തിരുവനന്തപുരം - അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽ ബിരുദ ദാന ചടങ്ങിൽ കോടിയുടുത്ത് വന്ന് ശ്രദ്ധേയനായ മലയാളി അഭിജിത് അശോകന് ഒന്നരക്കോടിയുടെ മൈക്രോസോഫ്റ്റ് ഉദ്യോഗം. ഈ വർഷമാണ് ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഹെൽത്ത് ഡാറ്റ സയൻസിൽ ബിരുദാനന്തര ബിരുദം അഭിജിത് കരസ്ഥമാക്കിയത്.
കമ്പ്യൂട്ടർ ഭീമനായ മൈക്രോസോഫ്റ്റിന്റേതാണ് വഴുതക്കാട് സ്വദേശിക്ക് ലഭിച്ച ഓഫർ. 1.5 കോടിയിലധികം വാർഷിക വേതനമാണ് മൈക്രോസോഫ്റ്റ് ഓഫർ ചെയ്തിരിക്കുന്നത്. ആഗോളതലത്തിൽ ഇത് ഒരു വലിയ ശമ്പളമായി കണക്കാക്കില്ലെങ്കിലും, സംസ്ഥാനത്തെ ആയിരക്കണക്കിന് ബിരുദധാരികളെ പ്രചോദിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരുമലയാളിയെ സംബന്ധിച്ചിടത്തോളം ആകർഷണീയമായ പാക്കേജാണ്.
ഗോവയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (ബിറ്റ്‌സ്-പിലാനി) നിന്ന് എം.എസ്‌സി. (ഓണേഴ്‌സ്-മാത്തമാറ്റിക്സ്), ബി.ഇ.(ഓണേഴ്‌സ്-ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനീയറിങ്) ഇരട്ടബിരുദം എന്നിവ കരസ്ഥമാക്കിയ അഭിജിത് സ്കോളർഷിപ്പോടെയാണ് ഹാർവാർഡിൽ ബിരുദാനന്തര ബിരുദ പഠനത്തിന് പോകുന്നത്. രണ്ടു ഘട്ടങ്ങളിലായി 20000 ഡോളറാണ് സ്‌കോളർഷിപ്പ് ലഭിച്ചത്.
ഹാർവാഡിലേക്കും മൈക്രോസോഫ്റ്റിലേക്കും തന്നെ എത്തിച്ച അനുഭവങ്ങൾ പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന അഭിജിത്, [email protected] ലൂടെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടി ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാറാണ്. അഭിജിത്തിന്റെ അച്ഛൻ എസ്. അശോക് കുമാർ മഞ്ചേരിയിലെ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനാണ്. സംഗീത അധ്യാപികയായ അമ്മ അർച്ചന , ദുബായ് കാരാമയിലെ ക്രിസ്റ്റൽ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നു. പഠനത്തിനൊപ്പം പാട്ടിലും നൃത്തത്തിലും എഴുത്തിലുമെല്ലാം കഴിവു തെളിയിച്ച അഭിജിത്ത് മികച്ച സാക്‌സഫോൺ വാദകനുമാണ്.