പെരുന്നാൾ രാവിന് ഇശലിന്റെ നറുമണം നൽകുകയാണ് മാപ്പിളപ്പാട്ടിന്റെ രാജകോകിലം വിളയിൽ ഫസീല മുഹമ്മദലി. ഇശൽ മൂളിയും പെരുന്നാളിന്റെ െൈമലാഞ്ചി മൊഞ്ച് പറഞ്ഞും ഫസീല വാചാലയാകുമ്പോൾ ഇരവുകൾ രാഗാർദ്രമാവും. മാപ്പിളപ്പാട്ട് രംഗത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ച് വേദികളിൽ നിന്ന് വേദികളിലേക്ക് പാടിപ്പറന്ന വിളയിൽ ഫസീല പെരുന്നാളിന്റെ ഓർമ്മയിലേക്ക് മൈലാഞ്ചിച്ചുവട് വെച്ചപ്പോൾ..
മലബാറിൽ മാപ്പിളപ്പാട്ട് സംഘം വി.എം.കുട്ടിയും വിളയിൽ വൽസലയും എന്ന പേരിലാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. അത് പിന്നീട് രാജ്യാതിർത്തികൾ കടന്നതോടെ സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ നാലാളാറിയുന്ന പാട്ടുകാരിയായി മാറിയത് പടച്ചവന്റെ അനുഗ്രഹമെന്ന് വൽസലയെന്ന ഫസീല. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി-അരീക്കോട് റോഡിൽ ചീക്കോട് പഞ്ചായത്തിലെ വിളയിൽ എന്ന ഗ്രാമത്തിൽ ഉള്ളാട്ടു തൊടി കേളൻ - ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ഞാൻ ജിനിച്ചത്. അവരെനിക്ക് വൽസലയെന്ന് പേരിട്ടു. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ പാടാനുള്ള കഴിവ് ആദ്യം തിരിച്ചറിഞ്ഞത് അധ്യാപികയായ സൗദാമിനി ടീച്ചറായിരുന്നു.ജ്യേഷ്ഠന്റെ സിനിമാ പുസ്തക ഗാനങ്ങൾ വായിച്ചും പഠിച്ചും കല്യാണ വീടുകളിലെ തെങ്ങിൽ കെട്ടിയിട്ട കോളാമ്പിയിലൂടെ (മൈക്ക് സെറ്റ്) ഒഴുകി എത്തുന്ന പാട്ടുകൾ ശ്രവിക്കുന്നതുമൊഴിച്ചാൽ പാട്ടുമായി ഒരു ബന്ധവും എനിക്കില്ലായിരുന്നു.വിളയിൽ പറപ്പൂർ വിദ്യാപോഷിണി എ.യു.പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കല്യാണ വീട്ടിൽ പോയി പാട്ടുപാടുന്നത്. കുട്ടികളെ കൊണ്ടു പാടിപ്പിക്കുന്ന കൂട്ടത്തിൽ എന്നേയും പാടിപ്പിച്ചുവെന്ന് മാത്രം. പിന്നീട് സ്കൂളിലെ സാഹിത്യ സമാജങ്ങളിലെ സ്ഥിരം പാട്ടുകാരിയായി. സ്കൂളിലെ സൗദാമിനി ടീച്ചർ വഴിയാണ് മാപ്പിളപ്പാട്ട് ഗായകനും എഴുത്തുകാരനുമായിരുന്ന വി.എം.കുട്ടി മാഷിനെ പരിചയപ്പെടുന്നത്.കോഴിക്കോട് ആകാശ വാണിയിൽ ബാലലോകം പരിപാടിക്ക് വേണ്ടി കുട്ടികളെ അന്വേഷിക്കുകയായിരുന്നു വി.എം.കുട്ടി മാഷ്. സൗദാമിനി ടീച്ചർ എഴുതിയ ഗാനം തന്നെയാണ് വി.എം.കുട്ടിമാഷുടെ ചിട്ടവട്ടത്തിൽ ആകാശവാണിയിൽ പാടിയത്. അതോടെയാണ് വിളയിൽ വൽസലയുടെ ജീവിതം തന്നെ പടച്ചവൻ മാറ്റിമറിച്ചത്.
പെരുന്നാൾ രാവിലെ മൈലാഞ്ചി
ആകാശവാണിയിൽ പാടാൻ സ്കൂളിൽ നിന്ന് പത്ത് പേരുണ്ടായിരുന്നെങ്കിലും എന്റെ കണ്ഠ ശുദ്ധി തിരിച്ചറിഞ്ഞിട്ടാവും വി.എം.കുട്ടി മാഷ് എനിക്ക് കൂടുതൽ അവസരം തന്നത്.
