റിയാദ് - ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് അവസാനിച്ചതായി റിപ്പോർട്ട്. വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ സമീപിച്ച ചെറുകിട സ്ഥാപന ഉടമകളോട് ഭീമമായ തുക ലെവി ഇനത്തിൽ അടക്കാന്‍ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
ഭീമമായ ലെവി അടക്കാന്‍ അപ്രതീക്ഷിതമായി മന്ത്രാലയം ആവശ്യപ്പെട്ടത് ചെറുകിട സ്ഥാപന ഉടമകളെ ഞെട്ടിച്ചു. നേരത്തെ ഒരു തൊഴിലാളിക്ക് വർഷത്തിൽ 100 റിയാലാണ് വർക്ക് പെർമിറ്റ് ഫീസ് ആയി ചെറുകിട സ്ഥാപനങ്ങൾ അടച്ചിരുന്നത്. ഇപ്പോൾ ഏഴായിരം റിയാലിൽ കൂടുതലാണ് ഒരു തൊഴിലാളിക്ക് അടയ്ക്കുന്നതിന് മന്ത്രാലയം ആവശ്യപ്പെടുന്നതെന്ന് ചെറുകിട സ്ഥാപന ഉടമകൾ പറയുന്നു.
നാലും അതിൽ കുറവും തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങളെ അഞ്ചു വർഷത്തേക്കാണ് ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഇളവ് കാലാവധി റമദാനു മുമ്പ് അവസാനിച്ചിട്ടുണ്ട്. മന്ത്രിസഭാ തീരുമാന പ്രകാരമാണ് ചെറുകിട സ്ഥാപനങ്ങളെ അഞ്ചു വർഷത്തേക്ക് ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഉടമകളായ സൗദി പൗരന്മാർ സ്ഥാപന നടത്തിപ്പ് ഫുൾടൈം അടിസ്ഥാനത്തിൽ വഹിക്കുന്ന ചെറുകിട സ്ഥാപനങ്ങളെയാണ് ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതിനുള്ള തീരുമാനം ഹിജ്‌റ 1435 ശഅ്ബാൻ 25 ന് (2014 ജൂൺ 23) ആണ് മന്ത്രിസഭ കൈക്കൊണ്ടത്.
ഭീമമായ തുക ലെവി ഇനത്തിൽ അടയ്ക്കുന്നതിന് ആവശ്യപ്പെട്ടതിനെ കുറിച്ച ചെറുകിട സ്ഥാപന ഉടമയുടെ അന്വേഷണത്തിന് ലെവി ഇളവ് കാലാവധി അവസാനിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മറുപടി നൽകി. 2019 ഏപ്രിൽ 30 നു മുമ്പായി പുതുതായി ലൈസൻസ് നേടി പ്രവർത്തനം തുടങ്ങിയ ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിച്ചതു മുതൽ അഞ്ചു വർഷത്തേക്കാണ് ലെവിയിൽ നിന്ന് ഇളവ് ലഭിക്കുക. സ്ഥാപനത്തിലെ തൊഴിലാളിക്ക് ആദ്യ വർക്ക് പെർമിറ്റ് അനുവദിക്കുകയോ പുതുക്കുകയോ ചെയ്ത തീയതി മുതലാണ് അഞ്ചു വർഷം കണക്കാക്കുക. ഇളവ് കാലാവധി കണക്കാക്കുന്നതിന് ഹിജ്‌റ വർഷമാണ് അവലംബിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
2014 മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിത്തുടങ്ങിയത്. പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിന് 2400 റിയാലാണ് ലെവി ഇനത്തിൽ അടയ്‌ക്കേണ്ടിയിരുന്നത്. അതിനു മുമ്പ് വർക്ക് പെർമിറ്റ് ഫീസ് ആയി പ്രതിവർഷം 100 റിയാൽ മാത്രം അടച്ചാൽ മതിയായിരുന്നു. 2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്.
2017 അവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2400 റിയാലാണ് ലെവി ഇനത്തിൽ അടയ്ക്കേണ്ടിയിരുന്നത്. 2018 ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കി. സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4800 റിയാലും സൗദികളുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3600 റിയാലുമാണ് കഴിഞ്ഞ കൊല്ലം ലെവിയായി അടയ്‌ക്കേണ്ടിയിരുന്നത്.
ഈ വർഷം സൗദികളേക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരേക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 500 റിയാലും ആണ്. അടുത്ത വർഷം സൗദികളേക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരേക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.