ഹഫർ അൽബാത്തിൻ- സൗദി, കുവൈത്ത് അതിർത്തിയിലെ അൽറഖ്ഇ അതിർത്തി പോസ്റ്റ് കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു.
കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ, ഹഫർ അൽബാത്തിൻ ഗവർണർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഅദ് രാജകുമാരൻ, സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ, നാഷണൽ ഗാർഡ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ബദർ അൽജാബിരി, അൽറഖ്ഇ മർകസ് മേധാവി ഖാലിദ് അൽഖർബൂശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
160 കോടി റിയാൽ ചെലവഴിച്ച് നിർമിച്ച പുതിയ അതിർത്തി പോസ്റ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഏരിയയിൽ അതിർത്തി പ്രവേശന കവാടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ഉപയോഗത്തിന് പതിനാറു കെട്ടിടങ്ങളുണ്ട്. വിശാലമായ കസ്റ്റംസ് ഏരിയയും വൈദ്യുതി, ജല നിലയങ്ങളും ഇവിടെയുണ്ട്.
സൗദി അറേബ്യയിലെ മോഡൽ അതിർത്തി പോസ്റ്റുകളിൽ ഒന്നാണ് അൽറഖ്ഇ അതിർത്തി പോസ്റ്റ് എന്ന് ഗവർണർ പറഞ്ഞു. കുവൈത്തിലെയും സൗദിയിലെയും മറ്റു രാജ്യങ്ങളിലെയും പൗരന്മാരുടെ നീക്കം അൽറഖ്ഇ അതിർത്തി പോസ്റ്റ് എളുപ്പമാക്കും. ചരക്കു നീക്കത്തിനുള്ള ആകർഷകവും തന്ത്രപ്രധാനവുമായ കേന്ദ്രമായും അൽറഖ്ഇ പോസ്റ്റ് മാറും.
400 കോടിയിലേറെ റിയാലിന്റെ പുതിയ പദ്ധതികളാണ് ഹഫർ അൽബാത്തിനിൽ നടപ്പാക്കുന്നത്. ഇതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം 12 ശതമാനമാണെന്നും സൗദ് ബിൻ നായിഫ് രാജകുമാരൻ പറഞ്ഞു.
സൗദി അറേബ്യക്കും കുവൈത്തിനുമിടയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലുള്ള വർധനവുമായി പുതിയ അതിർത്തി പോസ്റ്റ് ഒത്തുപോകുമെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരവും സാമ്പത്തിക ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്നും സൗദി കസ്റ്റംസ് അണ്ടർ സെക്രട്ടറി മാജിദ് അൽമർസം പറഞ്ഞു. ചരക്കു ലോറികളുടെ സുഗമമായ നീക്കത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പുതിയ അതിർത്തി പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ആകെ 61,65,456 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഏരിയയിലാണ് അതിർത്തി പോസ്റ്റ് നിർമിച്ചിരിക്കുന്നത്. പ്രതിദിനം 12,000 വാഹനങ്ങളും രണ്ടായിരം ട്രക്കുകളും ഉൾക്കൊള്ളുന്നതിന് പുതിയ അതിർത്തി പോസ്റ്റിന് ശേഷിയുണ്ട്. കസ്റ്റംസ്, അൽറഖ്ഇ മർകസ്, ജവാസാത്ത്, ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ്, ചേംബർ ഓഫ് കൊമേഴ്‌സ്, പോലീസ്, സിവിൽ ഡിഫൻസ്, മീഡിയ സെന്റർ, അനിമൽ-പ്ലാന്റ് ക്വാറന്റൈൻ എന്നിവ അടക്കമുള്ള വകുപ്പുകൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഏരിയയിൽ കെട്ടിടങ്ങളുണ്ട്. അതിർത്തി പോസ്റ്റിൽ സേവനമനുഷ്ഠിക്കുന്നവരുടെ താമസത്തിന് 320 പാർപ്പിട യൂനിറ്റുകളുമുണ്ട്. ഫാമിലികൾക്കും ബാച്ചിലേഴ്‌സിനും വെവ്വേറെ പാർപ്പിടങ്ങളുണ്ട്. കൂടാതെ അതിർത്തി പോസ്റ്റിലെ മെയിന്റനൻസ്, ക്ലീനിംഗ് ജോലികളുടെ കരാറേറ്റെടുത്ത കമ്പനിക്കു കീഴിലെ തൊഴിലാളികൾക്ക് പ്രത്യേകമായി പാർപ്പിട സമുച്ചയവുമുണ്ട്. 50 മെഗാ വാട്ട് ശേഷിയുള്ള വൈദ്യുതി നിലയം, ദിവസേന 630 ഘനമീറ്റർ വെള്ളം വീതം ശുദ്ധീകരിക്കുന്നതിനു ശേഷിയുള്ള രണ്ടു വാട്ടർ പ്ലാന്റുകൾ എന്നിവ അൽറഖ്ഇ അതിർത്തി പോസ്റ്റിലുണ്ട്.
സൗദിയിലെ മുഴുവൻ കരാതിർത്തി പോസ്റ്റുകളും നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ തുടക്കമാണ് അൽറഖ്ഇ അതിർത്തി പോസ്റ്റ് വികസനം. കിഴക്കൻ പ്രവിശ്യയിലെ മൂന്നു അതിർത്തി പോസ്റ്റുകളുടെ നവീകരണത്തിനുള്ള കരാറുകൾ വൈകാതെ ഒപ്പുവെക്കും. ബത്ഹ അതിർത്തി പോസ്റ്റിൽ കാർഗോ ഏരിയ വികസനം, ഖഫ്ജി അതിർത്തി പോസ്റ്റ് മോടി പിടിപ്പിക്കൽ, ഖഫ്ജി മോഡൽ അതിർത്തി പോസ്റ്റിന്റെ വിശദമായ പ്ലാനുകൾ തയാറാക്കൽ എന്നിവക്കുള്ള കരാറുകളാണ് നൽകുകയെന്നും മാജിദ് അൽമർസം പറഞ്ഞു.