പരിശുദ്ധ കഅ്ബയുടെ വാതിൽ നിർമാണത്തിന് പന്ത്രണ്ടു മാസമെടുത്തതായി കവാട നിർമാണത്തിൽ ഭാഗഭാക്കായ അഹമ്മദ് ബദ്‌റിന്റെ പുത്രൻ ഫാരിസ് പറയുന്നു. ഏറ്റവും ഉയർന്ന കരുത്തിലും ഗുണമേന്മയിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുമാണ് വാതിലിന്റെ രൂപമുണ്ടാക്കിയത്. വാതിൽ അലങ്കരിക്കുന്നതിന് സമീകൃത രൂപങ്ങളിൽപെട്ട കാലിഗ്രാഫികൾ തെരഞ്ഞെടുത്തു. ഇതിൽ പ്രധാനം വാതിലിൽ എടുത്തു കാണിക്കുന്ന വൃത്തത്തിലെ കാലിഗ്രാഫിയാണ്. മുകൾ ഭാഗത്തെ അറ്റങ്ങളിൽ അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരുകൾക്കും വിശുദ്ധ ഖുർആൻ സൂക്തങ്ങൾക്കും ചുറ്റും അതിവിശിഷ്ടമായ കാലിഗ്രാഫികൾ ചെയ്തിരിക്കുന്നു.
ലോകത്തെങ്ങുമുള്ള 150 കോടിയിലേറെ വരുന്ന മുസ്‌ലിംകൾ അഞ്ചു നേരത്തെ നിർബന്ധ നമസ്‌കാരങ്ങൾക്കും ഐച്ഛിക നമസ്‌കാരങ്ങൾക്കും മുഖം തിരിക്കുന്നത് മക്കയിലെ വിശുദ്ധ കഅ്ബാലയത്തിനു നേരെയാണ്. വെട്ടിയെടുത്ത കറുത്ത കല്ലുകൾ നിരനിരയായി അടുക്കിവെച്ച്, ചതുരാകൃതിയിൽ നിർമിച്ച ചെറിയ ഒറ്റമുറിയാണ് ഭൂമിലോകത്ത് അല്ലാഹുവിനെ ആരാധിക്കുന്നതിന് ആദ്യമായി നിർമിച്ച ഭവനം. ജനവാസ യോഗ്യമല്ലാത്ത മരുഭൂമധ്യത്തിൽ പ്രവാചക ശ്രേഷ്ഠൻ ഇബ്രാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും ചേർന്നാണ് കഅ്ബാലയം പടുത്തുയർത്തിയത്. അന്ത്യനാൾ വരെയുള്ള മുസ്‌ലിംകളെ ഒറ്റബിന്ദുവിൽ കേന്ദ്രീകരിപ്പിക്കുന്ന ആദ്യ ദൈവിക ഭവനത്തിന് ഭൂലോകത്തിന്റെ ഒത്ത നടുക്ക് വരുന്ന മക്കയെ ആണ് അല്ലാഹു തെരഞ്ഞെടുത്തത്. പുരാതന കാലത്ത് ഇതിൽ അടങ്ങിയ യുക്തി വിശ്വാസികൾക്ക് അറിയാതെ പോയെങ്കിലും അല്ലാഹുവിന്റെ അപാരമായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണിതെന്ന് ഇന്ന് ലോകം മനസ്സിലാക്കുന്നു. ഇന്ന് ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും ദശലക്ഷക്കണക്കിന് തീർഥാടകർ പ്രവഹിക്കുന്ന മക്ക എല്ലാ സുഖസൗകര്യങ്ങളും തികഞ്ഞ നഗരമാണ്. ഇബ്രാഹിം നബിയുടെ പ്രാർഥനയുടെ ഫലമാണിതെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. ലോകത്ത് എവിടെയുമുള്ള മുസ്‌ലിംകളുടെ സ്വത്വ സ്വരൂപ പ്രതീകമാണ് മക്കയിലെ ഖിബ്‌ലക്ക് നേരെ തിരിഞ്ഞുള്ള നമസ്‌കാരം പ്രതിഫലിപ്പിക്കുന്നത്. ഏതു ചിന്താധാരയിൽ പെട്ടവരും മദ്ഹബുകളിൽ പെട്ടവരും ഇക്കാലം വരെ ഖിബ്‌ലയുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടില്ല.
