അൽജൗഫ്- അറുപത് ദിവസത്തോളം തർഹീലിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മാരിമുത്തു കുപ്പുസ്വാമിക്ക് അൽ ജൗഫ് കെ.എം.സി.സി തുണയായി. രണ്ടു വർഷം മുൻപ് സൗദിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയും എക്‌സിറ്റ് വിസയിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ മേയിൽ മറ്റൊരു കമ്പനിയിൽ വരികയുമായിരുന്നു.
നേരത്തെ എക്‌സിറ്റ് അടിച്ച ശേഷം അൽ ജൗഫിൽ ജോലി ചെയ്ത വേളയിൽ പോലീസ് പിടിക്കുകയും പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇത് അടയ്ക്കാതെയാണ് മാരിമുത്തു നാട്ടിൽ പോയത്. തിരികെയെത്തിയപ്പോൾ
റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ പിടിയിലാവുകയായിരുന്നു. റിയാദ്, ജിദ്ദ തർഹീലുകളിൽ എത്തിച്ച ശേഷം പിന്നീട് അൽജൗഫിലേക്ക് കൊണ്ടുവരികയായിരുന്നു.
കെ.എം.സി.സി പ്രവർത്തകർ ഇടപെട്ട് മാരിമുത്തുവിനെ പുറത്തിറക്കി കമ്പനിയിൽ എത്തിക്കുകയായിരുന്നു.
അൽ ജൗഫ് കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ കൊണ്ടോട്ടി, ട്രഷറർ ഷാദിൽ വാഴക്കാട്, അനസ് പി ഇയ്യാട്, സൈദാലി നമ്പാൻകുന്നത്ത് , മൊയ്തീൻ പുലാമന്തോൾ തുടങ്ങിയവർ നേതൃത്വം നൽകി.