തൃശൂർ- കേരള വർമ്മ കോളേജിലെ ബോർഡ് വിവാദത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തൃശൂർ സി.ജെ. എം കോടതിയുടെ ഉത്തരവ്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനീഷ് കുമാർ പരാതിക്കാരനായി അഡ്വ. കെ.ആർ ഹരി മുഖേന നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സിറ്റി പോലീസ് കമ്മീഷണർക്കും വെസ്റ്റ് സി.ഐക്കും ഡി.ജി.പിക്കും വരെ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയിൽ ഹരജി നൽകിയത്.
എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, കേരള വർമ കോളേജ് യൂണിറ്റ് പ്രസിഡന്റ് നന്ദന.ആർ, യൂണിയൻ ചെയർമാൻ യുകൃഷ്ണ വി.എസ് എന്നിവർക്കെതിരെയാണ് 153 എ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കാൻ തൃശൂർ വെസ്റ്റ് പോലീസിന് ഉത്തരവ് നൽകിയത്. ആർത്തവ രക്തത്തോടൊപ്പം തലികീഴായി ഒലിച്ചിറങ്ങുന്ന അയ്യപ്പന്റെ ചിത്രം പ്രദർശിപ്പിച്ചത് പ്രകോപനപരവും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. നവാഗതരെ സ്വാഗതം ചെയ്ത് എസ്.എഫ്.ഐയുടെ പേരിൽ സ്ഥാപിച്ചിരുന്ന ബോർഡ് ആണ് വിവാദത്തിലായത്. ബോർഡ് തങ്ങൾ സ്ഥാപിച്ചതല്ലെന്നും ശ്രദ്ധയിൽപ്പെട്ടപ്പോൾ എടുത്തു മാറ്റുകയായിരുന്നുവെന്നും എസ്.എഫ്.ഐ വിശദീകരിച്ച് രംഗത്ത് വന്നിരുന്നുവെങ്കിലും സമൂഹ മാധ്യമത്തിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സമാന സംഭവമുയർത്തി വിവാദത്തിലാക്കിയതിൽ സി.പി.എം നേതൃത്വത്തിനും അതൃപ്തിയുണ്ടായിരുന്നു.