തിരുവനന്തപുരം- പ്രവാസികള്‍ക്ക് നാട്ടില്‍ സംരംഭം തുടങ്ങാന്‍ കഴിയാത്തസാഹചര്യമാണെന്നാരോപിച്ച് ലോകകേരളസഭയില്‍നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഇന്ന് രാജിസമര്‍പ്പിക്കുമെന്ന് സൂചന.
ആന്തൂരില്‍ പ്രവാസി സംരഭകനായ സാജന്‍ പാറയില്‍ ആത്മഹത്യചെയ്യേണ്ടിവന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ലോകകേരളസഭയില്‍നിന്ന് രാജിവെച്ചിരുന്നു. ലോകകേരളസഭയുടെ വൈസ് ചെയര്‍മാനാണ് പ്രതിപക്ഷനേതാവ്. രമേശ് ചെന്നിത്തലയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ നോമിനേറ്റഡ് അംഗങ്ങളായ സൗദി കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ്, ഒമാന്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്‍, ഐ.ഒ.സി.സി. ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടി രാജുകല്ലുംപുറം, വൈസ് പ്രസിഡന്റ് വൈ.എ.റഹിം, യു.എ.ഇ.കമ്മിറ്റി പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങര എന്നിവരും രാജിവെച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ്.നേതാക്കളുടെ യോഗത്തില്‍ എല്ലാ യു.ഡി.എഫ് ജനപ്രതിനിധികളും ലോകകേരളസഭയില്‍നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് മുസ്‌ലിംലീഗ് പ്രതിനിധികള്‍ രാജിക്കാര്യത്തില്‍ പിന്നോട്ട് പോയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.ഡി.എഫ് ഒറ്റക്കെട്ടായി കേരളലോകസഭയില്‍നിന്ന് രാജിവെച്ചില്ലെങ്കില്‍ യു.ഡി.എഫിനുള്ളിലെ ഭിന്നത പുറത്തുവരും. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ രാജി താമസിക്കുന്നത്. ലോകകേരളസഭയില്‍ 351 അംഗങ്ങളാണുള്ളത്.
സംസ്ഥാനത്തെ നിയമസഭാംഗങ്ങളെല്ലാവരും ഇതില്‍ അംഗങ്ങളാണ്. പാര്‍ലമെന്റ് അംഗങ്ങള്‍, വിദേശപ്രതിനിധികള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍, പ്രമുഖവ്യവസായികള്‍, തിരിച്ചെത്തിയ പ്രവാസികള്‍ എന്നിങ്ങളെയാണ് ഇതിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി ദല്‍ഹിയില്‍നിന്ന് തിരിച്ചെത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ചനടത്തിയശേഷമേ ലീഗ് എം.എല്‍.എമാരും പ്രതിനിധികളും രാജിവെക്കാന്‍ സാധ്യതയുള്ളുവെന്നാണറിയുന്നത്.
ലോകകേരളസഭയില്‍നിന്ന് യു.ഡി.എഫ് പ്രതിനിധികള്‍ കൂട്ടത്തോടെ രാജിവെക്കുന്നത് തടയാന്‍ പ്രമുഖ വ്യവസായി തലസ്ഥാനത്തെത്തി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ബിനോയ് കോടിയേരി വിഷയത്തിലും പ്രവാസിയുടെ ആത്മഹത്യകാര്യത്തിലും പ്രതിസന്ധിയിലായ സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്താനുള്ള കൂടിയാലോചനക്കായാണ് കഴിഞ്ഞദിവസം പ്രമുഖ വ്യവസായി തലസ്ഥാനത്ത് എത്തിയത്.
എന്നാല്‍ ലോകകേരളസഭയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് രാജിക്കാര്യം നേരത്തെ തീരുമാനിച്ചസാഹചര്യത്തില്‍ ഇനി അതില്‍നിന്ന് പുറകോട്ട് പോകാനാവില്ലെന്ന് വ്യവസായിയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷം ലോകകേരളസഭയില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നത് ഇതിന്റെ പ്രര്‍ത്തനങ്ങളെ ബാധിക്കും. ലോകകേരളസഭയുടെ നിറം മങ്ങുകയും ചെയ്യും. വിദേശമലയാളികള്‍ക്ക് സംസ്ഥാനവുമായി സാംസ്‌കാരിക-സാമൂഹ്യ- സാമ്പത്തിക സമന്വയം സാധ്യമാക്കുന്നതിന് ഒരു പോതുവേദിയെന്നനിലയിലാണ് ലോകകേരളസഭ 2017-18 ബജറ്റില്‍ അവതരിപ്പിച്ചത്.
ആദ്യലോകകേരളസഭ 2018 ജനുവരി12, 13 തീയതികളിലായി നിയമസഭസമുച്ഛയത്തില്‍ നടന്നു. ഈ വര്‍ഷം ദുബായില്‍ ലോകകേരളസഭയുടെ മേഖലാസമ്മേളനം സഭയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. 2020 ജനുവരിയില്‍ രണ്ടാം ലോകകേരളസഭ ഇവിടെ നടക്കാനിരിക്കെയാണ് യു.ഡി.എഫ് പ്രതിനിധികള്‍ കൂട്ടത്തോടെ പിന്മാറാന്‍ ആലോചിക്കുന്നത്. ലോകകേരളസഭകൊണ്ട് പ്രവാസിസമൂഹത്തിന് കാര്യമായ ഗുണമൊന്നും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഇന്ന് രാജിവെക്കുന്നത്.