Sorry, you need to enable JavaScript to visit this website.

ഒരു കോടിയുടെ അസാധു നോട്ടുകളുമായി നാലു പേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി- ഒരു കോടിയോളം വരുന്ന നിരോധിത നോട്ടുകളാമായി  നാലു പേരെ പിടികൂടി, കോഴിക്കോട് ഫറോക്ക് ചുങ്കം പറവണ്ടി ഫിന്‍സിര്‍ (36), താനൂര്‍ കേരളാദിശ്വരപുരം പരവരമ്പത്ത് സലാഹുദീന്‍ (37), മലപ്പുറം കോട്ടപ്പടി നാട്ടുവീട്ടില്‍ ശിഹാദ് (38), കോഴിക്കോട് ബാലുശേരി കൊയിലോത്തുകണ്ടി ഷിജിത്ത് (28) എന്നിവരെയാണ് തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയിലും സംഘവും തന്ത്രപരമായി പിടികൂടിയത്.
ഇന്നലെ രാവിലെ ഒമ്പതരക്ക് ദേശീയപാത തലപ്പാറയില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് നാലംഗ സംഘം വലയിലായത്. കോട്ടയ്ക്കല്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ പിറകിലിരുന്ന രണ്ടു പേര്‍ക്കിടയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. ചെന്നൈയില്‍ നിന്നു ശേഖരിച്ച നോട്ടുകളാണിവയെന്നു ചോദ്യം ചെയ്യലില്‍ സംഘം പറഞ്ഞതായി എസ്‌ഐ അറിയിച്ചു. ഒരു കോടി രൂപയ്ക്കു മൂന്നു ലക്ഷം കമ്മീഷന്‍ പ്രകാരം കോട്ടയ്ക്കല്‍ സ്വദേശിക്കു കൈമാറാന്‍ കാറില്‍ വരികയായിരുന്നു ഇവര്‍. വിവിധയിടങ്ങളില്‍നിന്ന് 20 ശതമാനം നല്‍കിയാണ് ഇവര്‍ പഴയ നോട്ടുകള്‍ ശേഖരിക്കുന്നത്. ഇവ മറിച്ചു കൊടുക്കുകയാണ് പതിവ്.
നിരോധിച്ച ഇത്തരം നോട്ടുകള്‍ പ്രവാസികളുടെ എന്‍.ആര്‍.ഐ അക്കൗണ്ടിലൂടെ പുതിയ കറന്‍സിയാക്കി മാറ്റിയെടുക്കാനാണ്  പദ്ധതിയെന്നു സംഘം പോലീസിനു മൊഴി നല്‍കി. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ശക്തമാക്കുമെന്നു  തിരൂരങ്ങാടി സി.ഐ വി. ബാബുരാജന്‍  അറിയിച്ചു. എവിടെ നിന്നാണ് പണം ശേഖരിക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും അന്വേഷിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കു ലഭിച്ച  രഹസ്യവിവരത്തെത്തുടര്‍ന്നു പോലീസ് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.  വിവിധയിടങ്ങളിലാണ് നാലംഗസംഘത്തിനായി പോലീസ് വാഹനപരിശോധന നടത്തിയത്. മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ വി.ബാബുരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.  തിരൂരങ്ങാടി എസ്‌ഐക്കു പുറമെ അഡീഷണല്‍ എസ്.ഐ ബാലകൃഷ്ണന്‍, എഎസ്‌ഐ സത്യനാരായണന്‍, സി.പി.ഒമാരായ സി. സുബ്രഹ്മണ്യന്‍, കെ. സിറാജുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് നാലംഗസംഘത്തെ പിടികൂടിയത്.
 

Latest News