കൊച്ചി- ഏറെ ചർച്ചകൾക്കൊടുവിൽ താരസംഘടനയായ അമ്മ ഭരണഘടന മാറ്റത്തിനൊരുങ്ങുന്നു. സംഘടനയിൽ വനിത താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിലുള്ള ഭരണഘടന ഭേദഗതി നിർദേശങ്ങൾ ഈ മാസം 30ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ ചേരുന്ന വാർഷിക ജനറൽ ബോഡി ചർച്ച ചെയ്യും.
യോഗ നടപടികൾക്ക് ശേഷമായിരിക്കും ഭരണഘടന ഭേദഗതിയുടെ കാര്യത്തിൽ സംഘടന തലത്തിൽ അന്തിമ തീരുമാനമുണ്ടാവുകയെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സുപ്രീം കോടതി നിർദേശങ്ങളടക്കം പരിഗണിച്ചാണ് ഭരണഘടന ഭേദഗതി. ഭേദഗതിക്ക് യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ രജിസ്‌ട്രേഷൻ അടക്കമുള്ള മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കായി ആഭ്യന്തര പരാതി സെൽ രൂപീകരിക്കൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാലു വനിതകളുടെ പ്രാതിനിധ്യം, സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്ക് നൽകൽ തുടങ്ങിയ നിർദേശങ്ങൾ ഭേദഗതിയിലുണ്ടെന്നാണ് സൂചന. 30ന് രാവിലെ 10 മുതൽ ചേരുന്ന വാർഷിക ജനറൽ ബോഡി യോഗം ഭരണഘടന ഭേദഗതി നിർദേശങ്ങൾ ചർച്ച ചെയ്യും. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സംഘടനയിൽ വനിത താരങ്ങളും വനിത സിനിമ പ്രവർത്തകരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവും (ഡബ്ല്യുസി.സി) ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനും സമ്മർദ്ദത്തിനുമൊടുവിലാണ് താര സംഘടന ഭരണഘടന മാറ്റത്തിനൊരുങ്ങുന്നത്. വനിത താരങ്ങൾക്കെതിരെ സിനിമ രംഗത്തുണ്ടാവുന്ന ലൈംഗിക ചൂഷണമടക്കം തടയാൻ സംഘടനക്കകത്ത് ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നായിരുന്നു പ്രധാന ആവശ്യങ്ങളിലൊന്ന്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടേതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാൻ സുപ്രീം കോടതി മാർഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ സംഘടന നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നും അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണെന്നും നേരത്തെ ഡബ്ല്യു.സി.സി പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 24ന് ചേർന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള ഭാരവാഹികളുടെ നടപടിയാണ് സംഘടനയിൽ വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയത്. സംഘടന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡബ്ല്യു.സി.സി അടക്കമുള്ള സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും രംഗത്ത് വന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നാലു വനിത താരങ്ങൾ സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.