ജിദ്ദ - നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ പോലീസ് നടത്തിയ റെയ്ഡുകളിൽ രണ്ടു ചൂതാട്ട സംഘങ്ങൾ അറസ്റ്റിലായി. ആകെ 45 പേരാണ് അറസ്റ്റിലായത്. ഉത്തര ജിദ്ദയിലെ അൽസലാമ ഡിസ്ട്രിക്ടിലെ ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഏഷ്യൻ വംശജരായ 15 പേർ പിടിയിലായി. വടക്കൻ ജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടിലെ ചൂതാട്ട കേന്ദ്രത്തിൽ നിന്ന് വ്യത്യസ്ത രാജ്യക്കാരായ 30 പേരും പിടിയിലായി.
സംശയകരമായ സാഹചര്യത്തിൽ രാത്രി കാലങ്ങളിൽ നിരവധി വിദേശികൾ വന്നുപോകുന്ന കേന്ദ്രങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് രഹസ്യമായി നിരീക്ഷിച്ച് ചൂതാട്ട കേന്ദ്രങ്ങളാണെന്ന് ഉറപ്പു വരുത്തിയാണ് ഇരു കേന്ദ്രങ്ങളും കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തത്. അന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്കു വേണ്ടി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി പ്രതികളെ പിന്നീട് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി.