ദുബായ്- സ്വകാര്യ കമ്പനിയിലേക്ക് ജോലിക്കായി കൊണ്ടുവന്ന മുന്നൂറോളം വിദേശി തൊഴിലാളികള്‍ മാസങ്ങളായി ശമ്പളമില്ലാതെ വലയുന്നു. ആഹാരം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെ കുടുങ്ങിപ്പോയ ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു. തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് അടിയന്തര ആവശ്യങ്ങളും എത്തിക്കാന്‍ ജീവകാരുണ്യ സംഘടനകളും രംഗത്തെത്തി.
ഭക്ഷണമില്ലാത്തതും ശരിയായ താമസ സൗകര്യമില്ലാത്തതും പലരേയും രോഗികളാക്കിയിട്ടുണ്ട്. പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ അതിന് സാധ്യമല്ലാത്ത അവസ്ഥയാണ്.വിസകള്‍ പുതുക്കി നല്‍കാന്‍ തൊഴിലുടമ സന്നദ്ധനുമല്ല.
കോണ്‍സല്‍ ജനറല്‍ വിപുലിന്റെ നിര്‍ദേശപ്രകാരം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്‌നം പരിഹരിക്കാമെന്ന് കമ്പനിയുടമ ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. ബിസിനസ് പ്രതിസന്ധിയിലായതാണ് ശമ്പളം കൊടുക്കാതിരിക്കാന്‍ കാരണമെന്നാണ് കമ്പനി ഉടമയുടെ ന്യായം. കുറച്ച് തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കിയതായും ബാക്കിയുള്ളവര്‍ക്കും ശമ്പളം നല്‍കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുബായ് മാനവശേഷി മന്ത്രാലയത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും വിപുല്‍ പറഞ്ഞു.
ജീവകാരുണ്യ സംഘടനയായ ദാറുല്‍ ബേര്‍ സൊസൈറ്റി തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കളെത്തിച്ചു. മെഡിക്കല്‍ ക്യാമ്പും നടത്തി.
ഒരു വര്‍ഷത്തോളമായി കമ്പനിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. സോനാപൂര്‍ ലേബര്‍ ക്യാമ്പിലാണ് തൊഴിലാളികള്‍ കഴിയുന്നത്.