കോഴിക്കോട് - ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പുതിയ ശൂറാ കമ്മിറ്റി രൂപീകരിച്ചപ്പോൾ ഇടക്കാലത്ത് സസ്‌പെന്റ് ചെയ്ത ഖാലിദ് മൂസാ നദ്‌വിയെ ഉൾപ്പെടുത്തിയില്ല. ഇദ്ദേഹത്തെ ശൂറയിൽ തിരിച്ചെടുക്കണമെന്ന് ജമാഅത്ത് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചതായി വാർത്തയുണ്ടായിരുന്നു.
ഈ വർഷം 2019 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ കാലാവധിയുള്ള ശൂറയെ തെരഞ്ഞെടുത്തതായാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ നിന്നാണ് ഇടക്കാലത്ത് സസ്‌പെന്റ് ചെയ്ത ഖാലിദ് മൂസാ നദ്‌വിയെ പൂർണമായും ഒഴിവാക്കിയിരിക്കുന്നത്.
അഴിമതി സംബന്ധമായ വിഷയത്തിൽ പ്രതികരിച്ച ഒരാളെ ശൂറയിൽനിന്ന് പുറത്താക്കുന്നത് സംഘടനക്ക് സമൂഹത്തിൽ ചീത്തപ്പേരുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് അഖിലേന്ത്യാ നേതൃത്വം നദ്‌വിയെ ശൂറയിൽ തന്നെ തിരിച്ചെടുക്കണമെന്ന് നിർദ്ദേശം നൽകിയത്.
മാധ്യമം ദിനപത്രത്തിനായി ജമാഅത്തെ ഇസ്‌ലാമി ശേഖരിക്കുന്ന ഫണ്ട് പിരിവ് തൽക്കാലം നിർത്തിവെക്കണമെന്നും പത്രത്തിൽ കെടുകാര്യസ്ഥതയും ധൂർത്തുമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് നദ്‌വി ജമാഅത്ത് കേരള നേതൃത്വത്തോട് ഇടഞ്ഞത്. കേരള നേതൃത്വം മാധ്യമത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുവാൻ നിയോഗിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് ഇദ്ദേഹം ജമാഅത്തിന്റെ വിദേശങ്ങളിലെ പോഷകസംഘടനാ ഭാരവാഹികൾക്ക് ചോർത്തിക്കൊടുത്തു എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനെതുടർന്നാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് മൂസാ നദ്‌വിയെ ജമാഅത്ത് കേരള ശൂറയിൽനിന്ന് നേതൃത്വം സസ്‌പെന്റ് ചെയ്തത്. ഈ വിഷയം സംസ്ഥാനത്തൊട്ടാകെ ജമാഅത്ത് കേന്ദ്രങ്ങളിൽ സജീവ ചർച്ചാവിഷയമായി നിൽക്കവെയാണ് മൂസാ നദ്‌വിയെ പുതിയ ശൂറയിൽനിന്ന് മാറ്റിനിർത്തിയത്.
എന്നാൽ അനുരഞ്ജന ചർച്ചകൾ നടക്കുന്നുണ്ടെന്നും വരുംദിവസങ്ങളിൽ പ്രശ്‌നം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ജമാഅത്ത് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചിലർ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശാനുസരണം ഖാലിദ് മൂസാ നദ്‌വിയെ തിരിച്ചെടുത്ത് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പക്ഷെ ഇദ്ദേഹത്തെ ജമാഅത്തെ ഇസ്‌ലാമിയിൽ തിരിച്ചെടുക്കാമെന്നും ശൂറയിൽ ഉൾപ്പെടുത്തില്ല എന്നുമാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്.
മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കളും നാല് വനിതകളും ശൂറാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പി. മുജീബ്‌റഹ്മാൻ,ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി.അബ്ദുല്ലക്കോയതങ്ങൾ, എം.കെ. മുഹമ്മദലി, കൂട്ടിൽ മുഹമ്മദലി, കെ.എ. യൂസുഫ് ഉമരി, ഡോ. എം. അബ്ദുസ്സലാം അഹ്മദ്, ടി.മുഹമ്മദ് വേളം, ശിഹാബ് പൂക്കോട്ടൂർ, എം.അബ്ദുൽഹമീദ് വാണിയമ്പലം, ടി.കെ.അബ്ദുല്ല, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, പി.വി. റഹ്മാബി ടീച്ചർ, വി.കെ.അലി, കെ.കെ. അബ്ദുൽ ഹകീം നദ്‌വി, കെ.കെ. മമ്മുണ്ണി മൗലവി, കെ.കെ. ഫാത്തിമ സുഹ്‌റ, സി. ദാവൂദ്, ടി.കെ. ഫാറൂഖ്, ആർ.യൂസുഫ്, എച്ച്.ഷഹീർ മൗലവി, പി. റുക്‌സാന, എ. റഹ്മത്തുന്നിസ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.