ഉച്ചകോടികളാണ് അന്ന് സൗദി അറേബ്യ സംഘടിപ്പിച്ചത്. ഈ ഉച്ചകോടികളിൽ 50 ലേറെ അറബ്, ഇസ്‌ലാമിക് രാഷ്ട്ര നേതാക്കൾ പങ്കെടുത്തു.
ഒരു അറബ് രാജ്യം ആദ്യമായി സംഘടിപ്പിക്കുന്ന ജി-20 ഉച്ചകോടിയെന്ന നിലയിൽ അടുത്ത വർഷത്തെ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രാദേശിക, ആഗോള തലങ്ങളിൽ സൗദി അറേബ്യക്കുള്ള കേന്ദ്ര സ്ഥാനവും വിഷൻ-2030 പദ്ധതി കൈവരിച്ച നേട്ടങ്ങളുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ലോക നിക്ഷേപകർക്കിടയിൽ സൗദി അറേബ്യയുടെ ആകർഷകത്വം വർധിപ്പിക്കുന്നതിന് വിഷൻ-2030 പദ്ധതിക്ക് സാധിച്ചു.
ജി-20 രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിദേശനാണ്യ കരുതൽ ശേഖരമുള്ള മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 507.2 ബില്യൺ ഡോളർ (1.9 ട്രില്യൺ റിയാൽ) ആണ്. വിദേശനാണ്യ ശേഖരത്തിൽ ചൈനയും ജപ്പാനുമാണ് സൗദി അറേബ്യക്കു മുന്നിലുള്ളത്.
സൗദി അറേബ്യയുടെ സോവറീൻ ഫണ്ട് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സോവറീൻ ഫണ്ടാണ്. സൗദി സോവറീൻ ഫണ്ടിന്റെ ആസ്തി 515.6 ബില്യൺ ഡോളറാണ്.
ഒപെക്കിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിനം 10.7 ദശലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്. ലോകത്തെ ആകെ എണ്ണ ഉൽപാദനത്തിന്റെ പതിമൂന്നു ശതമാനമാണിത്.
ഒരുവിധ നിക്ഷേപങ്ങളും നടത്താതെ പ്രതിദിനം പതിമൂന്നു ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നതിനുള്ള അധിക ശേഷിയും സൗദി അറേബ്യക്കുണ്ട്.