അക്കാലത്ത് പെരുന്നാൾ പ്രോഗ്രാമുകളുണ്ടാവും. നാട്ടിലും ബാംഗ്ലൂർ പോലെയുള്ള സിറ്റികളിലും പ്രോഗ്രാമുകളുണ്ടായിരുന്നു. പ്രോഗ്രാമിന് വേണ്ടി വി.എം.കുട്ടിമാഷുടെ വീട്ടിൽ നിന്നായിരുന്നു അക്കാലത്ത് മാപ്പിളപ്പാട്ടുകൾ പഠിച്ചിരുന്നത്. എന്നെ കൂടാതെ ഇന്ദിര,ആയിഷ സഹോദരിമാർ തുടങ്ങിയവരുമുണ്ടാകും. ഞങ്ങൾ കുട്ടികൾ വി.എം.കുട്ടിമാഷുടെ മക്കളുമായി കൂട്ടുകൂടും. മാഷുടെ മരിച്ചു പോയ ഭാര്യ ആമിനക്കുട്ടി താത്തക്ക് എന്നെ വളരെ ഇഷ്ടവുമായിരുന്നു. അവരുടെ നിസ്കാരം, നോമ്പനുഷ്ഠാനം, ഖൂർആൻ പാരായണം തുടങ്ങിയവ എന്നെ ആകർഷിച്ചിരുന്നു. നോമ്പ് കഴിഞ്ഞെത്തുന്ന പെരുന്നാളിന് വല്ലാത്ത സന്തോഷമാണ്. മാഷുടെ മക്കളായ ബുഷ്റ, ഷഹ്റു, കുഞ്ഞിമോൾ എന്നിവരായിരുന്നു എനിക്ക് കൂട്ട്. പെരുന്നാളിന് മുമ്പ് തന്നെ ചക്കയുടെ വെളഞ്ഞി ചെറിയ കമ്പിൽ ചുറ്റി ഉണക്കി കരുതിവെച്ചിട്ടുണ്ടാവും. മുൻകാലത്തെ മുസ്ലിം വീടുകളിലെ ഇറയത്തു വെളഞ്ഞി ചുറ്റിയ കോലുകൾ പതിവ് കാഴ്ചയാണ്.
ചക്കയുടെ കാലത്ത് തന്നെ മൈലാഞ്ചിക്ക് മൊഞ്ച് കൂട്ടാൻ വെളഞ്ഞി എടുത്തുവെക്കുന്നതാണ് പതിവ്. മൈലാഞ്ചിച്ചെടിയുടെ ഇലകൾ പറിച്ചെടുത്ത് അവ അമ്മിയിലിട്ട് ആദ്യം അരച്ചെടുക്കും. പിന്നീട് വീട്ടിലെ പൊട്ടിയ മൺകലത്തിൽ വെളഞ്ഞി ഇട്ട് ചൂടാക്കും.ചൂടാവുമ്പോൾ വെളഞ്ഞി ഉരുകി ദ്രാവകമായി മാറും.
അതിലേക്ക് ഓലയുടെ ഈർക്കിൽ കുത്തി കയ്യിലേക്ക് പുള്ളി കുത്തും. കൈ പൊളളുന്ന ചൂടാണെങ്കിലും പെരുന്നാൾ ഓർമയിൽ അവ മറക്കും. കൈയിൽ നിറയെ ചൂടാക്കിയ വെളഞ്ഞി കുത്തി കഴിഞ്ഞാൽ അതിനു മുകളിൽ അരച്ചെടുത്ത മൈലാഞ്ചി തേച്ച് പിടിപ്പിക്കും.
പിന്നീട് വാട്ടിയെടുത്ത വാഴയിലയിലോ, പൊടിയണി മരത്തിന്റെ ഇലയിലോ കൈ പൊതിഞ്ഞ് കെട്ടും. മണിക്കൂറുകൾ കഴിഞ്ഞ് കൈ കഴുകുമ്പോൾ വെളഞ്ഞി കുത്തിയ ഭാഗം വെളുത്തതും അല്ലാത്ത ഭാഗം ചുവന്നും നിൽക്കും. ആ കാഴ്ചയും ഭംഗിയും ഇന്നത്തെ ട്യൂബ് മൈലാഞ്ചിക്കില്ലെന്നു വേണം കരുതാൻ.
