Sorry, you need to enable JavaScript to visit this website.

കൊറിയൻ ഭരണാധികാരിയും പിരാന മത്സ്യവും

തിരുവനന്തപുരം- കോൺഗ്രസുകാരിൽ  ആശയ തലത്തിൽ  രണ്ട് വിഭാഗങ്ങളുണ്ട്. അൽപം കമ്യൂണിസ്റ്റ് മനസ്സുള്ള കോൺഗ്രസുകാരും അല്ലാത്തവരും. ആദ്യം പറഞ്ഞ വിഭാഗത്തിലാണ് പി.ടി.തോമസെന്ന് എല്ലാവർക്കും അറിയാം. പക്ഷേ കേരളത്തിൽ സി.പി.എമ്മിനെയും കമ്യൂണിസ്റ്റുകാരെയും മുഖാമുഖം   നേരിടുന്നതിൽ എന്നും മുൻനിരയിലുണ്ടാകും പി.ടി.യും സംഘവും. ഇന്നലെ കാലത്തു മുതൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ പി.ടി. ഇഞ്ചോടിഞ്ച് പടവെട്ടുകയായിരുന്നു.  പീരുമേട്ടിലെ കസ്റ്റഡി മരണത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ട്  പി.ടി. തോമസ് ചെയ്ത പ്രസംഗം മുഖ്യമന്ത്രിയെയും പാർട്ടിയെയും അടിമുടി വിമർശത്തിന്റെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. അടിയന്തരാവസ്ഥയുടെ വാർഷികത്തിൽ പോലീസ് മർദനത്തെക്കുറിച്ച് മറുപടി നൽകേണ്ടിവരുന്നത് വിധിയുടെ വൈപരീത്യമാണെന്ന ആമുഖത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അടിയന്തരാവസ്ഥയിൽ മർദനത്തിന് ഇരയായ വ്യക്തിയാണ് പിണറായി. പീരുമേട്ടിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാർ മരിച്ച സംഭവത്തിൽ പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നായിരുന്നു ആക്ഷേപം. പോലീസ് പിടിച്ചാൽ ശവപ്പെട്ടി വാങ്ങേണ്ട അവസ്ഥയാണിന്ന് കേരളത്തിൽ എന്നതടക്കമുള്ള തീപ്പാറുന്ന പരാമർശങ്ങളും പി.ടി.യിൽ നിന്നുണ്ടായി. ഈ കേസിലെ സി.പി.എം ബന്ധവും പി.ടി.ചേരുംപടി ചേർത്തെടുത്തു.  പിന്നീട് നടത്തിയ ബജറ്റ് ധനാഭ്യർഥന ചർച്ചയിലും പി.ടി.  സി.പി.എമ്മിനെ കീറി മുറിച്ചു. കോടിയേരിയെ ഒറ്റപ്പെടുത്തി ആക്രമിക്കരുതെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞതിന്റെ പൊരുൾ എല്ലാവരും ചേർന്ന് ആക്രമിക്കണമെന്നാണോ ? എന്ന് പി.ടിയുടെ പരിഹാസം. പി.ജയരാജന് ഭക്ഷണം കഴിക്കാൻ കൈയില്ലെന്ന് നിലവിളിക്കുകയാണല്ലോ ചിലർ. അവശേഷിക്കുന്ന കൈഭാഗം കൊണ്ട് ഒ.കെ.വാസുമാസ്റ്ററെ (മുൻ ബി.ജെ.