Sorry, you need to enable JavaScript to visit this website.

ശബരിമല സംഭവം ലഘൂകരിച്ചതില്‍ കുമ്മനത്തിനു നിരാശ

തിരുവനന്തപുരം- ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ചു കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമായി കണക്കാക്കി ലഘൂകരിക്കുന്നതില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അതൃപ്തി. ആചാരത്തിന്റെ ഭാഗമായാണ് കൊടിമരം കേടുവരുത്തിയതെന്ന പോലീസിന്റെ വാദം തെറ്റാണെന്നു അദ്ദേഹം അവകാശപ്പെട്ടു. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുപ്പതിയിലെ തന്ത്രിമുഖ്യന്‍മാര്‍ അടക്കം ആന്ധ്രാപ്രദേശിലെ പൂജാരിമാരോട് ചര്‍ച്ച നടത്തിയതില്‍ അവിടെ ഇത്തരമൊരു ആചാരമില്ലെന്ന വിവരമാണ് ലഭിച്ചത്.  ഇങ്ങനെയൊരു ആചാരമുള്ളതായി അവര്‍ക്കാര്‍ക്കും അറിവില്ല. ഈവിവരം എവിടെനിന്നു കിട്ടിയതാണെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കണം. സംഭവത്തെ ലഘൂകരിച്ചു തള്ളിക്കളയാനാണു ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് ഐ.ജിയുടെ വിശദീകരണമെന്നും കുമ്മനം ആരോപിച്ചു.
ശബരിമല ക്ഷേത്രത്തിനു തീവ്രവാദ ഭീഷണി ഉണ്ടെന്നു കഴിഞ്ഞവര്‍ഷവും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.  ശബരിമലക്കു നേരെ ഉണ്ടാകുന്ന  ചെറിയ നീക്കംപോലും അതീവ ഗൗരവമായി അന്വേഷിക്കേണ്ടതാണ്. സ്വര്‍ണക്കൊടിമരം തകര്‍ക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സര്‍ക്കാരിന്റേയും  പോലീസിന്റേയും  നിലപാട് അപകടകരമാണ്. ശബരിമലയില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Latest News