Sorry, you need to enable JavaScript to visit this website.

തലശ്ശേരി സ്‌റ്റേഡിയം നിർമാണത്തിലെ അഴിമതി:  കൗൺസിൽ യോഗത്തിൽ ഇറങ്ങിപ്പോക്ക്

തലശ്ശേരി നഗരസഭാ കവാടത്തിൽ യു.ഡി.എഫ് അംഗങ്ങൾ നടത്തിയ കുത്തിയിരിപ്പ് സമരം 

തലശ്ശേരി- നഗരസഭാ മുൻ കൗൺസിലർ സി.ഒ.ടി നസീറിനെതിരായ വധശ്രമത്തിൽ കലാശിച്ച  സ്‌റ്റേഡിയം പുതുക്കിപ്പണിയുന്നതിലെ അഴിമതി നഗരസഭാ യോഗത്തിൽ പ്രതിപക്ഷം ഉന്നയിച്ചു. ഇതിന് ചെയർമാൻ വ്യക്തമായ മറുപടി നൽകാത്തതിനെ തുടർന്ന് യു.ഡി.എഫ് നേതൃത്വം നൽകുന്ന പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് നഗരസഭാ കവാടത്തിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി.
ഇന്നലെ രാവിലെ കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ തന്നെ കോൺഗ്രസ് കൗൺസിൽ പാർട്ടി ലീഡർ എം.പി അരവിന്ദാക്ഷൻ ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം കൗൺസിലിൽ ഉന്നയിച്ചു. സി.പി.എം നേതാവും തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പിഗ്മിയുമായ കെ.കെ. ബിജു ക്ഷേമ പെൻഷൻ മുക്കിയെന്ന ആരോപണമാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിന് മുന്നിലെത്തിച്ചത്. ഈ വിഷയത്തിൽ നഗരസഭ എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ലെന്ന് അരവിന്ദാക്ഷൻ ചോദിച്ചു. മാധ്യമ വാർത്തകളിലൂടെയാണ് സി.പി.എം നേതാവ് ക്ഷേമ പെൻഷൻ അടിച്ചു മാറ്റിയ സംഭവം പുറത്തു വരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. തലശ്ശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ  ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ കെ.കെ ബിജുവിനെ കൺവീനറാക്കിയത് എന്തർത്ഥത്തിലാണെന്നും സ്‌പോർട്‌സുമായി ബന്ധമില്ലാത്ത ഇയാളെ ഇതിന്റെ കൺവീനറാക്കിയതിന് പിന്നിലെ ഗൂഢാലോചനയെന്തെന്നും പ്രതിപക്ഷം ചോദിച്ചു. അതിനാൽ തന്നെ ഈ കമ്മിറ്റി പിരിച്ചുവിടുകയും കൺവീനറെ മാറ്റണമെന്നും എം.പി അരവിന്ദാക്ഷൻ പറഞ്ഞു.
മൂന്ന് സി കളുടെ നാടായ തലശ്ശേരിയിൽ നാലാമതൊരു സി കൂടി കടന്നു വന്നിരിക്കുകയാണെന്നും അത് ക്രിമിനലുകളാണെന്നും പ്രതിപക്ഷ നേതാവ് പി.പി സാജിത ടീച്ചർ പറഞ്ഞു. ക്രിമിനലുകളുടെ താവളമായി തലശ്ശേരി മാറി. തലശ്ശേരി നഗരസഭയിലെ മുൻ കൗൺസിലർ സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവം സാജിത ടീച്ചർ യോഗത്തിൽ ഉന്നയിച്ചതോടെ യോഗത്തിൽ പ്രതിപക്ഷ-ഭരണ പക്ഷ വാക്കേറ്റം നടന്നു. 