1977 ൽ കഅ്ബാലയത്തിൽ സ്ഥാപിച്ച സ്വർണ വാതിലുകൾ ഒഴിച്ചുനിർത്തിയാൽ, ലോകത്താകമാനമുള്ള മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തിൽ അതിനനുസരിച്ച യാതൊരുവിധ ആഡംബരങ്ങളുമില്ല. ആധുനിക സൗദി ഭരണ കാലത്ത് വിശുദ്ധ കഅ്ബാലയത്തിന്റെ വാതിൽ രണ്ടു തവണ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ആധുനിക സൗദിയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലത്തും ഖാലിദ് രാജാവിന്റെ കാലത്തുമായിരുന്നു ഇത്.
ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ബലപ്പെടുത്തിയ അലൂമിനിയം ഉപയോഗിച്ചാണ് അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് വാതിൽ നിർമിച്ചത്. സ്വർണം പൂശിയ വെള്ളി പലകകൾ ഉപയോഗിച്ച് വാതിൽ പൊതിഞ്ഞു. ഒന്നര വർഷമെടുത്താണ് വാതിൽ നിർമാണം പൂർത്തിയാക്കിയത്. ഈ വാതിൽ 36 വർഷത്തിലേറെ തുടർന്നു. രണ്ടാമത്തെ വാതിൽ ഖാലിദ് രാജാവിന്റെ കാലത്ത് 1977 ലാണ് നിർമിച്ചത്. തനി സ്വർണത്തിൽ നിർമിച്ച ഈ വാതിലാണ് ഇപ്പോഴുള്ളത്. വിശുദ്ധ കഅ്ബാലയത്തിനകത്തു വെച്ച് 1977 ൽ നമസ്‌കാരം നിർവഹിച്ചപ്പോഴാണ് കഅ്ബാലയ വാതിലിന്റെ പഴക്കവും ഇതിലെ പരിക്കുകളും കണ്ട് പുതിയ വാതിൽ നിർമിക്കുന്നതിനുള്ള ആശയം ഖാലിദ് രാജാവിന്റെ മനസ്സിൽ ഉയർന്നത്. ഇതോടൊപ്പം കഅ്ബാലയത്തിനകത്തെ ബാബു തൗബയും സ്വർണത്തിൽ നിർമിക്കുന്നതിന് ഖാലിദ് രാജാവ് നിർദേശം നൽകി. അന്ന് കിരീടാവകാശിയായിരുന്ന ഫഹദ് രാജാവ് മക്കയിൽ വാതിൽ നിർമാണ കേന്ദ്രം സന്ദർശിച്ച് നൽകിയ നിർദേശങ്ങൾ നിശ്ചയിച്ചതിലും വേഗത്തിൽ വാതിൽ നിർമാണം പൂർത്തിയാക്കുന്നതിന് സഹായിച്ചു. കഅ്ബാലയ വാതിലും ബാബു തൗബയും നിർമിക്കുന്നതിന് 1,34,20,000 റിയാലാണ് അന്ന് ചെലവായത്. 1398 ദുൽഹജ് ഒന്നിനാണ് വാതിൽ നിർമാണങ്ങൾ ആരംഭിച്ചത്. ഇതിനായി മക്കയിൽ പ്രത്യേക വർക്ക്‌ഷോപ്പ് സ്ഥാപിക്കുകയായിരുന്നു. രണ്ടു വാതിലുകളുടെയും നിർമാണത്തിന് 99.99 മാറ്റ് പരിശുദ്ധിയുള്ള 280 കിലോ സ്വർണം ഉപയോഗിച്ചു.