പി നേതാവ്) കെട്ടിപ്പിടിച്ചല്ലേ നടപ്പ്. ഇന്ത്യയിൽ അടിയന്തരാവസ്ഥ നടപ്പാക്കിയതിന്റെ പേരിൽ കോൺഗ്രസിനെ വിമർശിച്ച സി.പി.എം അംഗങ്ങളോട് പി.ടിക്ക് ഒന്നേ ചോദിക്കാനുള്ളൂ. ചൈന ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നാടുകളിൽ എല്ലാ ദിവസവും അടിയന്തരാവസ്ഥയല്ലേ? കമ്യൂണിസത്തെയും ചൈനയെയും പറഞ്ഞാലുണ്ടോ, കമ്യൂണിസം ഇറച്ചിയിൽ പിടിച്ച മന്ത്രി ജി.സുധാകരൻ വെറുതെ വിടുന്നു. എന്ത് ആഗോള രേഖ വെച്ചാണ് ഇപ്പറയുന്നതെന്ന് സുധാകരന്റെ ക്രമപ്രശ്‌നം.  കൊറിയൻ കമ്യൂണിസ്റ്റ്  ഭരണാധികാരി പാർട്ടിയിലെ  എതിരാളികളെ പിരാന മത്സ്യത്തിനിട്ടു കൊടുക്കുകയല്ലേ? ആ പരിപാടി എന്നാണ് ഇവിടെ നടപ്പാക്കുന്നതെന്ന് പറഞ്ഞാൽ മതിയെന്നായി തോമസ്. മട്ടും മാതിരിയും കണ്ടിട്ട് അതിവേഗം ഇവിടെയും നടപ്പാക്കുമെന്നാണ് തോമസ് വിശ്വസിക്കുന്നത്. തോമസ് ഇപ്പറയുന്നതെല്ലാം  കോൺഗ്രസിന്റെ നയത്തിന് ചേർന്നതാണോ എന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ സംശയം.
മറുപടി പ്രസംഗത്തിന്റെ സമയമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റ് നിന്ന് പി.ടി തോമസിന്റെ പ്രസംഗത്തിന് പ്രത്യേകമായി മറുപടി പറയാൻ തുടങ്ങിയപ്പോൾ സഭാ അന്തരീക്ഷം വീണ്ടും ചൂടായി. പി.ടിയുടെ പ്രസംഗത്തെ ശത്രുതാ ഭാവത്തോടെയുള്ള സമീപനമായാണ് മുഖ്യമന്ത്രി കണ്ടത്.  ജേക്കബ് തോമസ് ഐ.പി.എസ് എഴുതിയ പുസ്തകത്തിൽ പറയുന്ന വമ്പൻ സ്രാവുകൾ നിങ്ങളാണോ എന്നൊക്കെ പി.ടിചോദിക്കുന്നുണ്ട്. കമ്യൂണിസത്തെയും സോഷ്യലിസ്റ്റ് നാടുകളെയും ഇമ്മട്ടിൽ വിമർശിക്കേണ്ട കാലമാണോ ഇത്. നെഹ്‌റുവിനെയായിരുന്നു ഗാന്ധിയെയല്ല കൊല്ലേണ്ടിയിരുന്നതെന്ന് ആർ.എസ്.എസ് താത്വികൻ പറഞ്ഞപ്പോൾ നിങ്ങൾ മിണ്ടിയോ? മുഖ്യമന്ത്രിയുടെ ഓരോ വാക്കും പ്രതിപക്ഷം  എതിർ സ്വരം കൊണ്ട് നേരിട്ടു. ഇതെന്താ മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ അനുവദിക്കില്ലേ  എന്ന സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ചോദ്യമൊന്നും പ്രയോജനം ചെയ്തില്ല.  ഒടുവിൽ പ്രസംഗം കേൾക്കാൻ നിൽക്കാതെ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീറിന്റെ നേതൃത്വത്തിൽ  ഇറങ്ങിപ്പോക്ക്. അതോടെ മുഖ്യമന്ത്രിയും നിർത്തി. 