ഇത്തരം വിഷയങ്ങൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് ചെയർമാൻ സി.കെ. രമേശൻ മറുപടി നൽകി. ഇതിന് മുമ്പേ ഈ വിഷയത്തിൽ സാജിത ടീച്ചർക്ക് മറുപടി നൽകിയ സി.പി.എം അംഗം വിജയൻ മാസ്റ്ററുടെ നിലപാട് പ്രതിപക്ഷത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. കൗൺസിൽ യോഗത്തിൽ മറുപടി പറയേണ്ടത് ചെയർമാനാണെന്ന് സാജിത ടീച്ചർ പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. എന്നാൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ചെയർമാൻ വ്യക്തമായ മറുപടി നൽകാതെ സൂപ്പർമാൻ ചമയുകയാണെന്നും ചെയർമാന് ധാർഷട്യമാണെന്നും സാജിത ടീച്ചർ ആരോപിച്ചു. ഈ ആരോപണം ചൊടിപ്പിച്ച ഭരണപക്ഷം ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. 
തലശ്ശേരി ലോഗൻസ് റോഡ് ഇന്റർലോക്ക് പതിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയും കൗൺസിൽ യോഗത്തിൽ ചർച്ചയായി. സാധാരണ മെക്കാഡം ടാറിംഗിന് പകരം ഇന്റർലോക്ക് പതിച്ചതോടെ ഇത് ദിവസങ്ങൾ കൊണ്ട് തന്നെ തകർന്ന് യാത്രായോഗ്യമല്ലാതയി മാറി. ഇതിന് പിന്നിൽ വൻ അഴിമതി നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു. കൊടുവള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാം ക്ലാസ് ഒന്നാം തരമാക്കുകയെന്ന പദ്ധതിയുടെ ഭാഗമായി പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ഇതുവരെ ബന്ധപ്പെട്ടവരെ ബോധിപ്പിച്ചില്ലെന്ന് ആരോപിച്ച് ഭരണപക്ഷത്തെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുമേഷ് സാജിത ടീച്ചർക്കെതിരെ പ്രതിരോധം തീർത്തു. എന്നാൽ സ്‌കൂൾ ഉൾപ്പെടുന്ന വാർഡ് കൗൺസിലറെന്നതല്ലാതെ ഇതിന്റെ കണക്ക് പറയേണ്ടത് പി.ടി.എ പ്രസിഡണ്ടാണെന്നും സാജിത മറുപടി നൽകി. നഗരസഭയിലെ സി.പി.എം കൗൺസിലർ സുധീഷ് തന്നെയാണ് സ്‌കൂളിലെ  പി.ടി.എ പ്രസിഡണ്ട്.
ക്ഷേമ പെൻഷനിൽ സി.പി.എം നേതാവ് പണം തട്ടിയപ്പോൾ  സർക്കിൾ സഹകരണ യൂനിയൻ നേതാവു കൂടിയായ ചെയർമാൻ പോലീസിൽ പരാതി നൽകാത്തത് തികഞ്ഞ അലംഭാവമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ സർക്കാർ ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കാൻ സഹകരണ ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയെതന്നും ഇതിൽ വീഴ്ച വരുത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കുന്നത് ബാങ്കുകളാണെന്നും ചെയർമാൻ മറുപടി നൽകി. എന്നാൽ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി കവാടത്തിൽ കുത്തിയിരിക്കുകയായിരുന്നു. അഡ്വ.രത്‌നാകരൻ, മാജിതാ അഷ്ഫാഖ്, കെ.ലിജേഷ്, കെ.വിനയരാജ്, വാഴയിൽ വാസു, കെ.സുനിൽ, വിജയൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കൗൺസിലർമാരായ എം.പി അരവിന്ദാക്ഷൻ, സാജിത ടീച്ചർ, പത്മജാ രഘുനാഥ്, മാജിതാ അഷ്ഫാഖ്, ശൈലജ എന്നിവർ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകി. പി.വി രാധാകൃഷ്ണൻ കുത്തിയിരിപ്പ് സമരത്തെ അഭിസംബോധന ചെയ്തു.

 

Latest News