വിശുദ്ധ കഅ്ബാലയത്തിന്റെ സ്വർണ വാതിൽ നിർമാണം ഒരു സാധാരണ സംഭവമായിരുന്നില്ല. സൗദി ഭരണാധികാരികളുടെ അതീവ ശ്രദ്ധ ഇതിൽ പതിഞ്ഞിരുന്നു. വാതിൽ നിർമാണത്തിന് ആവശ്യമായ സ്വർണവും മറ്റു വസ്തുക്കളും ഏറെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തത്. ഖാലിദ് രാജാവിന്റെ നിർദേശാനുസരണം അഹ്മദ് ഇബ്രാഹിം ബദ്ർ, മുനീർ അൽജുന്ദി, അബ്ദുറഹ്മാൻ അമീൻ എന്നിവരെയാണ് കഅ്ബാലയത്തിന്റെ വാതിൽ നിർമാണത്തിന് തെരഞ്ഞെടുത്തത്.
കഅ്ബയുടെ വാതിൽ നിർമാണത്തിന് പന്ത്രണ്ടു മാസമെടുത്തതായി കവാട നിർമാണത്തിൽ ഭാഗഭാക്കായ അഹമ്മദ് ബദ്‌റിന്റെ പുത്രൻ ഫാരിസ് പറയുന്നു. ഏറ്റവും ഉയർന്ന കരുത്തിലും ഗുണമേന്മയിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുമാണ് വാതിലിന്റെ രൂപമുണ്ടാക്കിയത്. വാതിൽ അലങ്കരിക്കുന്നതിന് സമീകൃത രൂപങ്ങളിൽപെട്ട കാലിഗ്രാഫികൾ തെരഞ്ഞെടുത്തു. ഇതിൽ പ്രധാനം വാതിലിൽ എടുത്തു കാണിക്കുന്ന വൃത്തത്തിലെ കാലിഗ്രാഫിയാണ്. മുകൾ ഭാഗത്തെ അറ്റങ്ങളിൽ അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരുകൾക്കും വിശുദ്ധ ഖുർആൻ സൂക്തങ്ങൾക്കും ചുറ്റും അതിവിശിഷ്ടമായ കാലിഗ്രാഫികൾ ചെയ്തിരിക്കുന്നു. അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് ഹിജ്‌റ 1363 ൽ പഴയ വാതിൽ നിർമിച്ചു എന്ന വാചകം കവാടത്തിന്റെ മുകൾ ഭാഗത്തും ഈ കവാടം ഖാലിദ് രാജാവിന്റെ കാലത്ത് ഹിജ്‌റ 1399 ൽ നിർമിച്ചു എന്ന വാചകം അടിഭാഗത്തും രേഖപ്പെടുത്തിയിട്ടുണ്ട്. അഹ്മദ് ഇബ്രാഹിം ബദ്ർ മക്കയിൽ നിർമിച്ചത്, രൂപകൽപന ചെയ്തത് മുനീർ അൽജുന്ദി, ലിഖിതങ്ങൾ നടത്തിയത് അബ്ദുറഹ്മാൻ അമീൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ നാമങ്ങൾ ആലേഖനം ചെയ്ത വൃത്ത രൂപത്തിലുള്ള ഡ്രോയിംഗുകൾ പ്രത്യേകം പരിഗണിച്ച് കാലിഗ്രഫി രൂപകൽപന അനുസരിച്ച് കലാരൂപത്തിലാണ് വാതിലിന്റെ വശങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അല്ലാഹുവിന്റെ പതിനഞ്ച് നാമങ്ങളാണ് കഅ്ബാലയ വാതിലിലുള്ളത്.
