ദമാം- മലപ്പുറം നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖ് (29) ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈ കമ്പനിയില്‍ വെയര്‍ ഹൗസ് ഇന്‍ചാര്‍ജ് ആയ ഇദ്ദേഹം അല്‍ കോബാര്‍ തുഖ്ബയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ ഒരുങ്ങവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള അഖ്റബിയ കിംഗ് ഫഹദ് സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ ക്ലബ് ആയ ഫോര്‍സ എഫ് സിയുടെ മികച്ച കളിക്കാരനായ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞു ഫുട്ബാള്‍ പ്രേമികളായ നൂറു കണക്കിനാളുകള്‍ ആശുപത്രിയിലെത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കവും ജാഫര്‍ കൊണ്ടോട്ടിയും രംഗത്തുണ്ട്. അവിവാഹിതനാണ്. പിതാവ്: നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദ്. മാതാവ്: ജമീല. സഹോദരങ്ങള്‍: ഹസീന,ആരിഫ,സിദ്ധീഖ്.