Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയും കൊറിയയും നിരവധി കരാറുകൾ ഒപ്പുവെച്ചു

എസ്-ഓയിൽ റിഫൈനറി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ ഉം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. 

സിയോൾ, ദക്ഷിണ കൊറിയ - വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിനിടെ സൗദി അറേബ്യയും കൊറിയയും നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ കൊറിയയിലെ 12 വൻകിട കമ്പനികളുമായി ഒപ്പുവെച്ച കരാറുകൾ ആണ് ഇതിൽ പ്രധാനം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനും ഏഷ്യയിൽ ഊർജ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനും ശ്രമിച്ചാണ് കൊറിയയിലെ മുൻനിര കമ്പനികളുമായി സൗദി അറാംകൊ കരാറുകൾ ഒപ്പുവെച്ചത്. 
സൗദി അറാംകൊയുടെ വിജയകരമായ പ്രവർത്തനത്തിന് തന്ത്രപ്രധാന പങ്കാളിയാണ് ദക്ഷിണ കൊറിയയെന്ന് കമ്പനി സി.ഇ.ഒ എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു. സൗദി എണ്ണ, ഗ്യാസ് കയറ്റുമതി കൊറിയയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് സഹായകമാകും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തോടനുബന്ധിച്ച് സൗദി അറാംകൊ ദക്ഷിണ കൊറിയൻ കമ്പനികളുമായി ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും സാമ്പത്തിക പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തിൽ പ്രവേശിക്കുന്നതിന് സഹായിക്കും. ഇത് കൂടുതൽ വളർച്ചയും വൈവിധ്യവൽക്കരണവും കൈവരിക്കുന്നതിനുള്ള സൗദി അറാംകൊ തന്ത്രത്തിന് കരുത്തു പകരും. ഇരു രാജ്യങ്ങളിലും സംയുക്ത നിക്ഷേപങ്ങൾ ഉറപ്പുവരുത്തുന്നു എന്നതാണ് കരാറുകളുടെ ഏറ്റവും വലിയ പ്രത്യേകത. എണ്ണ സംസ്‌കരണം, പെട്രോകെമിക്കൽസ്, എണ്ണ സംഭരണം, കപ്പൽ വ്യവസായത്തിന്റെ സ്വദേശിവൽക്കരണം, ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ സഹകരിക്കുന്നതിനുള്ള കരാറുകളും ധാരണാപത്രങ്ങളുമാണ് സൗദി അറാംകൊയും കൊറിയൻ കമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ സൗദി എണ്ണക്കുള്ള ആവശ്യം ഉറപ്പുവരുത്തുന്നതിനും ഊർജത്തിനും പെട്രോകെമിക്കൽസ് ഉൽപന്നങ്ങൾക്കുമുള്ള വർധിച്ച ആവശ്യം നിറവേറ്റുന്നതിനും കരാറുകൾ സഹായകമാകുമെന്നും എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു.


കപ്പൽ നിർമാണം, കപ്പൽ എൻജിൻ നിർമാണം, എണ്ണ സംസ്‌കരണം, പെട്രോകെമിക്കൽസ് അടക്കമുള്ള മേഖലകളിൽ സഹകരിക്കുന്നതിനും സംയുക്ത നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നതിനും ഹ്യൂണ്ടായ് ഹെവി ഇൻഡസ്ട്രീസുമായി അഞ്ചു കരാറുകളും ധാരണാപത്രങ്ങളും സൗദി അറാംകൊ ഒപ്പുവെച്ചു. ഹ്യൂണ്ടായ് ഓയിൽ കമ്പനിക്ക് ക്രൂഡ് ഓയിൽ നൽകുന്നതിന് മറ്റു രണ്ടു കരാറുകളും അറാംകൊ ഒപ്പുവെച്ചു. ഹൈഡ്രജൻ ഇന്ധന വാഹന വ്യവസായ മേഖലയിൽ സഹകരിക്കുന്നതിന് ഹ്യൂണ്ടായ് മോട്ടോഴ്‌സുമായും ധാരണാപത്രം ഒപ്പുവെച്ചു. 
കൊറിയയിൽ എണ്ണ സംഭരണ മേഖലയിൽ സഹകരിക്കുന്നതിന് കൊറിയ നാഷണൽ ഓയിൽ കോർപറേഷൻ കമ്പനിയുമായും സൗദി അറാംകൊ ധാരണാപത്രം ഒപ്പുവെച്ചു. സൗദിയിൽ കാർബൺ ഫൈബർ ഫാക്ടറി സ്ഥാപിക്കുന്നതിന് ഹ്യൂസുംഗ് ഗ്രൂപ്പുമായും സൗദിയിൽ നിക്ഷേപാവസരങ്ങൾ ലഭ്യമാക്കുന്നതിന് ജെ.എസ് ഹോൾഡിംഗ്‌സുമായും ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. സൗദിയിൽ പെട്രോകെമിക്കൽ പദ്ധതികൾ സ്ഥാപിക്കുന്നതിന് ഡൈലിം ഇൻഡസ്ട്രിയലുമായും സൗദി അറാംകൊ ഇന്നലെ ധാരണാപത്രം ഒപ്പുവെച്ചു. ആകെ 830 കോടി ഡോളറിന്റെ കരാറുകളാണ് കൊറിയൻ കമ്പനികളുമായി അറാംകൊ ഒപ്പുവെച്ചത്. 
സാമ്പത്തിക സഹകരണം വിപുലമാക്കുന്നതിന് പത്തു കൊറിയൻ കമ്പനികളുമായി ധാരാണപത്രങ്ങൾ ഒപ്പുവെച്ചതായി സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(സാജിയ)യും പറഞ്ഞു. സൗദിയിൽ പ്രവർത്തിക്കുന്നതിന് രണ്ടു കൊറിയൻ കമ്പനികൾക്ക് സാജിയ ലൈസൻസുകളും അനുവദിച്ചു. അടുത്ത വർഷം കൊറിയയിൽ ഓഫീസ് തുറക്കുമെന്നും സാജിയ വെളിപ്പെടുത്തി. സൗദിയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് കൊറിയൻ കമ്പനികൾക്ക് ധാരണാപത്രങ്ങൾ അവസരമൊരുക്കും. കൊറിയൻ സാങ്കേതികവിദ്യകൾ ലഭിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സൗദി അറേബ്യക്കും അവസരം ലഭിക്കുമെന്ന് സാജിയ ഗവർണർ ഇബ്രാഹിം അൽഉമർ പറഞ്ഞു. ആരോഗ്യ മന്ത്രാലയം, ചെറുകിട, ഇത്തരം സ്ഥാപന അതോറിറ്റി, സൗദി  അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളും ഏജൻസികളും കൊറിയൻ സർക്കാർ വകുപ്പുകളുമായും കമ്പനികളുമായും പതിനഞ്ചു ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സിയോൾ ഫോർസീസൺസ് ഹോട്ടലിൽ നടന്ന സൗദി-കൊറിയൻ പാർട്ണർഷിപ്പ് ഫോറത്തിനിടെയാണ് ഈ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 118 കൊറിയൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 

 

Latest News