ഇന്നും കഅ്ബാലയ വാതിലിലും സ്വർണപ്പാത്തിയിലും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതും പോളിഷ് ചെയ്ത് വൃത്തിയാക്കുന്നതും അഹ്മദ് ഇബ്രാഹിം ബദ്‌റിന്റെ കുടുംബത്തിൽ പെട്ടവരാണെന്ന് മക്കയിലെ ആഭരണ നിർമാണ മേഖലയിലെ കാരണവരായ അഹ്മദ് ബദ്‌റിന്റെ പുത്രൻ ഫൈസൽ പറയുന്നു. തനി സ്വർണത്തിൽ നിർമിച്ചതാണെങ്കിലും കാലക്രമേണ ഇതിന്റെ നിറം മങ്ങും. ഇങ്ങനെ നിറം മങ്ങുമ്പോൾ വാതിൽ വൃത്തിയാക്കി പുതുതായി പോളിഷ് ചെയ്യും. കഅ്ബാലയത്തിന്റെ ഉൾവശത്തെ തൂണുകളിൽ സ്വർണം പതിച്ചതും ഇവരുടെ കുടുംബമാണ്. ഏറ്റവും ഒടുവിൽ കഅ്ബാലയത്തിൽ നടത്തിയ അറ്റകുറ്റപ്പണിക്കിടെയാണ് തൂണുകളിൽ സ്വർണം പതിച്ചത്.
അബ്ദുൽ അസീസ് രാജാവിന്റെ കാലം വരെ കഅ്ബാലത്തിലുണ്ടായിരുന്ന പഴയ വാതിൽ ഇപ്പോഴും കേടുകൂടാതെ സൂക്ഷിക്കുന്നുണ്ട്. ബ്ലാക്ക് അക്കേഷ്യ മരത്തടി ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ പഴയ വാതിൽ നിർമിച്ചിരുന്നത്. ഈ വാതിൽ തറനിരപ്പിൽ ഉരസുന്ന നിലയിലായിരുന്നു. ഈ വാതിൽ കഴിഞ്ഞ മാസം ദക്ഷിണ കൊറിയയിലെ സിയോളിൽ സംഘടിപ്പിച്ച സൗദി എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു. 1630 ഓഗസ്റ്റിൽ ഓട്ടോമൻ സുൽത്താൻ മുറാദ് നാലാമന്റെ കൽപന പ്രകാരമാണ് ഈ വാതിൽ നിർമിച്ചത്. മക്ക അമീറായിരുന്ന അൽശരീഫ് മസ്ഊദ് ഇദ്‌രീസ് ബിൻ ഹസന്റെ കാലത്ത് മക്കയിൽ അതിശക്തമായ പേമാരിയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നിലക്കുള്ള പ്രളയമുണ്ടായി. വിശുദ്ധ കഅ്ബാലയത്തിന്റെ ഭിത്തിയുടെ പകുതി വരെ വെള്ളത്തിൽ മൂടി. ഇതുമൂലം കഅ്ബാലയത്തിന്റെ വടക്കു ഭാഗത്തെ ചുമർ തകരുകയും കഅ്ബാലയ വാതിൽ അടങ്ങിയ കിഴക്കു ഭാഗത്തെ ഭിത്തിക്ക് ബലക്ഷയം നേരിടുകയും ചെയ്തു. ഇതേ കുറിച്ച് മക്ക അമീർ അൽശരീഫ് മസ്ഊദ്, സുൽത്താൻ മുറാദ് നാലാമന് കത്തയച്ചു. കഅ്ബാലയം അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഈജിപ്തിലെ ഗവർണറായിരുന്ന മുഹമ്മദ് അലി അൽ അൽബാനിക്ക് സുൽത്താൻ നിർദേശം നൽകി. അറ്റകുറ്റപ്പണികൾ നിരീക്ഷിക്കുന്നതിന് പ്രത്യേക പ്രതിനിധിയെ സുൽത്താൻ മക്കയിലേക്ക് അയക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾ ആരംഭിച്ച എൻജിനീയർമാർ നാശോന്മുഖമായ കിഴക്കു ഭാഗത്തെ ചുമർ പൊളിച്ച് പുനർനിർമിക്കുന്നതിനും തീരുമാനിച്ചു. കിഴക്കു ഭാഗത്തെ ചുമർ പൊളിച്ചതോടെ കഅ്ബാലയത്തിന്റെ വാതിൽ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെട്ടു. കഅ്ബാലയത്തിന് പുതിയ വാതിൽ നിർമിക്കുന്നതിന് സുൽത്താൻ മുറാദ് ഈജിപ്തുകാരായ എൻജിനീയർമാരുടെ സഹായം തേടി. 1629 ഒക്‌ടോബറിൽ വാതിൽ നിർമാണം ആരംഭിച്ചു. 1630 മാർച്ചിൽ നിർമാണം പൂർത്തിയായി. 1947 ൽ അബ്ദുൽ അസീസ് രാജാവ് കഅ്ബാലയത്തിന് പുതിയ കവാടം നിർമിക്കുന്നതിന് ഉത്തരവിടുന്നതു വരെ ഈ വാതിൽ കഅ്ബയിൽ തുടർന്നു.
