കണ്ണൂര്‍ - ജയരാജനെ പോലുള്ള ബിംബങ്ങളെ ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിനെതിരെ തിരിയേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ് അവഗണിച്ച് പി. ജയരാജനു പൂര്‍ണ പിന്തുണയുമായി സൈബര്‍ സഖാക്കള്‍. പി.ജെ. ആര്‍മിയും അമ്പാടിമുക്ക് സഖാക്കളും അടക്കമുള്ള ഗ്രൂപ്പുകളാണ് ശക്തമായ പ്രതികരണവുമായി രംഗത്തു വന്നത്. തന്റെ പേരിലുള്ള ഇത്തരം ഗ്രൂപ്പുകള്‍ പിരിച്ചുവിടണമെന്ന പി.ജയരാജന്റെ നിര്‍ദേശവും ഇവര്‍ അംഗീകരിച്ചിട്ടില്ല. ഇതോടെ സി.പി.എം കണ്ണൂര്‍ നേതൃത്വത്തില്‍ നേതാക്കള്‍ പൂര്‍ണമായും വിവിധ തട്ടുകളിലായി.
പി.ജയരാജന്‍ വടകരയില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ പ്രചാരണത്തിനായി രൂപം കൊണ്ടതാണ് പി.ജെ.ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ജയരാജനെതിരെ ഉയര്‍ത്തിയ അക്രമ രാഷ്ട്രീയ ആരോപണത്തെ വളരെ ശക്തമായി ചെറുത്തു നിന്ന ഗ്രൂപ്പാണിത്. എന്നാല്‍ തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിനു ശേഷവും ഗ്രൂപ്പ് നിലനിര്‍ത്തുകയും സമകാലിക വിഷയങ്ങളില്‍ ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ടു വരികയുമായിരുന്നു. ഇതാണ് ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചത്. കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിരുന്നു ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. പാര്‍ട്ടിയേക്കാളുപരി ജയരാജനെ കാണുന്ന ഒരു കൂട്ടം ചെറിപ്പക്കാരാണ് ഈ ഗ്രൂപ്പിനു പിന്നില്‍. ഇതിന്റെ മാതൃകയില്‍ മറ്റു വാട്‌സ് ആപ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
നേരത്തെ ജയരാജനെ വ്യക്തിപരമായി പ്രകീര്‍ത്തിക്കുന്ന വിധത്തില്‍ ആല്‍ബം തയാറാക്കിയതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പാര്‍ട്ടിയില്‍നിന്ന് താക്കീതു ലഭിച്ചിരുന്നു. ഇതിനു മുന്‍കൈയെടുത്തത് കണ്ണൂരില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ്. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അന്നത്തെ പ്രധാന ആക്ഷേപം. ഇതിനു സമാനമായ നിലയിലാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പി.ജെ ആര്‍മി അടക്കമുള്ളവര്‍ നടത്തുന്ന പ്രചാരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പിണറായിയെയും ജയരാജനെയും കഥാപാത്രങ്ങളാക്കി വന്‍ ഫ്‌ളക്‌സ് സ്ഥാപിച്ച അമ്പാടി മുക്ക് സഖാക്കളാണ് പി.ജെ ആര്‍മിയുടെ പ്രധാന സൂത്രധാരര്‍. ഇവരില്‍ ചിലര്‍ ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയവരാണെന്നതാണ് രസകരം. പിണറായിയുടെ മുന്നറിയിപ്പുണ്ടായിട്ടും ഇന്നലെ രാവിലെ മുതല്‍ പി.ജെ ആര്‍മി ഫേസ്ബുക്ക് പേജില്‍ ജയരാജനെ സ്തുതിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
''മുന്നില്‍ നിന്നു വെട്ടിയിട്ട് വീണില്ല, പിന്നെയാണ് പിന്നില്‍ നിന്നും കുത്തിയാല്‍.. .. .. കണ്ണിലെ കൃഷ്ണ മണി പോലെ കാക്കും, കണ്ണൂരിലെ സഖാക്കള്‍'' എന്നാണ് അമ്പാടി മുക്കിലെ സഖാക്കള്‍ പോസ്റ്റിട്ടത്. ആര് എതിര്‍ത്താലും നെഞ്ചിലേറ്റാന്‍ കണ്ണൂരിലെ പാര്‍ട്ടി പട്ടാളം ഉണ്ടാകുമെന്നും എഴുതിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വിവിധ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പി.ജയരാജനെ സ്തുതിക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. വിപ്ലവ സൂര്യനെന്നും ചന്ദ്രബിംബമെന്നുമൊക്കെയാണ് പോസ്റ്റുകള്‍.