Sorry, you need to enable JavaScript to visit this website.

എന്‍.ഐ.എ ഓഫീസര്‍ ചമഞ്ഞ് വിദേശ മലയാളിയില്‍ നിന്ന് പണം തട്ടിയ കുപ്രസിദ്ധ ഗുണ്ട പിടിയില്‍

ഇരിങ്ങാലക്കുട- വിദേശ മലയാളിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയില്‍ ബെഞ്ചമിന്‍ മകന്‍ ഷാരോണിനെയാണ് ( 29 ) അറസ്റ്റ് ചെയ്തത്.
2018 ഡിസംബറില്‍ ഫേസ് ബുക്ക് വഴി പരിചയപ്പെട്ട വിദേശ മലയാളിയെ കോയമ്പത്തൂരിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്. പോലീസ് വേഷത്തിലെത്തിയ സംഘം രാത്രിയും പകലുമായി രണ്ടു ദിവസം ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

എന്‍.ഐ.എ യിലെ ഐ.പി.എസ് ഉദ്യോഗസ്ഥരാണന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കാറില്‍ പോലീസ് ബോര്‍ഡ് വെച്ചാണ് സംഘം എത്തിയത്. തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. കേസില്‍ നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി പോലീസ് വലവിരിച്ചതായാണ് സൂചന.

എറണാകുളം ആലപ്പുഴ മേഖലയിലെ ഗുണ്ടാ നേതാവാണ് പിടിയിലായ ഷാരോണ്‍. കൊലപാതകം കൊലപാതക ശ്രമമടക്കം നിരവധി കേസ്സുകളിലെ പ്രതിയായ ഇയാളെ ഏറെ ശ്രമകരമായാണ് ഇടപ്പിള്ളി പള്ളി പരിസരത്തുനിന്ന് പിടികൂടിയത്.

മഫ്തിയില്‍ പിന്‍തുടര്‍ന്ന പോലീസ് സംഘം പഴുതടച്ച നീക്കങ്ങളിലൂടെയാണ് ഇയാളെ പിടികൂടിയത്. പോലീസിന്റെ നീക്കങ്ങളറിയാന്‍ അനുയായികളുടെ ഒരു സംഘം തന്നെ ഇയാള്‍ക്കുണ്ട്. ഇവര്‍ പരിസരം വീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തിയ ശേഷമാണ് സാധാരണ ഇയാള്‍ പുറത്തിറങ്ങുക. അതു കൊണ്ടു തന്നെ വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് ഓപ്പറേഷന്‍. രണ്ടു ദിവസം മുമ്പേ ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കി ഇടപ്പള്ളി പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നവരുടെ കൂട്ടത്തില്‍ മഫ്തിയില്‍ പോലിസ് സംഘമുണ്ടായിരുന്നു.  

കൊല്ലം കുണ്ടറയില്‍ കോളജ് പഠനകാലത്ത് അടിപിടി കേസ്സുകളില്‍ പ്രതിയായിരുന്ന ഇയാള്‍ 2015ല്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വേണുഗോപാല്‍ എന്നയാളെ പുലര്‍ച്ചെ വെട്ടിക്കൊന്നതോടെ കുപ്രസിദ്ധി നേടി. ഇതോടെ ഇയാള്‍ ഗുണ്ടകള്‍ക്ക് പോലും പേടി സ്വപനമായി മാറി.

ഗുണ്ടകളായ മാക്കാന്‍ സജീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും തൊപ്പി കണ്ണന്‍ എന്നയാളെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്. മറ്റൊരാളുടെ പേരില്‍ സിം കാര്‍ഡുകളെടുത്ത് കൊലപാതകം ആസൂത്രണ ചെയതതിന് വേറേയും കേസുകളുണ്ട്.

 

Latest News