Sorry, you need to enable JavaScript to visit this website.

വിവാഹ പാര്‍ട്ടികളുടെ ഉറക്കം കെടുത്തി കേരളത്തില്‍ പവന് റെക്കോര്‍ഡ് വില 25680

കൊച്ചി- സംസ്ഥാനത്ത് സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. പവന് 280 രൂപ വര്‍ധിച്ച് 25,680 രൂപയായി. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3210 രൂപയിലെത്തി.
മഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാധ്യതകള്‍ മുന്നില്‍ കണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണത്തിലെ നിക്ഷേപത്തോത് ഉയര്‍ത്താന്‍ മത്സരിക്കുന്നത് ആഗോള തലത്തില്‍ മഞ്ഞലോഹത്തിന്റ്റ തിളക്കം വര്‍ധിപ്പിച്ചു.
കേരളം ചിങ്ങത്തിലെ വിവാഹ സീസണിന് ഒരുങ്ങുന്നതിനിടയിലെ ഈ ശക്തമായ വിലക്കയറ്റം വിവാഹ പാര്‍ട്ടികളുടെ ഉറക്കം കെടുത്തി. നിരക്ക് വീണ്ടും ഉയരുമെന്ന ഭീതിയില്‍ മുന്‍കൂര്‍ ബുക്കിങിന് പല വ്യാപാര ശാലകളിലും ഉപഭോക്താക്കള്‍ നീക്കം തുടങ്ങി. ഇതിനിടയില്‍ ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി ഡ്യൂട്ടിയില്‍ ഇളവുകള്‍ വരുത്തുമെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം വ്യാപാരികള്‍. നിലവില്‍ സ്വര്‍ണ ഇറക്കുമതിക്ക് ഡ്യൂട്ടി പത്ത് ശതമാനമാണ്. ഇതിന് പുറമേ മുന്ന് ശതമാനം ജി എസ് ടിയും. സ്വര്‍ണ കള്ളകടത്ത് എയര്‍ പോര്‍ട്ടുകള്‍ വഴി വ്യാപകമായ സാഹചര്യത്തില്‍ നികുതി കുറച്ച് ഇറക്കുമതി സുതാര്യമാക്കാന്‍ ജൂലൈ അഞ്ചിലെ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം പുറത്ത് വരുമെന്ന പ്രതീക്ഷിക്കുന്നവരുമുണ്ട്. മാസാരംഭത്തില്‍ 31,000 രൂപയില്‍ വ്യാപാരം നടന്ന പത്ത് ഗ്രാം തങ്കമിപ്പോള്‍ 35,000 റേഞ്ചിലാണ്. എം സി എക്‌സില്‍ സ്വര്‍ണം അവധി നിരക്ക് 34,599 രൂപയായി ഉയര്‍ന്നു.  
അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില നിത്യേനെ ഉയരുകയാണ്. ഒരു മാസത്തിനിടയില്‍ ട്രോയ് ഔണ്‍സിന് 150 ഡോളര്‍ വര്‍ധിച്ചു. ഈ വിലക്കയറ്റത്തിനിടയില്‍ സ്വര്‍ണം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ആകര്‍ഷകമായ വിലയിലെത്തി. ചെവാഴ്ച്ച യുറോപ്യന്‍ മാര്‍ക്കറ്റില്‍ ഔണ്‍സിന് 1438.98 ഡോളര്‍ വരെ കയറി. ഇറാന് നേരെയുള്ള സൈനിക നീക്കങ്ങള്‍ ഒരു വശത്ത് ചൂടുപിടിക്കുമ്പോള്‍ വിനിമയ വിപണിയില്‍ പ്രമുഖ നാണയങ്ങള്‍ക്ക് മുന്നില്‍ അമേരിക്കന്‍ ഡോളറിനും തിരിച്ചടി നേരിട്ടു. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് മൂന്ന് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ്. ജാപനീസ് നാണയമായ യെന്നിന് മുന്നില്‍ ഡോളര്‍ പതിനാറ് മാസത്തിനിടയിലെ താഴ്ന്ന റേഞ്ചിലാണ്. യുറോയുടെ വിനിമയ മൂല്യവും ഉയര്‍ന്നു.
കേന്ദ്ര ബാങ്കുളുടെ ശക്തമായ സാന്നിധ്യമാണ് ആഗോള സ്വര്‍ണ വിപണിയുടെ കുതിപ്പിന് വേഗത പകര്‍ന്നത്. പുതു വര്‍ഷാരംഭത്തില്‍ തന്നെ ഏകദേശം 50 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരത്തില്‍ ചേര്‍ത്തു. ഫെബ്രുവരിക്ക് ശേഷവും ആര്‍ ബി ഐ ഇറക്കുമതിക്ക് ഉത്സാഹിച്ചു. ചൈനയും ഇറാനും തുര്‍ക്കിയും കസാഖിസ്ഥാനുമെല്ലാം കരുതല്‍ ശേഖരം ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം റഷ്യ 274 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. യുറോപ്യന്‍ കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തിലെ കരുതല്‍ ശേഖരം ഉയര്‍ത്തുന്നു. വേള്‍ഡ് ഗോള്‍ഡ് കണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 30,000 ടണ്‍ സ്വര്‍ണം കേന്ദ്ര ബാങ്കുകളിലുണ്ട്.
 അമേരിക്ക അടുത്ത മാസം പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന സൂചനകള്‍ ഫണ്ടുകളെ നിക്ഷേപം ഡോളറില്‍നിന്ന് സ്വര്‍ണത്തിലേക്ക് തിരിക്കാന്‍ പ്രേരിപ്പിച്ചു. യു എസ് ഫെഡിന്റെ നീക്കം കണ്ട് യുറോപ്യന്‍ കേന്ദ്ര ബാങ്കും പലിശയില്‍ മാറ്റം വരുത്തുന്ന കാര്യം ചിന്തിച്ച് തുടങ്ങി. യുറോപ്യന്‍ നീക്കങ്ങള്‍ നല്‍ക്കുന്ന സൂചനകള്‍ വിലയിരുത്തിയാല്‍ ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബാങ്കിങ് നിരക്കുകളില്‍ ഭേഗതികള്‍ വരുത്താം.
അതായത് നിക്ഷേപ മേഖല വീണ്ടും മഞ്ഞലോഹത്തിലെ  വിശ്വാസം ഇരട്ടിപ്പിച്ചാല്‍ നിലവിലെ 1500 ഡോളറിലെ തടസവും മറികടന്ന് സ്വര്‍ണം കൂടുതല്‍ ശ്രദ്ധിക്കപ്പെടും. 2012 ല്‍ ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ രേഖപ്പെടുത്തിയ ട്രോയ് ഔണ്‍സിന് 1924 ഡോളറാണ് സ്വര്‍ണത്തിന്റ്റ റെക്കോര്‍ഡ് വില.

 

 

Latest News