ഈജിപ്ഷ്യൻ എൻജിനീയർമാർ ഏറെ നൈപുണ്യത്തോടെയാണ് കഅ്ബാലയത്തിന്റെ വാതിൽ രൂപകൽപന ചെയ്തത്. രണ്ടു പൊളികളുള്ള വാതിലാണ് ഇവർ നിർമിച്ചത്. 166 റാത്തൽ തൂക്കമുള്ള വെള്ളി പൂശിയ കാലിഗ്രാഫി ചെയ്ത് വാതിൽ ഇവർ കമനീയമാക്കി. ചില ഭാഗങ്ങളിൽ വെനീഷ്യൻ ഗോൾഡ് പൂശി. കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കുന്ന നല്ല ഗുണമേന്മയും ഉറപ്പുമുള്ള ഇരുമ്പ് ഷീറ്റുകളും വാതിൽ നിർമാണത്തിന് ഉപയോഗിച്ചു. ഇതാണ് നാലു നൂറ്റാണ്ടോളം യാതൊരു കേടുപാടും കൂടാതെ നിലനിൽക്കുന്നതിന് ഈ വാതിലിനെ സഹായിച്ചത്.
വിശുദ്ധ കഅ്ബാലയത്തിന്റെ ടെറസിൽ നിന്ന് മഴവെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുന്ന പാത്തിയും സ്വർണത്തിൽ നിർമിച്ചതാണ്. കഅ്ബാലയത്തിന്റെ വടക്കു ഭാഗത്ത് ഹിജ്ർ ഇസ്മായിലിലേക്ക് വെള്ളം ചാടുന്ന നിലയിലാണ് പാത്തി സ്ഥാപിച്ചിരിക്കുന്നത്. കഅ്ബാലയത്തിന് ആദ്യമായി പാത്തി നിർമിച്ചത് ഖുറൈശികളായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) നിയോഗത്തിന് അഞ്ചു വർഷം മുമ്പ് അബ്ദുൽ മുത്തലിബിന്റെ കാലത്ത് കഅ്ബാലയത്തിന് മേൽക്കൂര നിർമിച്ചപ്പോഴായിരുന്നു അത്. അതിനു മുമ്പ് കഅ്ബാലയത്തിന് മേൽക്കൂരയില്ലായിരുന്നു. ഹിജ്‌റ 64 ൽ കഅ്ബാലയം അഗ്നിക്കിരയായതിനെ തുടർന്ന് പുതുക്കി പണിതപ്പോൾ അബ്ദുല്ല ബിൻ അൽസുബൈറും പാത്തി സ്ഥാപിച്ചു. സ്വർണ പാത്തി ആദ്യമായി നിർമിച്ചത് അമവി ഖലീഫ അബ്ദുൽ മലിക് ബിൻ മർവാൻ ആയിരുന്നു. മക്കയിലെ ഗവർണറായിരുന്ന ഖാലിദ് ബിൻ അബ്ദുല്ല അൽ ഖസരിയെയാണ് ഇതിന് ഖലീഫ ചുമതലപ്പെടുത്തിയത്. അബ്ബാസി ഭരണകാലത്ത് പല തവണ പാത്തി മാറ്റി. ഏറ്റവും ഒടുവിൽ അൽനാസിർ ലിദീനില്ല അൽ അബ്ബാസി ആണ് പാത്തി മാറ്റിയത്. മമലൂക് ഭരണ കാലത്തും പാത്തിയിൽ പല തവണ അറ്റകുറ്റപ്പണികൾ നടത്തി. ഓട്ടോമൻ ഭരണകാലം വരെ ഈ പാത്തി തുടർന്നു. ഹിജ്‌റ 959 ൽ ഓട്ടോമൻ സുൽത്താൻ സുലൈമാൻ അൽഖാനൂനിയുടെ കൽപന പ്രകാരം പാത്തി നീക്കം ചെയ്ത് ഇസ്താംബൂളിലേക്ക് നീക്കി പകരം വെള്ളി പാത്തി സ്ഥാപിച്ചു. 962 ൽ ഇദ്ദേഹത്തിന്റെ കാലത്ത് വീണ്ടും സ്വർണ പാത്തി സ്ഥാപിച്ചു. ഇത് ഈജിപ്തിൽ നിർമിച്ചതായിരുന്നു.
