റിയാദ് - ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തുന്നതിന് പരസ്പര ധാരണയിലെത്തിയ കേസിൽ അഞ്ചു പ്രശസ്ത റെസ്റ്റോറന്റുകൾക്ക് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ പിഴ ചുമത്തി. ഈ സ്ഥാപനങ്ങൾക്ക് ആകെ 82,60,000 റിയാലാണ് പിഴ ചുമത്തിയത്.
സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയ അതോറിറ്റി തീരുമാനത്തിനെതിരെ റെസ്റ്റോറന്റുകൾ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ അപ്പീലുകൾ നൽകിയെങ്കിലും അതോറിറ്റി തീരുമാനങ്ങൾ കോടതി ശരിവെക്കുകയും അപ്പീലുകൾ തള്ളുകയും ചെയ്തു.
ഏകദേശം ഒരേസമയത്ത് ഏതാനും പ്രശസ്ത റെസ്റ്റോറന്റുകൾ ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തിയത് ശ്രദ്ധയിൽ പെട്ട് അതോറിറ്റി നടത്തിയ അന്വേഷണത്തിൽ വില ഉയർത്തുന്നതിന് സ്ഥാപനങ്ങൾ പരസ്പര ധാരണയിലെത്തിയതായി കണ്ടെത്തുകയായിരുന്നു. സഹായിബ് ദീറതി റെസ്റ്റോറന്റിന് 4,80,000 റിയാലും അൽമത്ബഖ് അൽസൗദിക്ക് 4,80,000 റിയാലും അൽറുക്‌നുൽമക്കി റെസ്റ്റോറന്റിന് ഒമ്പതു ലക്ഷം റിയാലും അൽറോമാൻസിയ റെസ്റ്റോറന്റിന് 50 ലക്ഷം റിയാലും അൽനാദജ് റെസ്റ്റോറന്റിന് 14 ലക്ഷം റിയാലുമാണ് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷനു കീഴിലെ പ്രത്യേക കമ്മിറ്റി പിഴ ചുമത്തിയത്.