റിയാദ് - ഉത്തര സൗദിയിലെ ശർമായിൽ നിയോം ബേ എയർപോർട്ട് ഉദ്ഘാടനം ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വാണിജ്യ എയര്‍പോര്‍ട്ടായി നിയോം ബേ വിമാനത്താവളത്തിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസ് അനുവദിച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച മുതൽ നിയോം എയർപോർട്ടിൽ സർവീസുകൾ സ്വീകരിക്കും. നിയോം എയർപോർട്ട് അയാട്ട രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൗദിയിലെ 28 ാമത്തെ എയർപോർട്ട് ആണ് നിയോം ബേ. ലോക ജനസംഖ്യയിലെ 70 ശതമാനം പേർക്കും എട്ടു മണിക്കൂറിനകം വിമാന മാർഗം എത്താൻ കഴിയുമെന്നത് നിയോം ബേ എയർപോർട്ടിന്റെ പ്രത്യേകതയാണ്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും നവീനവും പ്രാധാന്യമേറിയതുമായ നിയോം എയർപോർട്ട് സൗദി, ജോർദാൻ, ഈജിപ്ത് എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കടൽ തീരത്താണ്.
സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം പദ്ധതിക്ക് ഗതിവേഗം പകരുന്നതിനും സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ, വ്യവസായ കേന്ദ്രമെന്നോണം നിയോം പദ്ധതിക്ക് പിന്തുണ നൽകുന്നതിനും നിയോം ബേ എയർപോർട്ടിലൂടെ ലക്ഷ്യമിടുന്നു.
3643 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച എയർപോർട്ടിൽ ആറു വിമാനങ്ങൾ നിർത്തിയിടുന്നതിന് വിശാലമായ ടാർമാകും 3757 മീറ്റർ നീളമുള്ള റൺവേയുമുണ്ട്. യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് നാലു ജവാസാത്ത് കൗണ്ടറുകളും വിമാന കമ്പനികൾക്കുള്ള ആറു കൗണ്ടറുകളും 100 കാറുകൾ നിർത്തിയിടുന്നതിന് വിശാലമായ പാർക്കിംഗുമുണ്ട്. ആദ്യ ഘട്ടത്തിൽ നിക്ഷേപകരെയും ജീവനക്കാരെയും തൊഴിലാളികളെയും നിയോം പദ്ധതി പ്രദേശത്ത് എത്തിക്കുന്നതിനാണ് എയർപോർട്ടിലേക്ക് സർവീസുകൾ നടത്തുക.
ലോകത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം ഒന്നര വർഷം മുമ്പാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. ഉത്തര, പശ്ചിമ സൗദിയിലെ നിയോം പദ്ധതി ലോകത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയായിരിക്കും. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് സ്വപ്ന പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തെ മുൻനിര മാതൃകാ രാജ്യമാക്കി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുതിനുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സൗദി, ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെ അതിർത്തികൾക്കകത്ത് യാഥാർഥ്യമാക്കുന്ന പദ്ധതി മൂന്നു രാജ്യങ്ങളിൽ പരന്നുകിടക്കുന്ന ലോകത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാണ്.
ഊർജം-ജലം, ഗതാഗതം, ബയോടെക്‌നോളജി, ടെക്‌നിക്കൽ-ഡിജിറ്റൽ സയൻസസ്, ഫുഡ്, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ്, മാധ്യമം-മീഡിയ നിർമാണം, വിനോദം, ജീവിത രീതി എന്നീ ഒമ്പതു പ്രധാന നിക്ഷേപ മേഖലകൾക്ക് നിയോം പദ്ധതി ഊന്നൽ നൽകുന്നു. സാമ്പത്തിക വളർച്ചയും വൈവിധ്യവൽക്കരണവും ഉത്തേജിപ്പിച്ചും വ്യവസായം പ്രോത്സാഹിപ്പിച്ചും പ്രാദേശിക വ്യവസായ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്തം ആഭ്യന്തരോൽപാദനം വർധിപ്പിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രദേശത്ത് 50,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്. സൗദി ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും പ്രാദേശിക, വിദേശ നിക്ഷേപകരുമാണ് പദ്ധതി പ്രദേശത്ത് മുതൽ മുടക്കുക.
തന്ത്രപ്രധാനമായ സ്ഥലമാണ് എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ലോക വ്യാപാരത്തിന്റെ പത്തു ശതമാനം കടന്നുപോകുന്ന ചെങ്കടലിന്റെ തീരമാണ് നിയോം പദ്ധതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. അറബ്, ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ മേഖലകളിലെ ഏറ്റവും മികച്ച സമാഗമ പോയന്റും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വൻകരകൾ സന്ധിക്കുന്ന സ്ഥലവുമാണിത്. ഉത്തര, പശ്ചിമ സൗദിയിൽ ചെങ്കടലിന്റെയും അഖബ ഉൾക്കടലിന്റെയും തീരത്ത് 468 കിലോമീറ്റർ നീളത്തിലുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്.
സൗദി അറേബ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിയമങ്ങളാണ് നിയോം പദ്ധതി പ്രദേശത്തുണ്ടാവുകയെന്നും കിരീടാവകാശി വെളിപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ കസ്റ്റംസ്, തൊഴിൽ, നികുതി നിയമങ്ങൾ അടക്കമുള്ള സാധാരണ നിയമങ്ങളെല്ലാം സൗദിയിലേതിന് വ്യത്യസ്തമായിരിക്കും. എന്നാൽ പരമാധികാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിയോം പദ്ധതി പ്രദേശത്ത് അടക്കം രാജ്യത്ത് എല്ലായിടത്തും ഒന്നു തെന്നയായിരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടം 2025 ൽ ഉദ്ഘാടനം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.