നെയ്ച്ചോറിന്റെയും തേങ്ങാച്ചോറിന്റെയും മണം
വി.എം.കുട്ടിമാഷുടെ വീട്ടിൽ വെച്ചാണ് ആദ്യ പെരുന്നാൾ ചോറുണ്ടത്. സാധാരണ ഭക്ഷണ രീതിയിൽ നിന്ന് പെരുന്നാളിന് നെയ്ച്ചോറുംതേങ്ങാച്ചോറുമുണ്ടാകും. ഇറച്ചി വരട്ടിയതും പരിപ്പിന്റെ കറിയും ചേരുന്നതോടെ പെരുന്നാൾ വിഭവമായി. മൈലാഞ്ചിച്ചോപ്പുളള കൈ കൊണ്ട് പെരുന്നാളിലെ നെയ്ച്ചോറ് വാരിക്കഴിക്കുമ്പോഴുള്ള ആത്മനിർവൃതി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. നെയ്ച്ചോറും തേങ്ങാച്ചോറും പെരുന്നാളിൽ മാത്രം കാണുന്ന അപൂർവ്വ ഭക്ഷണമാണ്. നെയ്ച്ചേറിന്റെ മണവും മൈലാഞ്ചിയുടെ മണവും ഒരുമിച്ച് ചേരുമ്പോഴുണ്ടാകുന്ന ഗന്ധം പിന്നിട്ട കാലത്തെ പെരുന്നാളുകൾക്കൊന്നും ലഭിച്ചിട്ടില്ല. അന്ന് മുസ്ലിമായിട്ടില്ലാത്ത ഞാനടക്കം വി.എം.കുട്ടി മാഷുടെ കുടുംബത്തോടൊത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴുണ്ടാകുന്ന സന്തോഷം ഏറെ വലുതാണ്.ഇന്ന് ബിരിയാണിയും ഖബ്സയുമൊക്കെയായി തീന്മേശ നിറയുമ്പോൾ അന്നത്തെ പെരുന്നാളുകളിലെ നെയ്ച്ചോറും തേങ്ങാച്ചോറുമൊക്കെയാണ് ഓർമയിലെത്തുക. മാഷുടെ വീട്ടിൽ നിന്നാണ് മുസ്ലിം സംസ്കാരവും ഇസ്ലാമിക വീക്ഷണവും അറിഞ്ഞത്. തട്ടമിട്ട് മാപ്പിളപ്പാട്ട് പാടുന്ന വൽസ വേദിയിൽ അന്ന് ആസ്വാദകരുടെ അൽഭുതമായിരുന്നു. അറബി അക്ഷരങ്ങൾ എനിക്ക് വഴങ്ങുന്നതിന് കാരണമായതും മാഷുടെ കുടുംബവുമായുളള സൗഹൃദത്തിൽ നിന്നാണ്.പിന്നീട് അറബി കവി ഇമാം ബൂസൂരിയുടെ അറബിയിലുളള ബുർദ കാവ്യം ഞാൻ ആലപിക്കുന്നത് കേട്ട് യേശുദാസ് പോലും അഭിനന്ദിച്ചിട്ടുണ്ട്. ദാസേട്ടൻ പിന്നീട് കാസറ്റിന് വേണ്ടി ബുർദ ആലപിച്ചപ്പോൾ പറഞ്ഞു കൊടുത്തതും ഞാനായിരുന്നു.
എന്റെ ശങ്ക കണ്ട് ദാസേട്ടൻ പറഞ്ഞു. പേടിക്കൊന്നും വേണ്ട, എനിക്ക് അറിയാത്തത് കൊണ്ടല്ലേ. വലിയ കലാകാരന്റെ വലിയ മനസ്സ്.
ബാംഗ്ലൂരിലെ പെരുന്നാൾ കാഴ്ച
കേരളത്തിൽ പെരുന്നാൾ കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് ബാംഗ്ലൂരിൽ പെരുന്നാളുണ്ടാവുക. ഗൾഫിലേക്കാളേറെ ബാഗ്ലൂരിലാണ് അന്ന് പെരുന്നാൾ പ്രോഗ്രാമുണ്ടായിരുന്നത്.
അവിടെ ആലപിക്കാനുള്ള പാട്ടുകൾ പഠിക്കാനാണ് ഞാൻ മാഷുടെ വീട്ടിൽ കഴിഞ്ഞിരുന്നത്. മാഷുടെ വീട്ടിൽ നിന്ന് പെരുന്നാൾ ആഘോഷം കഴിഞ്ഞ് ഞങ്ങൾ അന്ന് തന്നെ ബാംഗ്ലൂരിലേക്ക് തിരിക്കും.അവിടെ ഒരു മുസ്ലിം പള്ളിയുടെ സമീപത്തായിരുന്നു ഞങ്ങളുടെ താമസം. ആ പള്ളിയിലേക്ക് പെരുന്നാളിന് എത്തിയവരുടെ നിസ്കാരം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.ദരിദ്രനെന്നോ, ധനികനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നായി നിന്നു കൊണ്ടുള്ള നിസ്കാരം. ആ രീതിയിൽ ഞാനാദ്യം കാണുകയാണ്. അന്ന് തൊട്ടാണ് വൽസലയിൽ ഫസീലയിലേക്ക് മാറ്റം വേണമെന്ന ആഗ്രഹം മുളച്ചതും.ബാംഗ്ലൂരിൽ പാടുമ്പോൾ പണം സദസ്സിലേക്ക് എറിയുന്ന ആസ്വാദകരാണ് ഏറെയും.അവർ ആവശ്യമുളള പാട്ടുകൾ എഴുതിത്തന്ന് ഞങ്ങളെക്കൊണ്ട് വേദിയിൽ പാടിപ്പിക്കും.
