Sorry, you need to enable JavaScript to visit this website.

മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം തലശ്ശേരി സ്വദേശിയുടേത്

ദുബായ്- ജൂണ്‍ ഒന്‍പതിന് അജ്മാന്‍ അല്‍ തല്ലഹ് മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ഒന്നര മാസം മുന്‍പ് കാണാതായ കണ്ണൂര്‍ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദ് (33) ആണ് മരിച്ചതെന്നാണ് സ്ഥിരീകരണം. ഷാര്‍ജ വ്യവസായ മേഖലയായ സജയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യവേയാണ് റാഷിദിനെ കാണാതായത്.
കടയുടമയും സഹോദരനും പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഈ മാസം ഒന്‍പതിന് അല്‍ തല്ല മരുഭൂമിയില്‍ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പോലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ ഐഡി ആയതിനാല്‍, അയാള്‍ മരിച്ചു എന്നാണ് പോലീസ് അറിയിച്ചത്.
റാഷിദിനെ കളിപ്പിക്കാന്‍ സുഹൃത്തുക്കള്‍ നൗഫലിന്റെ ഐഡി അദ്ദേഹത്തിന്റെ പോക്കറ്റില്‍ അറിയാതെ ഇടുകയായിരുന്നത്രെ. ഈ തമാശയാണ് വിനയായത്. ഇക്കാര്യം പോലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ സഹോദരനെയും സാമൂഹിക പ്രവര്‍ത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസല്‍ പറഞ്ഞു.
കാണാതായി ഒന്നര മാസത്തിന് ശേഷമാണ് റാഷിദിന്റെ മൃതദേഹം മരുഭൂമിയില്‍ കണ്ടെത്തുന്നത്. ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു എന്ന് വ്യക്തമല്ല. സഹോദരന്‍ ദാവൂദ് അജ്മാനില്‍ ജോലി ചെയ്യുന്നുണ്ട്. അവിവാഹിതനായ റാഷിദിന്റെ മാതാവ് സൗദ.  
 

 

 

Latest News