 ഭാര്യ കമലാ നെഹ്‌റു ക്ഷയരോഗ ബാധിതയായി വിദേശ സാനിറ്റോറിയത്തിൽ കിടക്കുമ്പോൾ സാമ്പത്തിക പ്രയാസം കാരണം ജവാഹർലാൽ നെഹ്‌റുവിന് അവരെ സന്ദർശിക്കാനായില്ല. അക്കാലത്തെ മുതലാളി സൗജന്യ വിമാന യാത്ര നൽകുന്ന കാര്യം പറഞ്ഞപ്പോൾ ആദർശ നിഷ്ഠയാൽ നെഹ്‌റു അത് തള്ളിക്കളഞ്ഞു. ഇന്നോ എന്ന കാര്യം ബജറ്റ് ധനാഭ്യർഥന ചർച്ചയിൽ  ചോദിച്ചത് സി.പി.എം അംഗം വീണാ ജോർജ്. ഇന്നത്തെ പ്രധാനമന്ത്രി കുത്തക മുതലാളിമാരെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് അംഗത്തിന്റെ വിമർശം. ഇപ്പറഞ്ഞ നെഹ്‌റുവിനെ ഇന്നിപ്പോൾ കോൺഗ്രസുകാർ മറന്നുവെന്നാണ് വീണ പറയുന്നത്. ഇടക്കിടെ നെഹ്‌റുവിനെയൊക്കെ ഓർമിക്കുന്നുണ്ടല്ലോ. നല്ല കാര്യം എന്ന് കോൺഗ്രസ് അംഗങ്ങളുടെ പരിഹാസം.   
നല്ലൊരു കർഷകനായ  മന്ത്രി കെ.കൃഷ്ണൻ കുട്ടി,  വി.എസ്.സുനിൽ കുമാർ എന്നിവർ കൈകാര്യം ചെയ്യുന്ന   വകുപ്പുകളിന്മേലുള്ള ധനാഭ്യർഥന  ചർച്ച പരിമിതമായെങ്കിലും വകുപ്പുകളുടെ പരിധിയിലൊതുങ്ങി. കൃഷിയുടെ നാടായ പാലക്കാട്ട് നിന്ന് വരുന്ന കെ.വി.വിജയദാസാ (സി.പി.എം) ണ് ചർച്ചക്ക് തുടക്കമിട്ടത്. റോജി എം.ജോൺ (കോൺഗ്രസ്) ഗീതാ ഗോപി (സി.പി.ഐ) സി.കെ.നാണു ( ജനതാദൾ ) പി.സി.ജോർജ് , മുരളി പെരുനെല്ലി  ബി.ഡി.ദേവസി, ഐ.ബി.സതീശ് (സി.പി.എം) അനൂപ് ജേക്കബ്, എൻ.വി ജയൻ പിള്ള, കെ.കുഞ്ഞിരാമൻ, ആർ.രാമചന്ദ്രൻ എന്നിവരും ധനാഭ്യർഥന ചർച്ചയിൽ സംസാരിച്ചു. 
ലീഗിലെ സി.മമ്മൂട്ടിയുടെ പ്രസംഗം മന്ത്രി ജലീലുമായുള്ള ഏറ്റുമുട്ടലിലാണ് പര്യവസാനിച്ചത്. തിരൂരിലെ മലയാളം സർവകലാശാലയുടെ സ്ഥലമെടുപ്പിലെ അഴിമതി സാധ്യതയുള്ള നടപടിയുണ്ടായത് എൽ.ഡി.എഫ് ഭരണ കാലത്തല്ലെന്ന് തെളിഞ്ഞാൽ താൻ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് ജലീലിന് ലീഗ് അംഗത്തിന്റെ വെല്ലുവിളി. ജലീൽ രാജിവെക്കുമോ -മമ്മൂട്ടിയുടെ ചോദ്യം. ലീഗിലെ പി.ഉബൈദുല്ലക്ക് ജലീലിന്റെ പോക്കു കാണുമ്പോൾ എ.പി.അബ്ദുല്ലക്കുട്ടിയുടെ അവസ്ഥയാണ് ഓർമ വന്നത്. സി.പി.എമ്മിലെ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചു, ഇപ്പോൾ ബി.ജെ.പിയിൽ. ലീഗ് വഴി സി.പി.എമ്മിലെത്തി അവിടെ ഇപ്പോൾ പടവെട്ടുന്ന ജലീലിന്റെ അവസ്ഥ എന്താകും എന്നാർക്കറിയാം. ലീഗിനെതിരെ കഴിഞ്ഞ ദിവസം സംസാരിച്ച സി.പി.എമ്മിലെ എം.സ്വരാജിന് ലീഗിന്റെ ചരിത്രമറിയാത്ത പ്രശ്‌നമുണ്ടെന്നാണ് ഉബൈദുല്ല കണ്ടെത്തിയത്. കേരള കോൺഗ്രസിലെ പി.ജെ.ജോസഫിന്റെ പ്രസംഗം ലക്ഷണമൊത്ത കാർഷിക പഠന ക്ലാസായി. പശു വളർത്തൽ മുതൽ തെങ്ങ് കൃഷി തുടങ്ങി ചേമ്പ് വളർത്തൽ വരെ എല്ലാം. 
സംസ്ഥാനത്തെ ജയിലുകളിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും  ഇത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ പറയേണ്ടി വന്നത് മറ്റൊരു പ്രതിസന്ധിയായി.  കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ പ്രശ്‌നങ്ങളെ സംബന്ധിച്ച് കെ.സി. ജോസഫ് ഉന്നയിച്ച സബ്മിഷന് നിയമസഭയിൽ മറുപടി പറയവേയാണ് സി.പി.എം രാഷ്ട്രീയവുമായി പല തലത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ജയിൽ വിഷയവും മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്. കൊടി സുനിയും ജയിലിലെ കള്ളക്കടത്ത് പ്രവർത്തനവുമെല്ലാം മാരകമാംവണ്ണം ഉൾച്ചേർന്ന വിഷയം. വിട്ടൊഴിയാതെ സി.പി.എമ്മിന് മുന്നിൽ കൊടി കുത്തി നിൽക്കുന്ന വിവാദം. 

 

Latest News