കാസര്‍കോട്- മകളുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പിച്ച ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ച ഉപ്പള സ്വദേശി മരിച്ചു. ഉപ്പള സോങ്കാലിലെ അല്‍ത്താഫ് (52) ആണ് ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് അല്‍ത്താഫിനെ മകള്‍ സറീനയുടെ ഭര്‍ത്താവ് ഷെബിന്‍, സുഹൃത്തുക്കളായ റിയാസ്, ലത്തീഫ്, മറ്റു രണ്ടു പേര്‍ എന്നിവര്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്.
മയക്കുമരുന്നിന് അടിമയായ യുവാവ് ഭാര്യ സറീനയെ നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ അല്‍ത്താഫ് മകളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഈ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊന്നതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11 മണി വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് കൈഞരമ്പ് മുറിച്ചും ക്രൂരമായി ആക്രമിച്ചും അല്‍ത്താഫിനെ ഗുരുതരമായി പരിക്കേല്‍പിച്ചതായി പറയുന്നു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മകളുടെ ഭര്‍ത്താവ് ബന്തിയോട് കുക്കാറിലെ ഷെബിന്‍ മൊയ്തീന്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെ 19 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് þപോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി. കര്‍ണാടകയിലും കാസര്‍കോട് ഭാഗത്തും ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.