ഇതിന് ശേഷമാണ് ഗൾഫ് പ്രോഗ്രാമിന് പോകുന്നത്. മിക്കതും പെരുന്നാൾ പ്രോഗ്രാം തന്നെ. വി.എം.കുട്ടി മാഷ്, എരഞ്ഞോളി മൂസ, പീർമുഹമ്മദ് തുടങ്ങിയ പ്രഗൽഭരോടൊപ്പം പാടാനായിട്ടുണ്ട്. സിനിമയിൽ പാടാൻ തുനിഞ്ഞിരുന്നില്ലെങ്കിലും 1921, മൈലാഞ്ചി തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്.
ഫസീലയുടെ പെരുന്നാൾ
30 വർഷമായി ഇസ്ലാം സ്വീകരിച്ച് ഫസീലയായതോടെ ഭർത്താവ് മുഹമ്മദലി തന്നെയാണ് എനിക്ക് കരുത്തായത്. മതം മാറിയതിനു ശേഷമാണ് ഞങ്ങളുടെ വിവാഹം.
എന്നാൽ ഞാൻ അന്നും വിളയിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അവിടെ അയൽവാസിയായ അലവി ഹാജിയുടെ കുടുംബത്തോടൊപ്പമായിരുന്നു എന്റെ പെരുന്നാൾ.ഹാജിയുടെ മക്കളായ കുഞ്ഞിമോളും ചെറിയുമ്മുവുമൊക്കെ കൂട്ടിനുണ്ടാകും. പെരുന്നാളിന് കൂടുതൽ സന്തോഷം പകർന്ന കാലഘട്ടമായിരുന്നു അത്. പിന്നീട് വിവാഹം കഴിഞ്ഞ് ഇക്ക വിദേശത്തേക്ക് പോയപ്പോഴും ഇവരും ഇക്കയുടെ കുടംബവുമൊക്കെയായിരുന്നു എന്റെ കരുത്ത്. പ്രോഗ്രാം ഗൾഫിലായതോടെ പല പെരുന്നാളും പ്രവാസികളോടൊപ്പമായിരുന്നു.കോഴിക്കോട് വെള്ളിമാട് കുന്നിലെ ഫസീൽ അലി വീട്ടിലിരുന്ന് മാപ്പിളപ്പാട്ടിന്റെ ഗാനകോകിലം പെരുന്നാളിനെ കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ പേരമകൻ മുഹമ്മദ് ഫൈസൽ അലിയുമുണ്ട് കൊഞ്ചലോടെ അരികിൽ. കാലം മാറിമറിയുന്നത് അറിയുന്നതേയില്ല. ഞങ്ങൾക്ക് രണ്ട് മക്കളായി.
ഭർത്താവ് സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലുണ്ട്. ഞങ്ങളുടെ മക്കൾക്ക് മക്കളായി. മകൾ ഫാഹിമ, ഭർത്താവ് റമീസ് (അരക്കിണർ, കോഴിക്കോട്) ഇപ്പോൾ ഷാർജയിലാണ്. അവർക്ക് രണ്ട് മക്കളാണ്. മുഹമ്മദ് രിദ്വാനും മുഹമ്മദ് റയ്യാനും. മകൻ ഫയാദലിയും ഷാർജയിലാണ്. ഫയാദിന്റെ ഭാര്യ ഷഹർബാൻ. അവന്റെ മകനാണ് മുഹമ്മദ് ഫൈസൽ അലി. പടച്ചവൻ എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ് പാടാനുള്ള കഴിവ്. മാപ്പിളപ്പാട്ട് രംഗത്തേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ച കാലഘട്ടത്തിലാണ് എനിക്ക് ഉയരാൻ കഴിഞ്ഞത്.എന്റെ ഗാനങ്ങളെ ഏറെ സ്നേഹിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത പ്രവാസി സുഹൃത്തുക്കളെ എത്ര സ്മരിച്ചാലും മതിയാകില്ല. ഈ വർഷം പ്രോഗ്രാമിന് പോകാത്തതിനാൽ കുടുംബത്തോടൊപ്പം പെരുന്നാൾ കൂടാൻ കഴിയുന്നതിലെ സന്തോഷത്തിലാണ്. എല്ലാവർക്കും എന്റെയും കുടംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ.