റിയാദ് - അസീർ പ്രവിശ്യയിൽപെട്ട ഖമീസ് മുശൈത്തിൽ ജനവാസ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.34 ന് ആണ് ഡ്രോൺ സൗദി സൈന്യം വെടിവെച്ചിട്ടത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അബഹ അന്താരാഷ്ട്ര എയർപോർട്ട് കാർ പാർക്കിംഗിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ സിറിയക്കാരൻ വീരമൃത്യുവരിക്കുകയും നാലു ഇന്ത്യക്കാർ അടക്കം 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം 12 ന് പുലർച്ചെ അബഹ എയർപോർട്ട് ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരി അടക്കം 26 പേർക്കും പരിക്കേറ്റിരുന്നു. പത്തു ദിവസത്തിനിടെ സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട പതിനെട്ടു ഡ്രോണുകൾ സൗദി സൈന്യവും സഖ്യസേനയും തകർത്തിട്ടുണ്ട്.