1020 ൽ സുൽത്താൻ അഹ്മദ് ഒന്നാമന്റെ കാലത്ത് സ്വർണം പൂശിയ വെള്ളി പാളികൾ ഉപയോഗിച്ച് പൊതിഞ്ഞ മരത്തിലുള്ള പാത്തി സ്ഥാപിച്ചു. 1276 ൽ സുൽത്താൻ അബ്ദുൽമജീദ് ഖാന്റെ കാലത്ത് ഇസ്താംബൂളിൽ നിർമിച്ച പുതിയ പാത്തി സ്ഥാപിച്ചു. സുൽത്താൻ അബ്ദുൽമജീദ് ഖാന്റെ പേര് ഇതിൽ ആലേഖനം ചെയ്തിരുന്നു. വെള്ളിയിൽ സ്വർണം പൂശിയ ഈ പാത്തി മക്കയിലെ ഹറം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 1377 ൽ സൗദ് രാജാവിന്റെ കാലത്ത് കഅ്ബാലയത്തിൽ നടത്തിയ അറ്റകുറ്റപ്പണിക്കൊപ്പം പാത്തിയിലെ കേടുകളും തീർത്തു. ഇപ്പോഴത്തെ സ്വർണ പാത്തി ഹിജ്‌റ 1417 ൽ ഫഹദ് രാജാവിന്റെ കാലത്ത് കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണിക്കൊപ്പം നിർമിച്ചതാണ്. ഫഹദ് രാജാവിന്റെ കാലത്ത് പുതുക്കി പണിതതാണ് ഈ പാത്തിയെന്ന് ഇതിന്റെ ഇടതു, വലതു വശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അടിഭാഗത്ത് മനോഹരമായ കാലിഗ്രാഫിയുണ്ട്. മക്കയിൽ വെച്ച് ഇബ്രാഹിം അഹ്മദ് ബദ്ർ നിർമിച്ചത് എന്ന് ഇതിൽ ചെറിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമൻ തുർക്കികളുടെ കാലത്തുള്ള പഴയ പാത്തികൾ ഇസ്താംബൂളിലെ ടോപ്കാപി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിശുദ്ധ കഅ്ബാലയത്തിന്റെ അടിയിലെ അര ഭിത്തിയിൽ കിസ്‌വ ബന്ധിപ്പിച്ച വെള്ളി വളയങ്ങൾ മാറ്റി ഈ വർഷം സ്വർണ വളയങ്ങൾ സ്ഥാപിച്ചിരുന്നു. 57 സ്വർണ വളയങ്ങളാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഏതെങ്കിലും വളയം കേടാകുന്ന പക്ഷം താൽക്കാലികമായി ഉപയോഗിക്കുന്നതിന് 15 വെള്ളി വളയങ്ങൾ സ്വർണം പൂശി സൂക്ഷിച്ചിട്ടുമുണ്ട്.