കാസർകോട്- കോടികളുടെ നിക്ഷേപം കൈക്കലാക്കി ഭാര്യയും മക്കളുമായി ചിട്ടിക്കമ്പനി ഉടമകൾ ഗൾഫിലേക്ക് മുങ്ങിയതായി പരാതി. കാസർകോട് ബാങ്ക് റോഡിൽ പ്രവർത്തിച്ചു വന്ന ചിട്ടി ഫണ്ട് നടത്തിപ്പുകാർക്കെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തു വന്നത്. ചിട്ടിക്കമ്പനി ഉടമകൾ മുങ്ങിയതും പണം കടത്തിയതും ഷാർജയിലേക്കെന്നാണ് റിപ്പോർട്ട്. വെട്ടിച്ചത് എട്ടു കോടിയിലേറെ രൂപയാണെന്നും മുൻ പ്രവാസികളുടെ പണവും കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമുള്ള വാർത്തകളും പുറത്തുവരുന്നു.
കോടികളുടെ നിക്ഷേപം കൈക്കലാക്കി ഭാര്യയുമായി ചിട്ടിക്കമ്പനി ഉടമയിൽ ഒരാൾ മധുവിധു കാലം ഉല്ലസിക്കാൻ പോയത് തായ്‌ലൻഡിലേക്ക്, വിവാഹം കഴിഞ്ഞ് കുഞ്ഞു പിറന്നപ്പോൾ ബെർത്ത്‌ഡേ ആഘോഷിച്ചത് മുംബൈയിലെയും വിദേശത്തെയും വൻകിട റിസോർട്ടുകളിലും പാർക്കുകളിലും. സഞ്ചരിക്കാൻ ഇരുപതും ഇരുപത്തിയഞ്ചും ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങൾ വാങ്ങിക്കൂട്ടി. നാട്ടിൽ മുഴുവൻ സ്ഥാപനങ്ങളും സ്ഥലമെടുപ്പും.
ചിട്ടിക്കമ്പനി നടത്തിപ്പുകാരുടെ ആർഭാട ജീവിതത്തിന്റെ കഥകൾ ഓരോന്നായി പുറത്തു വരുമ്പോൾ ചിട്ടിയിൽ പണം നൽകി വഞ്ചിതരായ പാവങ്ങൾ നൽകിയ പണം തിരിച്ചുകിട്ടാതെ കടക്കെണിയിലാണുള്ളത്. കബളിക്കപ്പെട്ട 35 നിക്ഷേപകർ ഒത്തുചേർന്ന് ഒപ്പിട്ടു കാസർകോട് ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് പരാതി നൽകിയതോടെയാണ് കോടികൾ തട്ടിയ കഥകൾ വെളിച്ചത്തു വന്നത്. കാസർകോട് ബാങ്ക് റോഡിലെ സ്വകാര്യ കെട്ടിടത്തിൽ അഞ്ചു വർഷത്തിലേറെയായി പ്രവർത്തിച്ചു വന്നിരുന്ന ചിട്ടി ഫണ്ട് നടത്തിപ്പുകാർക്ക് എതിരെയാണ് നിക്ഷേപകർ രംഗത്തു വന്നിരിക്കുന്നത്.
ഒരു ലക്ഷം, മൂന്ന് ലക്ഷം, അഞ്ചു ലക്ഷം വീതമുള്ള ചിട്ടികൾക്ക് കൂടിയ ഇടപാടുകാർ പ്രതിമാസം പതിനായിരം മുതൽ 25,000 രൂപ വരെയുള്ള നിക്ഷേപമാണ് നൽകിയത്. ചിട്ടികളുടെയെല്ലാം കാലാവധി തീർന്നതോടെ ഉടമകൾ മുഴുവൻ പണവുമായി മുങ്ങി.
അന്യസംസ്ഥാനത്ത് നടത്തിയെന്ന് പറയുന്ന വ്യാജ രജിസ്‌ട്രേഷൻ രേഖ കാണിച്ചാണ് പണം വാങ്ങിയത്. ചിട്ടിയിൽ ചേർന്നവർക്കെല്ലാം എഗ്രിമെന്റും ചെക്കും നൽകിയിരുന്നു. ഇതുമായി ബാങ്കിൽ ചെന്നപ്പോൾ ആണ് വണ്ടിച്ചെക്കാണെന്ന് വ്യക്തമായത്.
ചിട്ടിപ്പണത്തിന് പുറമെ വ്യവസായവും സ്ഥാപനങ്ങളും തുടങ്ങാനെന്നു വാഗ്ദാനം ചെയ്തു പത്തും ഇരുപതും ലക്ഷം രൂപ വീതം നൂറും ഇരുനൂറും ദിവസം കാലാവധി നിശ്ചയിച്ചും വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൊളത്തൂർ പെർളടുക്കത്തെ വി.കൃഷ്ണനോട് പാലക്കുന്നിൽ വൻ പദ്ധതി തുടങ്ങുമെന്ന് വാഗ്ദാനം ചെയ്താണ് പത്ത് ലക്ഷം രൂപ വാങ്ങിയത്. ചട്ടഞ്ചാലിലെ വി.രാമചന്ദ്രനിൽ നിന്ന് ചിട്ടിയിനത്തിൽ അഞ്ചു ലക്ഷം രൂപയാണ് തട്ടിയത്. മോഹനൻ പുള്ളത്തൊട്ടിയും ചെമ്മനാട്ടെ ഉണ്ണികൃഷ്ണനും ലക്ഷങ്ങളുടെ ചിട്ടിക്ക് ചേർന്നാണ് വഞ്ചിതനായത്. രണ്ടു മാസം മുമ്പ് വരെ ചിട്ടി ഫണ്ടിന്റെ ഓഫീസ് പ്രവർത്തിച്ചു വന്നിരുന്നു. കുറേ നാളുകളായി വാടക നൽകാത്തതിനാൽ ഓഫീസിന് കെട്ടിട ഉടമയുടെ പൂട്ട് വീണു.