റിയാദ്- സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വിദേശ നിക്ഷേപകർക്ക് നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പരിധി സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി എടുത്തുകളഞ്ഞു. ഇതനുസരിച്ച് സൗദി കമ്പനികളിൽ വിദേശ നിക്ഷേപകർക്ക് നടത്താവുന്ന നിക്ഷേപങ്ങൾക്ക് മിനിമം പരിധിയോ പരമാവധി പരിധിയോ ഇല്ല.
സൗദി കമ്പനികളുടെ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിന് പുതിയ പരിഷ്‌കരണം വിദേശ നിക്ഷേപകരെ അനുവദിക്കുന്നു. ലൈസൻസുള്ള വ്യക്തികൾ മുഖേനെ വിദേശ നിക്ഷേപകർക്ക് സൗദിയിൽ അക്കൗണ്ട് തുറക്കലും ഓഹരികൾ സ്വന്തമാക്കലും പുതിയ പരിഷ്‌കരണം എളുപ്പമാക്കുന്നു.
സൗദി കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കുന്ന വിദേശ നിക്ഷേപകർക്ക് തുടർന്നുള്ള രണ്ടു വർഷക്കാലം ആ ഓഹരികൾ ക്രയവിക്രയം നടത്തുന്നതിന് വിലക്കുണ്ടാകും.
സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള വിദേശ നിക്ഷേപകരുടെ ആഗ്രഹവും താൽപര്യവും വർധിച്ചുവരുന്നത് കണക്കിലെടുത്താണ് സൗദി ഓഹരി വിപണിയും സമ്പദ്‌വ്യവസ്ഥയും പുറം ലോകത്തിനു മുന്നിൽ തുറന്നു കൊടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങൾ അംഗീകരിച്ചതെന്ന് സൗദി കാപ്പിറ്റൽ മാർക്കറ്റ് ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഖുവൈസ് പറഞ്ഞു.
മറ്റു വികസ്വര ഓഹരി സൂചികകളിൽ സൗദി ഓഹരി വിപണി ചേരുന്നതിനുള്ള ഘട്ടങ്ങൾ നടപ്പാക്കി തുടങ്ങിയതോടെ ഈ വർഷാദ്യം മുതൽ സൗദി ഓഹരി വിപണിയിലേക്ക് വിദേശങ്ങളിൽ നിന്നുള്ള പണമൊഴുക്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
സൗദി ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് യോഗ്യത കൽപിക്കപ്പെട്ട വിദേശ നിക്ഷേപകരുടെ എണ്ണം 163 ശതമാനം തോതിൽ വർധിച്ചു. ഈ വർഷാദ്യം സൗദി ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് യോഗ്യത കൽപിക്കപ്പെട്ട വിദേശ നിക്ഷേപകരുടെ എണ്ണം 453 ആയിരുന്നു. ജൂൺ 20 ലെ കണക്കുകൾ പ്രകാരം വിദേശ നിക്ഷേപകരുടെ എണ്ണം 1,195 ആയി ഉയർന്നിട്ടുണ്ട്.
സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം ഏഴു ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ വർഷാദ്യം സൗദി കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം 4.7 ശതമാനമായിരുന്നു.
വ്യാപാര നിയന്ത്രണങ്ങളിലൂടെയും മറ്റും ലോക രാജ്യങ്ങൾ മറ്റു രാജ്യങ്ങൾക്കു മുന്നിൽ തങ്ങളുടെ കവാടങ്ങൾ കൊട്ടിയടക്കുന്നതിന് ശ്രമിക്കുന്നതിനിടെ സൗദി അറേബ്യ തങ്ങളുടെ വിപണി ലോകത്തിനു മുന്നിൽ തുറന്നിടുകയാണെന്നും സൗദി കാപ്പിറ്റൽ മാർക്കറ്റ് ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഖുവൈസ് പറഞ്ഞു. സൗദി കമ്പനികളുടെ ഓഹരികൾ വിദേശ നിക്ഷേപകർക്ക് സ്വന്തമാക്കുന്നതിനുള്ള പരിധി എടുത്തു കളഞ്ഞത് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള വിഷൻ-2030 പദ്ധതി നടപ്പാക്കുന്ന ദിശയിലെ വിപ്ലവകരമായ കുതിച്ചു ചാട്ടമാണെന്ന് ബ്ലൂംബെർഗ് വാർത്താ ഏജൻസി വിശേഷിപ്പിച്ചു.